Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധീരനെ കുരുക്കാൻ അണിയറയിൽ കുരുക്കുണ്ടാക്കി എതിർപക്ഷം; ബാറുടമകളിൽ നിന്നും വ്യാപകമായി പിരിവെടുത്തു പേരുദോഷം കേൾപ്പിച്ചു വിജിലൻസ് കേസാക്കാൻ അണിയറയിൽ നീക്കം സജീവം

സുധീരനെ കുരുക്കാൻ അണിയറയിൽ കുരുക്കുണ്ടാക്കി എതിർപക്ഷം; ബാറുടമകളിൽ നിന്നും വ്യാപകമായി പിരിവെടുത്തു പേരുദോഷം കേൾപ്പിച്ചു വിജിലൻസ് കേസാക്കാൻ അണിയറയിൽ നീക്കം സജീവം

കെപിസിസി പ്രസിഡന്റ് വി എം സുധീരനെ കോൺഗ്രസിലെ ഇരുവിഭാഗക്കാർക്കും വലിയ പിടിത്തമില്ല എന്നതു പരസ്യമായ രഹസ്യമാണ്. സുധീരനെ പൂട്ടാൻ പലവഴികളും ആലോചിക്കുകയാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾ. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനപക്ഷയാത്രയുടെ ചെലവിനായി ബാറുടമകളിൽ നിന്നു വ്യാപകമായി പിരിവെടുത്തു വിജിലൻസ് കേസിൽവരെയെത്തിച്ചു സുധീരനെ പൂട്ടാനാണ് ഇപ്പോൾ നടക്കുന്ന അണിയറനീക്കം.

ബാർ ഉടമകളിൽ നിന്നു വ്യാപകമായി പണം പിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും അറിവോടെയാണെന്നാണ് സൂചന. അതേസമയം ബാർഉടമകളിൽ നിന്നും പണം പിരിക്കരുതെന്ന് സുധീരൻ വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, എറണാകുളം ജില്ലയിലെ ഒരു യുവഎംഎൽഎ മൂവാറ്റുപുഴയിലെ ബാർ ഉടമകളിൽ നിന്നും ഒരു ലക്ഷം രൂപയാണ് സംഭാവന വാങ്ങിയതായി റിപ്പോർട്ടുണ്ട്. ബാറുടമ രസീത് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. മൂവാറ്റുപുഴയിൽ മൂന്ന് ബാറുകളിൽ നിന്നാണ് പണം പിരിച്ചത്. ബാർ ഉടമകളിൽ നിന്നും പണം പിരിക്കരുതെന്ന് ജോസഫ് വാഴയ്ക്കൻ എംഎൽഎ നിയോജകമണ്ഡലത്തിലെ കോൺഗ്രസുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതും ഫലിച്ചില്ല.

എതിരാളികൾ നടത്തുന്ന നീക്കങ്ങൾ കൃത്യമായി നടപ്പായാൽ ജനപക്ഷയാത്ര തിരുവനന്തപുരത്തെത്തുന്നതോടെ വി എം സുധീരനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർക്കാർ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങൾ ജനപക്ഷയാത്രയ്ക്ക് കോഴ നൽകിയതെന്ന് പറഞ്ഞാൽ അത് അഴിമതിയാകും.

മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തനിക്കെതിരായി കരുക്കൾ നീക്കുന്നുണ്ടെന്ന് സുധീരന് അറിയാമെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് അദ്ദേഹം. പണപ്പിരിവ് വേണ്ടെന്ന് പറഞ്ഞാൽ ജനപക്ഷയാത്ര പ്രതിസന്ധിയിലാകും. നീക്കങ്ങൾക്കു പിന്നിൽ ബാർ ഉടമകൾ ഉണ്ടോ എന്നും സുധീരന് സംശയമുണ്ട്. ബാർ ഉടമകളിൽ നിന്നും ജനപക്ഷയാത്രയുടെ പേരിൽ രസീത് വാങ്ങി ലോകായുക്തയെ സമീപിക്കാനും ചിലർ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ലോകായുക്തയിലും വിജിലൻസ് കോടതികളിലും സ്ഥിരമായി പരാതി നൽകുന്നവരെ വിലയ്‌ക്കെടുക്കാനുള്ള നീക്കങ്ങളും ശക്തമാണ്. ലോകായുക്തയും വിജിലൻസ് കോടതികളും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നതുറപ്പാണ്.

അതിനിടെ, ജനപക്ഷയാത്രയുടെ പേരിൽ വ്യാജകൂപ്പൺ നിർമ്മിച്ച് ലക്ഷങ്ങൾ പിരിച്ചെന്നുകാട്ടി മഹിളാ കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടുണ്ട്. ജനപക്ഷയാത്രയുടെ പേരിൽ കോൺഗ്രസ് നേതാക്കൾ വ്യാജകൂപ്പണുകളുപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിനു രൂപ പിരിച്ചതായി മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ഡിസിസി അംഗവുമായ ലില്ലി രാജുവാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 1000 രൂപയുടെ വ്യാജ കൂപ്പണുകൾ ഉപയോഗിച്ച് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ടോമി വർഗീസിന്റെ നേതൃത്വത്തിലാണ് പിരിവു നടന്നതെന്നും ലില്ലി രാജു പറഞ്ഞു. വ്യാജ കൂപ്പണുകൾ സഹിതം 21ന് വി എം സുധീരനെ കണ്ട് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അങ്കമാലി നഗരസഭ മുൻ ചെയർപേഴ്‌സണും നിലവിൽ കൗൺസിലറുമായ ലില്ലി രാജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP