Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബുവിനെ വെട്ടിലാക്കാൻ മാണി വരില്ല; മുഖ്യമന്ത്രിയുടെ നീക്കം ഫലിച്ചു; ചെന്നിത്തലയുടെ ഇരട്ട മുഖം തുറന്നുകാട്ടാൻ ആന്റണിയുടെ സഹായം തേടി ഉമ്മൻ ചാണ്ടി

ബാബുവിനെ വെട്ടിലാക്കാൻ മാണി വരില്ല; മുഖ്യമന്ത്രിയുടെ നീക്കം ഫലിച്ചു; ചെന്നിത്തലയുടെ ഇരട്ട മുഖം തുറന്നുകാട്ടാൻ ആന്റണിയുടെ സഹായം തേടി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെ പ്രതിചേർക്കണമെന്ന ആവശ്യം പരസ്യമായി കേരളാ കോൺഗ്രസ് ഉന്നയിക്കില്ല. പ്രതിചേർക്കപ്പെട്ട് ബാബു രാജിവച്ചാൽ മാണിയും ധനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ബാബുവിനേയും ആഭ്യന്തര വകുപ്പിനേയും സമ്മർദ്ദത്തിലാക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കളോട് കേരളാ കോൺഗ്രസ് ചെയർമാൻ കെഎം മാണി തന്നെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്. കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ ഭരണ അട്ടിമറി നീക്കങ്ങൾക്ക് കേരളാ കോൺഗ്രസ് കരുത്ത് പകരരുതെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.

ഐ ഗ്രൂപ്പും പിസി ജോർജും സംയുക്തമായാണ് ബാർ കോഴ ആരോപണത്തിൽ കരുക്കൾ നീക്കിയത്. ധനമന്ത്രി മാണിയിലൂടെ കെ ബാബുവിലെത്താനായിരുന്നു നീക്കം. അതിന്റെ ഭാഗമായിരുന്നു ബിജു രമേശിന്റെ കോടതിയിലെ രഹസ്യമൊഴി. ബാബുവിന്റെ രാജിയും മന്ത്രിസഭയുടെ പതനവുമാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. മാണിക്കെതിരെ ആരോപണം ഉയർന്നപ്പോൾ എല്ലാ പിന്തുണയും മുഖ്യമന്ത്രി നൽകിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പവഗണിച്ചും ബജറ്റ് അവതരണത്തിന് സാഹചര്യമൊരുക്കി. ഇതെല്ലാം കണക്കിലെടുത്ത് മന്ത്രി ബാബുവിനെതിരായ ഐ ഗ്രൂപ്പിന്റെ നീക്കത്തിന് കരുത്ത് പകരുന്നതൊന്നും പാടില്ലെന്നാണ് ആവശ്യം. കേരളാ കോൺഗ്രസിലെ ചിലർ മാണിക്കെതിരെ ഇപ്പോഴും ഉണ്ട്. അതിന്റെ ഭാഗം കൂടിയാണ് പുതിയ സംഭവ വികാസങ്ങളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇത് മുഖവിലയ്‌ക്കെടുക്കാനാണ് മാണിയുടെ തീരുമാനം. മന്ത്രി ബാബുവിനെ പരസ്യമായി വിമർശിക്കില്ല. പിജെ ജോസഫിന്റെ അനുയായികളാണ് മാണിയെ പ്രതിചേർത്ത മാതൃകയിൽ ബാബുവിനേയും കേസിൽപെടുത്തണമെന്ന് ആവശ്യപ്പെട്ടത്. കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റണീ രാജു ഈ വാദത്തിന് നേതൃത്വം നൽകി. ഇതോടെ കേസ് എടുത്താൽ സാങ്കേതികത്വം പറഞ്ഞ് മന്ത്രിയായി തുടരില്ലെന്ന് ബാബു തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായത് മാണി ഗ്രൂപ്പാണ്. ബാബു രാജിവച്ചാൽ മാണിയുടെ ധാർമികത ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യത്തിൽ അത് രാഷ്ട്രീയ തരിച്ചടിയുമാകും. മാണിയെ വെട്ടിലാക്കാൻ കേരളാ കോൺഗ്രസിലെ മറുവിഭാഗം നടത്തിയ നീക്കമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.

ഏതായാലും ബാബുവിനെതിരെ കേസ് എടുക്കുന്നത് കോൺഗ്രസിലെ എ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരേയും ബിജു രമേശ് ചാനൽ ചർച്ചകളിൽ ആരോപണം ഉന്നയിച്ചു. എന്തുകൊണ്ട് അത് രഹസ്യമൊഴിയിൽ വന്നില്ല. ബാബു രാജിവച്ചാൽ ചെന്നിത്തലയും ഒഴിയണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം ഗൂഡാലോചനയ്ക്ക് പിന്നിൽ ചെന്നിത്തലയാണെന്ന് കരുതേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. സർക്കാരിനെ അട്ടമിറിച്ച മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാണ്ടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് നീക്കം.

അതിനിടെ സംസ്ഥാന ഭരണത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം തന്റെ അറിവിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് മുന്നിൽ വന്നിട്ടില്ലെന്ന് എ.കെ. ആന്റണി വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയോ കലാപമോ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് വളരെ ഭദ്രമാണ്. ആഭ്യന്തരകലാപം ഉണ്ടാവില്ല. പ്രശ്‌നങ്ങൾക്ക് പാർട്ടിക്കുള്ളിൽത്തന്നെ പരിഹാരം ഉണ്ടാകും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംവിധാനവും നേതാക്കളും ഇവിടത്തെന്നെയുണ്ട്. ഇക്കൊല്ലംതന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നും വ്യക്തമാക്കി. ബാർ കോഴക്കേസിൽ മൊഴികളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരെ രാജിവയ്‌പ്പിക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആന്റണിയെ അറിയിച്ചിരുന്നു.

ബാർക്കോഴ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ്. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ പേരിൽ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് തടയിടണമെന്നും ആന്റണിയോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാണ്ടിനെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. കെപിസിസി അധ്യക്ഷൻ സുധീരൻ ഭരണത്തിന് എല്ലാ പിന്തുണയും നൽുകന്നു. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തല നടത്തുന്ന അട്ടിമറി നീക്കങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ആന്റണി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.യുവിനെ മുന്നണിയിൽ നിലനിർത്താൻ കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെപിന്തുണയും ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.
അടുത്തതവണ ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാസീറ്റ് ജെ.ഡി(യു)വിന് നൽകാമെന്ന് വാഗ്ദാനം കൊടുത്തിട്ടുണ്ട്. അതിന് അനുമതി നൽകണം. അവർ ഉന്നയിക്കുന്ന മറ്റു പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനും സഹായം വേണം.

അതിനിടെ ആരോപണവിധേയരായായ മന്ത്രിമാരിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നും യു.ഡി.എഫിൽ നേതൃമാറ്റമില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നേതൃമാറ്റത്തെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കോട്ടയത്തു മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ബാർ കോഴ വിഷയത്തിൽ മന്ത്രി കെ. ബാബു രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ തെളിവിന്റെ അംശമുണ്ടോയെന്നു പരിശോധിക്കണം. മന്ത്രിമാരായ കെ. ബാബുവും വി എസ്. ശിവകുമാറും രമേശ് ചെന്നിത്തലയും ഉൾപ്പെടെ പൊതുരംഗത്തുനിൽക്കുന്നവരുടെ കാര്യക്ഷമതയും സത്യസന്ധതയും എല്ലാവർക്കും ബോധ്യമാണ്. അതുകൊണ്ടുതന്നെ മന്ത്രിമാർ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP