Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ കോൺഗ്രസ് (ബി) യുഡിഎഫിൽ തുടരും, യോഗങ്ങളിൽ പങ്കെടുക്കില്ല; താനുണ്ടാക്കിയ തറവാട്ടിൽ നിന്നും തന്നെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയും കൂട്ടരും ശ്രമിച്ചുവെന്ന് ബാലകൃഷ്ണ പിള്ള; തെറ്റുതിരുത്തൽ നിർദ്ദേശം തള്ളി

കേരളാ കോൺഗ്രസ് (ബി) യുഡിഎഫിൽ തുടരും, യോഗങ്ങളിൽ പങ്കെടുക്കില്ല; താനുണ്ടാക്കിയ തറവാട്ടിൽ നിന്നും തന്നെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയും കൂട്ടരും ശ്രമിച്ചുവെന്ന് ബാലകൃഷ്ണ പിള്ള; തെറ്റുതിരുത്തൽ നിർദ്ദേശം തള്ളി

തിരുവനന്തപുരം: തെറ്റുതിരുത്തണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ് കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണ പിള്ള രംഗത്തെത്തി. ഇനി ഒരു യുഡിഎഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും കേരളാ കോൺഗ്രസ്(ബി) നേതാവ് പറഞ്ഞു. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെറ്റുതിരുത്തണമെന്നും പിള്ള ആവശ്യപ്പെട്ടു. താനുണ്ടാക്കിയ തറവാട്ടിൽ നിന്നും തന്നെ പുറത്താക്കാനാണ് ശ്രമിച്ചത്. യുഡിഎഫ് യോഗത്തിൽ ക്ഷണിക്കാതിരുന്നത് ഏറ്റവും വലിയ തെറ്റാണ്. യുഡിഎഫ് മുന്നണിയിൽ ഉമ്മൻ ചാണ്ടിയേക്കാളും സീനിയർ താനാണ്. ചാവേറായ പി പി തങ്കച്ചനെ കൊണ്ട് തനിക്കെതിരെ പറയിപ്പിച്ചത് മറ്റൊരു തെറ്റാണെന്നും പിള്ള പറഞ്ഞു.

ഒരുമന്ത്രി കോഴ വാങ്ങിയ കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രണ്ട് തവണ രേഖാമൂലം അറിയിച്ചിരുന്നു, എന്നാൽ മുഖ്യമന്ത്രി ഇതിനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിൽ ആ മന്ത്രി ഇപ്പോൾ അകത്തായേനെ എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ബിജു രമേശിനോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നത് തന്റെ മാന്യത കൊണ്ടാണ്. അഴിമതിയെ കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാണ് അന്ന് ഞാൻ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുതിരുത്തണമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. എന്നാൽ തെറ്റുതിരുത്താൻ താൻ തെറ്റന്നും ചെയ്തിട്ടില്ല. മാണി കോഴ വാങ്ങിയതെന്ന് പറഞ്ഞത് തെറ്റാണോയെന്നും പിള്ള ചോദിച്ചു. തെറ്റു തിരുത്തേണ്ടത് യുഡിഎഫ് ആണ്. കഴിഞ്ഞ നാലുകൊല്ലമായി കേരളാ കോൺഗ്രസ് (ബി)യോടുള്ള നൂറുകണക്കിന് തെറ്റുകൾ തിരുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്റെ പാർട്ടിക്കു നൽകിയ വാഗ്ദാനം പാലിച്ചില്ല. യുഡിഎഫിൽ നിന്ന് പുറത്താക്കുന്നെങ്കിൽ ആക്കട്ടെ, തനിക്കു പരാതിയില്ലെന്നും പിള്ള കൂട്ടിച്ചേർത്തു.

ബിജു രമേശ് പറഞ്ഞതിലും വലിയ ആരോപണങ്ങൾ മുഖ്യമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. അഴിമതിക്കാരനായ മന്ത്രിക്കെതിരെ രണ്ട് വർഷം മുൻപ് രണ്ടുവട്ടം മുഖ്യമന്ത്രിക്കു പരാതി എഴുതി കൊടുത്തിട്ടുണ്ട്. എന്നാൽ നടപടിയുണ്ടായില്ല. അന്വേഷണം നടത്തിയാൽ മന്ത്രി അകത്തുപോകുമായിരുന്നു. പണം വാങ്ങിയതിനു തെളിവുണ്ട്. എന്നാൽ ധനമന്ത്രി കെ.എം. മാണിയാണ് വാങ്ങിയതെന്ന് താൻ പറഞ്ഞില്ല. മാണി രാജിവയ്ക്കണമെന്നും താൻ ആവശ്യപ്പെട്ടില്ല. പണം വാങ്ങിയത് ആരാണെന്നു കണ്ടെത്തണം. പണം പിരിച്ചുവെന്നും കൊടുത്തുവെന്നും തെളിവുണ്ട്. ബാർ കോഴക്കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. പണം വാങ്ങിയത് ഒരാൾ മാത്രമാണെന്നു വിശ്വസിക്കുന്നില്ല. പല മാന്യന്മാരും പണം വാങ്ങിയിട്ടുണ്ട്. തെറ്റു ചെയ്തവർ തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെടുന്നു. മന്ത്രിമാർ കൈക്കൂലി വാങ്ങിയെന്നു പറയുന്നത് തെറ്റാണോ? തങ്കച്ചൻ അഴിമതിക്കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള കൂട്ടിച്ചേർത്തു.

താൻ അന്നും ഇന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ വരുമ്പോൾ അന്വേഷിക്കണമെന്ന നിലപാടിലാണ്. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ കൂട്ടുനിന്നത് തെറ്റായി പോയി. വാളകം കേസിൽ തന്നെ കുടുക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. സംസ്ഥാന പൊലീസ് അന്വേഷിച്ച് അപകടമെന്നു കണ്ടെത്തിയ കേസ് നാല് കൊല്ലം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കൂട്ടുനിന്നത് ഉമ്മൻ ചാണ്ടിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെറ്റുകളുടെ കൂമ്പാരമാണ്. ഇനി മന്ത്രിസ്ഥാനം തന്നാലും പാർട്ടിക്കു വേണ്ടെന്നും പിള്ള പറഞ്ഞു. ഞാൻ അഴിമതിയൊന്നും കാട്ടിയിട്ടില്ല. ഇപ്പോഴും കാലത്ത് കാറിന് ഡീസലടിക്കാൻ പണം വായ്പ വാങ്ങേണ്ട അവസ്ഥയിലാണ്. ജയിലിൽ എനിക്ക് സഹായം ചെയ്തുതന്നന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണെന്നും പിള്ള പറഞ്ഞു.

ആർ.ബാലകൃഷ്ണപിള്ള തെറ്റുതിരുത്തണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടിരുന്നു. മുന്നണിയുടെ വികാരം ഉൾക്കൊണ്ടാൽ പിള്ളയ്ക്ക് തുടരാമെന്ന് യുഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജു രമേശുമായുള്ള പി.സി.ജോർജിന്റെ സംഭാഷണം ഒഴിവാക്കാമായിരുന്നെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

യുഡിഎഫിൽ ബാലകൃഷ്ണ പിള്ളക്കെതിരെ നടപടിയോ ഔദ്യോഗികമായ താക്കീതോ ഉണ്ടായില്ലെങ്കിലും താക്കീതിന്റെ സ്വരമാണ് മുന്നിട്ട് നിന്നത്.മുഖ്യമന്ത്രിയാണ് ഈ അഭിപ്രായം ആദ്യം പ്രകടിപ്പിച്ചത്. ഇത്ര തീവ്രനിലപാടുകളും പൊതുവിവാദങ്ങളും അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് ലീഗ് നേതാക്കൾ യോജിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP