Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകനെ മന്ത്രിയാക്കാൻ പിള്ള രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലെന്ന് റിപ്പോർട്ട്; കേരളാ കോൺഗ്രസിനെ വിലയ്‌ക്കെടുക്കാൻ 25 കോടിയുടെ കരാറെന്ന് വാർത്ത; ആരോപണം മാസിക ശൈലിയിലെ രാഷ്ട്രീയക്കഥയെന്ന് മറുനാടനോട് സ്‌കറിയാ തോമസ്; നിലപാട് കടുപ്പിച്ച് സിപിഎമ്മും

മകനെ മന്ത്രിയാക്കാൻ പിള്ള രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലെന്ന് റിപ്പോർട്ട്; കേരളാ കോൺഗ്രസിനെ വിലയ്‌ക്കെടുക്കാൻ 25 കോടിയുടെ കരാറെന്ന് വാർത്ത; ആരോപണം മാസിക ശൈലിയിലെ രാഷ്ട്രീയക്കഥയെന്ന് മറുനാടനോട് സ്‌കറിയാ തോമസ്; നിലപാട് കടുപ്പിച്ച് സിപിഎമ്മും

അരുൺ ജയകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അരുതെന്ന് പറഞ്ഞിട്ടും ആർ ബാലകൃഷ്ണ പിള്ള രണ്ടും കൽപ്പിച്ചാണ്. എങ്ങനേയും മകനെ മന്ത്രിയാക്കാൻ സ്‌കറിയാ തോമസിന്റെ കേരളാ കോൺഗ്രസിനെ വിലയ്ക്ക് വാങ്ങാൻ പിള്ള ശ്രമിക്കുന്നതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരുതരത്തിലും ഇതിന് പച്ചക്കൊടി കാണിക്കില്ലെന്നാണ് സിപിഐ(എം) നൽകുന്ന സൂചന. കള്ളക്കളിയിലൂടെ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ പിള്ള ശ്രമിച്ചാൽ കേരളാ കോൺഗ്രസിനേയും ഇടതു മുന്നണിക്ക് പുറത്താക്കാനാണ് സിപിഐ(എം) തീരുമാനം. അതിനിടെ മംഗളത്തിലെ ആരോപണങ്ങൾ സ്‌കറിയാ തോമസ് മറുനാടനോട് നിഷേധിച്ചു.

സ്‌കറിയാ തോമസും പിള്ളയും തമ്മിലെ കച്ചവടക്കഥ മംഗളം വാർത്തയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐ(എം) തീരുമാനം. എന്തുവന്നാലും ഇത്തരം കളികൾ അനുവദിക്കില്ലെന്ന് ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും നിലപാട് എടുത്തിട്ടുണ്ട്. ഇക്കുറി ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് പത്തനാപുരത്ത് നിന്ന് ഗണേശ്‌കുമാർ വിജയിച്ചത്. അദ്ദേഹം വിജയിക്കുകയും ഇടതുമുന്നണി അധികാരത്തിൽ വരികയും ചെയ്‌തെങ്കിലും മന്ത്രിസ്ഥാനത്തിന് പരിഗണിച്ചില്ല. ഇടതുമുന്നണിയിൽ അംഗമായിട്ടുള്ളവരെ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളുവെന്നായിരുന്നു അവരുടെ തീരുമാനം. ആർ ബാലകൃഷ്ണപിള്ളയുടെ പാർട്ടിക്ക് ഇടതുമുന്നണി ഇതുവരെ അംഗത്വം നൽകിയിട്ടില്ല. മുന്നണിയുടെ സഹയാത്രികർ മാത്രമാണ്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം പിള്ളയുടെ പാർട്ടിക്ക് ലഭിച്ചുമില്ല. ഈ സാഹചര്യത്തിൽ ഗണേശിനെ മന്ത്രിയാക്കാനാണ് പിള്ളയുടെ പാർട്ടി വാങ്ങൽ ശ്രമമെന്നാണ് വാർത്ത

മംഗളത്തിലെ വാർത്ത തീർത്തും അസംബന്ധമെന്നാണ് സ്‌കറിയാ തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. മംഗളമെന്നത് ഒരു മാസികയാണ്. അതിൽ കഥയെഴുത്തായിരുന്നു ശൈലി. മാസികയിൽ നിന്ന് പത്രമായപ്പോഴും ആ ശീലം മാറിയിട്ടില്ല. വെറും രാഷ്ട്രീയ കഥകൾ മാത്രമാണ് മെനഞ്ഞിരിക്കുന്നത്. മകന് മന്ത്രിസ്ഥാനത്തിനായി ബാലകൃഷ്ണ പിള്ള പാർട്ടി വിലയക്ക് വാങ്ങിയെന്ന ആരോപണം തള്ളിക്കളയുന്നു. അടുത്ത മുന്നണിയോഗത്തിന് ശേഷം പാർട്ടി യോഗം ചേരും. ഭാവി പരിപാടികൾ ആ യോഗത്തിൽ തീരുമാനിക്കും. അത് പാർട്ടിയിലെ കൂട്ടായ തീരുമാനമാകും. ലയനമെന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ലെന്നും സ്‌കറിയാ തോമസ് പറയുന്നു.

മംഗളം വാർത്ത ഇങ്ങനെ-ഈ പ്രശ്‌നം മറികടക്കാനാണ് സ്‌കറിയാതോമസിന്റെ കീഴിലുള്ള കേരള കോൺഗ്രസ് പാർട്ടി വിലയ്‌ക്കെടുക്കാൻ തീരുമാനിച്ചത്. സ്‌കറിയാതോമസിന്റെ പാർട്ടി ഇപ്പോൾ ഇടതുമുന്നണിയിൽ അംഗമാണ്. ആ സാഹചര്യത്തിൽ പിള്ളയുടെയും സ്‌കറിയാതോമസിന്റെയും പാർട്ടികൾ ഒന്നായാൽ അതിലൂടെ ഗണേശ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് എത്തിക്കാം. ഇതാണ് നീക്കം. പാർട്ടി പൂർണ്ണമായി വിട്ടുനൽകാനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. അത് 25 കോടിയിൽ വരെ എത്തിയിട്ടുണ്ടെന്നും വിശ്വസ്തകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ തുകയ്ക്ക് പാർട്ടിയുടെ വിൽപ്പനയ്ക്ക് ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ ഒരുറപ്പുകൂടി ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ കരാറുകൾ പൂർത്തിയായി രണ്ടുപാർട്ടികളും ഒന്നിക്കുമെന്നും മംഗളം പറയുന്നു.

പാർട്ടിവിൽക്കുന്നെങ്കിലും പുതിയ പ്രസ്ഥാനത്തിൽ നിന്നും സ്‌കറിയാതോമസിനെ പൂർണ്ണമായും ഒഴിവാക്കില്ല. രണ്ടും കൂടി ലയിച്ചുവരുന്ന പാർട്ടിയുടെ ചെയർമാൻ ബാലകൃഷ്ണപിള്ള തന്നെയായിരിക്കും. വർക്കിങ് ചെയർമാൻ സ്ഥാനം സ്‌കറിയാതോമസിന് നൽകും. ബാക്കി സ്ഥാനങ്ങളിലെല്ലാം പിള്ളയുടെ ഉപഗ്രഹങ്ങളെ തന്നെ വയ്ക്കുമെന്നാണ് ധാരണ. ഇത് ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. ഗണേശ്‌കുമാറിൽ പിള്ളയ്ക്ക് അത്ര വിശ്വാസ്യമില്ലെങ്കിലും പാർട്ടിക്ക് മന്ത്രിവേണമെന്നതിൽ നിർബന്ധമുണ്ട്. അതിനാണ് ഈ നീക്കം. ഇതിന് നേരത്തെ ഇടതുമുന്നണിയിലുള്ള കേരള കോൺഗ്രസുകളെ മുഴുവൻ ഒന്നിപ്പിക്കാൻ പിള്ള നീക്കം നടത്തിയിരുന്നു. എന്നാൽ അത് സിപിഐ(എം). തടഞ്ഞു. അതേത്തുടർന്നാണ് ഇപ്പോൾ ഈ നീക്കമെന്നും മംഗളം വിശദീകരിക്കുന്നത്.

അതേസമയം മംഗളം വാർത്തയെ തള്ളുന്ന സ്‌കറിയ തോമസ് ഇടതു മുന്നണിക്കൊപ്പം ഉറച്ചു നിന്നു തന്നെ സ്വന്തം പാർട്ടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. പാർട്ടി വിൽക്കുക എന്ന പ്രയോഗം പോലും തെറ്റാണ്. അങ്ങനെയൊന്നിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും സ്‌കറിയ തോമസ് മറുനാടനോട് വ്യക്തമാക്കി. പിന്നെയെങ്ങനെയാണ് സിപിഎമ്മും സിപിഐയും ഇല്ലാത്ത കച്ചവടത്തെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP