Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാർ കോഴ കേസിലെ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് ഡയറിയും ദ്രുതപരിശോധനാ റിപ്പോർട്ടും ഹാജരാക്കണം; കുറ്റപത്രം തയ്യാറാക്കാൻ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ വൈമനസ്യം പ്രകടിപ്പിച്ച് കോടതി; കെ എം മാണിക്ക് വീണ്ടും തലവേദന

ബാർ കോഴ കേസിലെ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് ഡയറിയും ദ്രുതപരിശോധനാ റിപ്പോർട്ടും ഹാജരാക്കണം; കുറ്റപത്രം തയ്യാറാക്കാൻ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ വൈമനസ്യം പ്രകടിപ്പിച്ച് കോടതി; കെ എം മാണിക്ക് വീണ്ടും തലവേദന

തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് തിരിച്ചടിയായി വിജിലൻസ് കോടതിയുടെ നീക്കം. കോഴക്കേസിൽ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി മുഴുവൻ രേഖകളും ഹാജരാക്കൻ നിർദ്ദേശിച്ചു. ദ്രുതപരിശോധനാ റിപ്പോർട്ടും കേസ് ഡയറിയും അടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് ഡയറക്ടറുടെ നോട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം 7ന് വീണ്ടും പരിഗണിക്കും. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു.

മാണിക്കെതിരെ തെളിവില്ലെന്നും കുറ്റപത്രം നൽകേണ്ട സാഹചര്യം ഇല്ലെന്നുമുള്ള വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചിരുന്നെങ്കിൽ അത് കെ എം മാണിക്ക് നേട്ടമാകുമായിരുന്നു. എന്നാൽ, ഒറ്റയടിക്ക് ഈ ആവശ്യം പരിഗണിക്കാതെ റിപ്പോർട്ട് തേടിയത് കേരളാ കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. വിജിലൻസ് റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ കോടതിക്കുള്ള വൈമനസ്യമായാണ് ഇന്നത്തെ നിർദ്ദേശത്തെ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയാൽ കെ എം മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകും.

വി എസ് അച്യുതാനന്ദൻ തന്നെ കൂടി കക്ഷിചേർക്കണം എന്നാവശ്യപ്പെട്ട ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. വിഎസിന്റെ ഇടപെടലിനെയും മാണിയും കൂട്ടരും ആശങ്കയോടെയാണ് കാണുന്നത്. വി എസ് ബാർകോഴ കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ മാണിക്ക് അത് തിരിച്ചടിയാകും. കുറ്റപത്രവും സമർപ്പിക്കേണ്ടി വരും. ഇതോടെ രാജിയല്ലാതെ മറ്റ് പോംവഴികൾ മാണിക്ക് മുന്നിൽ ഉണ്ടാകില്ല. അതിലേറെ കോടതിയിൽ നിന്നുള്ള രേഖകൾ കക്ഷി ചേർന്നാൽ വിഎസിന് ലഭിക്കും എന്നതാണ് കെ എം മാണിക്ക് കൂടുതൽ തലവേദന തീർക്കുക.

തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ കേസ് അവസാനിപ്പിക്കാവൂ എന്നാണ് വി.എസിന്റെ വാദം. വി എസ് കക്ഷി ചേരുന്ന കാര്യം ഇന്നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിനുശേഷമേ ഉണ്ടാകുകയുള്ളൂ. പൂട്ടിയ ബാറുകളുടെ ലൈസൻസ് പുതുക്കിനൽകുന്നതിന് മന്ത്രി കെ.എം.മാണി പ്രത്യേക താല്പര്യമെടുത്തില്ലെന്നും അദ്ദേഹത്തിന് കോഴ നൽകിയതിന് തെളിവില്ലെന്നും ബാർ കോഴ േകസ് അന്വേഷിച്ച വിജിലൻസ് സംഘത്തിന്റെ റിപ്പോർട്ട്. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാഫലം പൂർണമായി വിശ്വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കെ.എം.മാണിയുടെ പാലായിലെ വീട്ടിൽ ബാറുടമകൾ 15 ലക്ഷം രൂപയുമായി പോയിരുന്നെങ്കിലും പണം മാണിക്ക് നൽകിയില്ല. ഈ പണം ബാർ ഓണേഴ്‌സ് അസോസിയേഷന്റെ ഓഫീസിൽ ലീഗൽ എയ്ഡ് ഫണ്ടായി വരവുെവച്ചതായും 54 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. 337 സാക്ഷികളുടെയും തെളിവുകളുടെയും പട്ടിക അന്തിമ റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. മാണിക്കെതിരെ മതിയായ തെളിവില്ലാത്തതിനാൽ കുറ്റപത്രം നൽകാൻ കഴിയില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി എസ്‌പി. ആർ.സുകേശൻ വിജിലൻസ് കോടതിയിൽ ചൊവ്വാഴ്ചയാണ് അന്തിമ റിപ്പോർട്ട് നൽകിയത്.

കോഴയാരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഉടമ ബിജു രമേശ് അടക്കം 337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആരും മാണി കോഴ ആവശ്യപ്പെട്ടെന്നോ മാണിക്ക് തങ്ങൾ പണം നൽകിയെന്നോ പറഞ്ഞിട്ടില്ല. ലീഗൽ ഫണ്ട് എന്ന പേരിൽ ബാർ ഉടമകളിൽനിന്ന് പണം പിരിച്ചതായി ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ മൊഴിനൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അത് അസോസിയേഷന്റെ രേഖകളിലുണ്ട്.

അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിക്ക് ബിജു രമേശ് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടുവെന്നും ഉണ്ണി ഇത് ക്ലിഫ്ഹൗസിലേക്ക് കൊണ്ടുപോയെന്നും ബിജുവിന്റെ ്രൈഡവർ അമ്പിളി മൊഴിനൽകിയിരുന്നു. എന്നാൽ, അമ്പിളിയുടെ നുണപരിശോധനയിൽ മൊഴിയുമായി ചില വൈരുധ്യങ്ങൾ ഉണ്ടായിരുന്നു. ബിജു കോടതിയിൽ ഹാജരാക്കിയ ബാർ ഉടമകളുടെ ശബ്ദരേഖ അടങ്ങിയ സി.ഡി.യിലും തിരുത്തൽ വരുത്തിയിട്ടുള്ളതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. അന്വേഷണത്തിൽ മാണിക്കെതിരെ വാക്കാലോ രേഖാമൂലമോ മറ്റ് തെളിവൊന്നും ലഭിച്ചിട്ടില്ല. അഞ്ച് പേജുള്ള അന്തിമ റിപ്പോർട്ടും അനുബന്ധ രേഖകളുടെ വിശദാംശങ്ങളുമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

പ്രഥമവിവര റിപ്പോർട്ടിലെ വകുപ്പുകൾ പ്രകാരം കുറ്റപത്രം നൽകണമെങ്കിൽ, കോഴ ആവശ്യപ്പെട്ടതിനും കൊടുത്തതിനും വാങ്ങിയതിനും തെളിവുവേണം. എസ്‌പി. സുകേശൻ, കുറ്റപത്രം നൽകാൻ മാണിക്കെതിരെ തെളിവുണ്ടെന്ന റിപ്പോർട്ടാണ് എ.ഡി.ജി.പി.ക്ക് സമർപ്പിച്ചത്. എന്നാൽ, മതിയായ തെളിവില്ലെന്നായിരുന്നു വിജിലൻസ് കോടതി നിയമോപദേശകൻ സി.സി.അഗസ്റ്റിന്റെ റിപ്പോർട്ട്. ഇത് രണ്ടും സൂക്ഷ്മപരിശോധന നടത്തിയ വിജിലൻസ് എ.ഡി.ജി.പി. ഷേയ്ക്ക് ദർവേഷ് സാഹിബും കുറ്റപത്രം നൽകാൻ തെളിവില്ലെന്ന ശുപാർശയാണ് ഡയറക്ടർക്ക് കൈമാറിയത്.

അതേസമയം ബാർ കോഴ കേസിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിക്കാൻ ആം ആദ്മി പാർട്ടിയും ഒരുങ്ങുന്നുണ്ട്. കേസിൽ വിജിലൻസിന്റെ ഇടപെടൽ താജ് ഇടനാഴി കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. കേസിൽ കുറ്റപത്രം കൊടുക്കണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണെന്ന് 2006ലെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാൻ സാധിക്കുമെന്നുമാണ് ആം ആദ്മി നേതാക്കൾ പറയുന്നത്.

കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്ന് ഇടത് മുന്നണി

ബാർകോഴ കേസിൽ എൽഡിഎഫ് നിയമപരമായി ഇടപെടുമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. മാണിക്കെതിരായ സമരം എൽഡിഎഫ് അവസാനിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ബാർ കോഴ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ എൽഡിഎഫ് കോടതിയെ സമീപിക്കും. കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വോഷണമാണ് കേസിൽ വേണ്ടത്. നിയമവൃത്തങ്ങളുമായി അന്വേഷിച്ചശേഷം ഇതിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം യോഗതീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.

പാഠപുസ്തക വിതരണത്തിലെ അപാകതകൾ ചൂണ്ടികാട്ടി വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തുന്ന സമരത്തെ ചോരയിൽ മുക്കികൊല്ലനാണ് യുഡിഎഫ്‌സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തും. ഇതിന്റെഭാഗമായി ജൂലൈ 11ന് പ്രാദേശിക തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. അഴിമതിക്കെതിരായി നടക്കുന്ന അഖിലേന്ത്യാസമരത്തിന്റെ ഭാഗമായി ജൂലൈ 20ന് അസംബ്ലിമണ്ഡലഅടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണസംഘടിപ്പിക്കും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് ധർണ്ണ.

തദ്ദേശഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് പ്രതിഷേധാർഹമാണ്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് നീട്ടണം. പേര് ചേർക്കാനായി അക്ഷയകേന്ദ്രങ്ങളിൽ ഇരുപത്രൂപ മുതൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റിൽ സൗജന്യമായി പേര് ചേർക്കാൻ നടപടി സ്വകീരിക്കണമെന്നും വൈക്കം വിശ്വൻ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP