Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകാത്ത ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി; ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക് തന്റെ വഴിയെന്ന് നടേശൻ; സംവരണ വിഷയത്തിൽ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടെന്നും ബോധോദയം; ഗൗനിക്കാത്ത എൻഡിഎ മുന്നണിയെ തഴഞ്ഞ് ബിഡിജെഎസ് മറ്റ് മുന്നണികളിലേക്ക് ചേക്കേറാൻ പദ്ധതിയിടുന്നു

വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകാത്ത ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി; ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക് തന്റെ വഴിയെന്ന് നടേശൻ; സംവരണ വിഷയത്തിൽ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടെന്നും ബോധോദയം; ഗൗനിക്കാത്ത എൻഡിഎ മുന്നണിയെ തഴഞ്ഞ് ബിഡിജെഎസ് മറ്റ് മുന്നണികളിലേക്ക് ചേക്കേറാൻ പദ്ധതിയിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി കേരളത്തിൽ ഒരുക്കങ്ങൾ നടത്തുമ്പോൾ എൻഡിഎ മുന്നണിയിൽ വിള്ളൽ വീഴുന്നു. കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത സീറ്റുകളൊന്നും നൽകാതെ ബിഡിജെഎസിനെ വഞ്ചിക്കുകയായിരുന്നു എന്ന വികാരമാണ് വെള്ളാപ്പള്ളി നടേശനുള്ളത്. ഇതോടെയാണ് ബിജെപി ബന്ധത്തിൽ പുനരാലോചനക്ക് ബിഡിജെഎസ് ഒരുങ്ങുന്നത്. ബിജെപിയുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എസ്എൻഡിപി യോഗത്തിനു നൽകിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും തനിക്കു തന്റെ വഴിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ ബിജെപിയുമായി ചേർന്നു ബിഡിജെഎസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരുകൂട്ടർക്കും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല. അവർക്ക് ഒരുമിച്ചു നിൽക്കാൻ താൽപ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടിൽ നിൽക്കുന്ന ബിജെപിയുമായുള്ള ബന്ധത്തിൽ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസിനു ബിജെപി നൽകിയ വാദ്ഗാനങ്ങളെക്കുറിച്ചു തനിക്കറിയില്ല. എന്നാൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുദേവന്റെ പേരു നൽകാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പായതിനാൽ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും ഉടൻ ഇക്കാര്യം നടപ്പാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പലതവണ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിച്ചിട്ടില്ല. എസ്.എൻ.ഡി.പി. യോഗത്തിനു നൽകിയ ഒരു ഉറപ്പുപോലും പാലിച്ചിട്ടില്ല. സംവരണ വിഷയത്തിൽ ബിജെപിയുടേതു പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം ബിജെപിയുടെ അവഗണനയെ തുടർന്നാണെന്നത് വ്യക്തമാണണ്. അതേസമയം വാഗ്ദാനങ്ങളിൽനിന്നും ബിജെപി നേതൃത്വം പുറകോട്ടു പോകുന്നതിലുള്ള പ്രതിഷേധമറിയിക്കാൻ ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ. ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണും. ഈ മാസം അവസാനം ഡൽഹിയിലാണു കൂടിക്കാഴ്ച. കയർ, സ്പൈസസ് ബോർഡുകളിലെ ചെയർമാൻ സ്ഥാനവും വാഗ്ദാനം ചെയ്ത മറ്റു സ്ഥാനങ്ങൾ സംബന്ധിച്ചും ചർച്ച നടത്തും.

കേരളത്തിൽ ബിജെപി. നടത്തുന്ന പരിപാടികളിൽനിന്നും ബി.ഡി.ജെ.എസിനെ ഒഴിവാക്കുന്നെന്ന പരാതി തുഷാർ അമിത് ഷായെ അറിയിക്കും. കഴിഞ്ഞദിവസം എൻ.ഡി.എ. മുന്നണിയിലെ കക്ഷിയായ ജനാധിപത്യ രാഷ്ട്രസഭ പാർട്ടി നേതാവ് സി.കെ. ജാനുവും മുന്നണി ബന്ധത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.

രാജ്യസഭാ എംപിസ്ഥാനവും കേന്ദ്ര മന്ത്രി പദവിയും പാർട്ടിക്ക് ലഭിക്കാത്തതും ബിഡിജെ.എസിൽ കടുത്ത എതിർപ്പിന് കാരണമാകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടൻ സുരേഷ് ഗോപിയെ എംപിയായി കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്തെങ്കിലും തുഷാർ വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും ബിജെപി തഴഞ്ഞതും പ്രശ്നങ്ങൾക്ക് കാരണമായി. കേന്ദ്രമന്ത്രി പദവി വരെ തുഷാറിന് വേണമെന്ന ആവശ്യം ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാൽ, ഈ നിർദേശമെല്ലാം ബിജെപി ലംഘിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP