Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധീരൻ സ്ഥാനമൊഴിഞ്ഞതോടെ തടസ്സങ്ങളെല്ലാം നീങ്ങി യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ബിഡിജെഎസ്; വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് വഴിയൊരുക്കുന്നത് ഉമ്മൻ ചാണ്ടിയെന്നും സൂചനകൾ; ഇന്നു വൈകീട്ട് നടക്കുന്ന നിർണായക യോഗത്തിൽ ബിജെപി ബാന്ധവം ഒഴിയാനൊരുങ്ങി തുഷാറിന്റെ പാർട്ടി

സുധീരൻ സ്ഥാനമൊഴിഞ്ഞതോടെ തടസ്സങ്ങളെല്ലാം നീങ്ങി യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ബിഡിജെഎസ്; വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് വഴിയൊരുക്കുന്നത് ഉമ്മൻ ചാണ്ടിയെന്നും സൂചനകൾ; ഇന്നു വൈകീട്ട് നടക്കുന്ന നിർണായക യോഗത്തിൽ ബിജെപി ബാന്ധവം ഒഴിയാനൊരുങ്ങി തുഷാറിന്റെ പാർട്ടി

കോട്ടയം: വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടുമായി ഉറച്ചുനിന്ന വി എം സുധീരൻ കെപിസിസി പ്രസിഡന്റുപദം ഒഴിഞ്ഞതിന് പിന്നാലെ ബിഡിജെഎസ് യുഡിഎഫ് പാളയത്തിൽ എത്തുന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പുകാലത്ത് തുടങ്ങുകയും പിന്നീട് അസംബ്‌ളി തിരഞ്ഞെടുപ്പുകാലത്ത് ശക്തമാകുകയും ചെയ്ത എൻഡിഎ ബാന്ധവം ഒഴിഞ്ഞ് യുഡിഎഫിലേക്ക് ചേക്കേറാനാണ് ശ്രമം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സുധാരൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അതേതായാലും നന്നായെന്ന മട്ടിൽ പ്രതികരിച്ച് വെള്ളാപ്പള്ളി എത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ ഉമ്മൻ ചാണ്ടിയും വെള്ളാപ്പള്ളിയുമായും ആശയവിനിമയം നടത്തിയതായും സൂചനകൾ പുറത്തുവന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ബിജെപി ബന്ധം ഉപേക്ഷിക്കാനും പിന്നീട് യുഡിഎഫിലേക്ക് ബിഡിജെഎസിനെ ഉൾപ്പെടുത്താനുമാണ് ആലോചനകൾ നടക്കുന്നതെന്നാണ് സൂചനകൾ.

മറ്റു ചില കോൺഗ്രസ് നേതാക്കളും ഇതിന് ശ്രമം നടത്തിയിട്ടുണ്ട്. മാണി യുഡിഎഫ് വിട്ടു പോയതിനാൽ തന്നെ യുഡിഎഫിൽ ബിഡിജെഎസിന് ചേക്കേറാൻ അവസരമുണ്ടെന്ന നിലയിലും ഇക്കാര്യം ചർച്ചയായി. അതിനാൽ ബിഡിജെഎസ് മുന്നണിയിലേക്ക് വരുന്നതിന് മറ്റു ഘടകകക്ഷികൾക്കും എതിർപ്പുണ്ടാവാൻ ഇടയില്ലെന്നാണ് വിവരം.

എൻഡിഎയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ നൽകിയ ഉറപ്പുകൾ ബിജെപി പാലിച്ചില്ലെന്ന പരാതിയും വെള്ളാപ്പള്ളി കുറച്ചുനാളായി ഉന്നയിക്കുന്നുണ്ട്. ഇതിന് സമാനമായ സൂചനകളാണ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും നൽകുന്നത്. എന്നാൽ ബിജെപി ബന്ധം ഉപേക്ഷിച്ചേക്കുമെന്ന നിലയിലാണ് കാര്യങ്ങളെന്ന് സൂചിപ്പിക്കുമ്പോഴും കോൺഗ്രസിനോട് അടുക്കുമെന്ന നിലപാട് തുഷാർ സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ബിജെപി ബന്ധം സംബന്ധിച്ചു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് എസ്.എൻ.ഡി.പിയുടെ അഭിപ്രായമാണെന്നാ്ണ് തുഷാർ പറഞ്ഞത്. നിലവിലുള്ള നിലപാടിൽ മാറ്റം വരുത്താൻ പാർട്ടി ആലോചിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കുകയായിരുന്നു.

നിലവിൽ ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഏതെങ്കിലും രീതിയുള്ള മാറ്റം വരുത്തുന്നുണ്ടെങ്കിൽ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കുകയുള്ളൂ. ഉദ്ഘാടന വേദിയിൽ പ്രസംഗം നടക്കുമ്പോൾ പോലും, തുഷാർ വെള്ളാപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നു ചാനലുകൾ ഫ്ളാഷ് ന്യൂസ് കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ളത് വെറും പ്രചരണങ്ങൾ മാത്രമാണ്. ബിഡിജെഎസിന്റെ തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് ഏറ്റുമാനൂരിൽ പാർട്ടിയുടെ നിർണായക നേതൃയോഗം നടക്കുന്നുണ്ട്. യോഗത്തിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഏറെക്കുറെ തീരുമാനിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കോൺഗ്രസിനോടു കൂടുതൽ അടുപ്പം കാണിക്കുന്ന വെള്ളാപ്പള്ളി നടേശനെ പിൻതുണയ്ക്കാതെ, തള്ളിപ്പറഞ്ഞ തുഷാർ വെള്ളാപ്പള്ളി നിർണായക തീരുമാനം ഇന്ന് വൈകുന്നേരം നടക്കുന്ന സംസ്ഥാന കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്തതോടെ ബിജെപി ബന്ധം വിട്ടേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇന്ന് വൈകുന്നേരത്തെ സംസ്ഥാന കമ്മറ്റിയിൽ മുന്നണി മാറ്റം സംബന്ധിച്ച കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. പാർട്ടിയുടെ അടുത്ത ആറ് മാസത്തേയ്ക്കുള്ള പദ്ധതികളും തയ്യാറാക്കുന്നതിനും അജണ്ടയിൽ പറയുന്നു. ബിഡിജെഎസിന്റെ പരിപാടിയിലേയ്ക്കു ബിജെപി ജില്ലാ - സംസ്ഥാന നേതാക്കളിൽ ഒരാളെ പോലും ക്ഷണിച്ചിരുന്നുമില്ല. നേതൃ സംഗമത്തിൽ പങ്കെടുക്കാതെ സംസ്ഥാന വൈസ് പ്രസിഡന്റ് ്അക്കിരമൺ കാളിദാസ ഭട്ടതിരി മാറി നിൽക്കുകയും ചെയ്തതും വിവാദമായിട്ടുണ്ട്.

രാവിലെ നടന്ന നേതൃസംഗമത്തിലും പഠന ക്ലാസിലും അക്കിരമൺ പങ്കെടുക്കാതിരുന്നത് വിവാദമായതിനെ തുടർന്നു ഇദ്ദേഹത്തെ പങ്കെടുപ്പിക്കാൻ നേതൃത്വം ശ്രമങ്ങൾ തുടരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ പകുതിയിലേറെ പ്രതിനിധികളും ബിജെപി ബന്ധം വിടണമെന്ന നിർദ്ദേശത്തെ പിൻതുണയ്ക്കുന്നവരാണെന്നാണ് സൂചനകൾ. ബിജെപിയും ബിഡിജെഎസും ബന്ധം ആരംഭിച്ചിട്ടും തിരഞ്ഞെടുപ്പിൽ പോലും കാര്യമായ നേട്ടമുണ്ടായത് ബിജെപിക്കാണ്.

എന്നാൽ, ഇതേ രീതിയിലുള്ള പരിഗണന ബിജെഡിഎസ് നേതൃത്വത്തിനു ലഭിക്കുന്നില്ലെന്നും പ്രതിനിധികളും സംസ്ഥാന നേതാക്കളും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ അടിയന്തരമായി ബന്ധം വിച്ഛേദിച്ചു സ്വതന്ത്രമായി നിൽക്കുകയാണ് വേണ്ടതെന്നാണ് പ്രതിനിധികളിൽ ഏറെപ്പേരുടെയും നിലപാട്. ഉച്ചയ്ക്കു ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന ലഭിക്കുന്നത്.

ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. 'സാമൂഹ്യനീതിയും ഭാരത് ധർമജനസേനയും കേരള രാഷ്ട്രീയ പൊതുസമൂഹത്തിൽ' എന്ന വിഷയത്തിൽ ജയസൂര്യൻ ക്ലാസെടുത്തു. ഭാരത് ധർമജനസേന പൊതുസമൂഹം മുൻപാകെ അവതരിപ്പിക്കുന്ന പാർട്ടി നയങ്ങളും പരിപാടികളും എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു ക്ലാസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP