Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്‌നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്

യുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്‌നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്

കോട്ടയം: ബിഡിജെഎസിനോടു ബിജെപി സംസ്ഥാന നേതൃത്വം ഒരു തരത്തിലുമുള്ള ആത്മാർഥതയും കാട്ടുന്നില്ലെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. ബി.ഡി.ജെ.എസിന്റെ വോട്ട് മാത്രം മതിയെന്ന സമീപനമാണ് പല ബിജെപി നേതാക്കളും കാട്ടുന്നത്. സംസ്ഥാനത്തെ എൻഡിഎ മുന്നണിയിലെ വലിയ കക്ഷിയായ ബിഡിജെഎസിനോടു ചിറ്റമ്മ സമീപമാണ് കാട്ടുന്നത്. ജില്ലാ തലങ്ങളിലും സംസ്ഥാന തലങ്ങളിലും എൻ.ഡി.എയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കു പോലും ബിഡിജെഎസിനോടു ബിജെപി നേതാക്കൾക്കു തൊട്ടുകൂടായ്മയുണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ഏറ്റുമാനൂർ നാഷണൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ബിജെപിക്കെതിരെ ശക്തമായ വിമർശനവുമായിനേതാക്കൾ രംഗത്ത് എത്തിയത്. വെള്ളാപ്പള്ളി നടേശനെതിരേ ശക്തമായ നിലപാടുമായി ഉറച്ചുനിന്ന വി എം. സുധീരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞ സാഹചര്യത്തിൽ യുഡിഎഫ് പാളയത്തിലെത്താനുള്ള നീക്കങ്ങളാണ് ബിഡിജെഎസ് നടത്തുന്നതെന്നു വിലയിരുത്തപ്പെടുന്നു.

കേരളത്തിൽ എൻഡിഎയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇവ പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തോടു ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമുണ്ടായി. നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ആവശ്യമുള്ളപ്പോൾ ബിജെപി നേതാക്കൾ സ്നേഹം കാട്ടി. എന്നാൽ, ഇപ്പോൾ ബി.ഡി.ജെ.എസിനെതിരെയാണ് ബിജെപി. പല സ്ഥലത്തും പരിപാടികളുടെ വിവരങ്ങൾ നേതാക്കളെയും പ്രവർത്തകരെയും അറിയിക്കാറില്ല. ബിജെപിക്കും എൻ,ഡി.എ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബി.ഡി.ജെ.എസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്.

എൻ.ഡി.എ മുന്നണിക്കും പ്രത്യേകിച്ച് ബിജെപിക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.ഡി.ജെ.എസ്. അർഹിക്കുന്ന പരിഗണന നൽകിയില്ലെങ്കിൽ ഇടം തരുന്ന മുന്നണി നോക്കുമെന്നും എൻ.ഡി.എ സംവിധാനം കേരളത്തിൽ നിലവിൽ വന്നിട്ടും മുന്നണി മര്യാദ പാലിക്കാത്ത ബിജെപി നേതൃത്വത്തിനെതിരെ കടുത്ത മുന്നറിയിപ്പാണ് ബി.ഡി.ജെ.എസ് നേതൃത്വം നൽകുന്നത്. സമരങ്ങളെല്ലാം ബിജെപി ഹൈജാക്ക് ചെയ്യുന്നു. വേണ്ടത്ര പരിഗണന ബി.ഡി.ജെ.എസിന് നൽകുന്നില്ല. ഈ നിലപാടുകളില്ലെല്ലാം കടുത്ത അതൃപ്തിയായുണ്ടെന്നും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാനപ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.മലപ്പുറം ലോക്സഭാ ഉപ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് ക്യാമ്പിലേക്കെത്താനുള്ള നീക്കം ഊർജ്ജിതം. യു.ഡി.എഫിൽ എത്തുന്നതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയുമായി ചർച്ചകൾ നടത്തിയകാര്യം നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി രംഗത്ത് എത്തി.

വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടുമായി ഉറച്ചുനിന്ന വി എം സുധീരൻ കെപിസിസി പ്രസിഡന്റുപദം ഒഴിഞ്ഞതോടെ ബി.ഡി.ജെ.എസ് യു.ഡി.എഫ് പാളയത്തിൽ എത്താനുള്ള നീക്കത്തിന് കൂടുതൽ കരുത്ത് ആർജിച്ചു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങുകയും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ശക്തമാകുകയും ചെയ്ത എൻ.ഡി.എ ബാന്ധവം ഒഴിഞ്ഞ് യുഡിഎഫിലേക്ക് ചേക്കേറാനാണ് ശ്രമം നടക്കുന്നത്.അതേസമയം, വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടി, കരുത്താർജിച്ച് എഗ്രൂപ്പിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് അധികാരം തിരികെ പിടിക്കാനുള്ള നീക്കങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തുന്നത്.

സുധീരൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അത് കോൺഗ്രസിന് ഏറെ ഗുണകരമാണെന്ന് പ്രതികരിച്ച് വെള്ളാപ്പള്ളി രംഗത്ത് എത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമെ ചില കോൺഗ്രസ് നേതാക്കളും ഇതിന് ശ്രമം നടത്തിയിട്ടുണ്ട്. മാണി യു.ഡി.എഫ് വിട്ടു പോയതിനാൽ തന്നെ യു.ഡി.എഫിൽ ബി.ഡി.ജെ.എസിന് ചേക്കേറാൻ അവസരമുണ്ടെന്ന നിലയിലും ഇക്കാര്യം ചർച്ചയായി. അതിനാൽ ബി.ഡി.ജെ,എസ് മുന്നണിയിലേക്ക് വരുന്നതിന് മറ്റു ഘടകകക്ഷികൾക്കും എതിർപ്പുണ്ടാവാൻ ഇടയില്ല. ബി.ഡി.ജെ.എസിനെ കൂടെ കൂട്ടുന്ന കാര്യം ഗൗരവകരമായി ചർച്ച ചെയ്യണമെന്നും ചില ഘടകകക്ഷികൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

എന്നാൽ ഇന്നലെ കോട്ടയം ഏറ്റുമാനൂരിൽ നടന്ന ജില്ലാ നേത്യയോഗത്തിലും പിന്നിട് നടന്ന സംസ്ഥാന നിർവ്വാഹണ സമിതിയും മുന്നണി മാറ്റമോ ഒന്നും ചർച്ച ചെയ്തില്ലന്നാണ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറയുന്നത്.എന്നാൽ സംസ്ഥാന നിർവ്വാഹണ സമിതിയിൽ മുന്നണി മാറ്റം സംബന്ധിച്ച വിഷയം അജണ്ടയായിരുന്നു.ഇതിൽ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴത്തെ പോക്കിനെ രൂക്ഷമായി വിമർശിച്ചു.ഉയർന്ന് എല്ലാ പരാതികളും ഉടൻ തന്നെ എൻ.ഡി.എ നേത്യത്വത്തേയും ബിജെപി നേത്യത്വത്തേയും അറിയിക്കുന്നതിനും ഇനിയും തീരുമാനങ്ങൾ കൈകൊള്ളാൻ വൈകുകയാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമെടുത്ത് തുഷാറിനെ ചുമതലപ്പെടുത്തി. മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം എടുക്കണമെന്നാണ് ഉയർന്ന പൊതുവായ നിർദ്ദേശം.

എൻ.ഡി.എ മുന്നണി വിടേണ്ട സാഹചര്യമില്ലന്ന് തുഷാർ പറയുമ്പോഴും മുന്നണിയിൽ ചേരുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്ന് ആവർത്തിച്ച് പറയുന്നത് ഇനിയും മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലന്നതിന്റെ പറയാതെ പറയുന്ന വിട്ടു പോക്ക് ആണ്.
സംസ്ഥാനത്ത് അതിക്രമങ്ങൾക്കു ഇരയാകുന്ന സ്ത്രീകൾക്കു സാമ്പത്തിക സഹായം അടക്കമുള്ള സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നു ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ സംസ്ഥാന കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. സംസഥാനത്തെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കുകയും ഇവയ്ക്കു സുതാര്യത ഉറപ്പാക്കുകയും ചെയ്യണം. കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണം. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിച്ചു അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എൻഡിഎ ഘടകകക്ഷി എന്ന നിലയിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിവേദനം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP