Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അഡ്ജസ്റ്റ്‌മെന്റി'ൽ കലങ്ങിയ എൽഡിഎഫിൽ നിന്നും മീൻ പിടിക്കാൻ യുഡിഎഫ്! ഒരു പ്രതിപക്ഷ എംഎൽഎ കൂടി യുഡിഎഫിലേക്ക് വരുമെന്ന് ബെന്നി ബഹനാൻ; ഉണ്ടയില്ലാ വെടിമാത്രമെന്ന് തോമസ് ചാണ്ടി

'അഡ്ജസ്റ്റ്‌മെന്റി'ൽ കലങ്ങിയ എൽഡിഎഫിൽ നിന്നും മീൻ പിടിക്കാൻ യുഡിഎഫ്! ഒരു പ്രതിപക്ഷ എംഎൽഎ കൂടി യുഡിഎഫിലേക്ക് വരുമെന്ന് ബെന്നി ബഹനാൻ; ഉണ്ടയില്ലാ വെടിമാത്രമെന്ന് തോമസ് ചാണ്ടി

കുവൈത്ത്: സർക്കാറിനെതിരായി എൽഡിഎഫ് നടത്തിയ സമരങ്ങൾ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്ന സിപിഐയുടെ ആരോപണങ്ങളെ തുടർന്ന് സിപിഐ-സിപിഐ(എം) പോര് മുറുകിയ ഇടതുമുന്നണിയുടെ കുളത്തിൽ നിന്നും മീൻ പിടിക്കാൻ ഒരുങ്ങി യുഡിഎഫ് നീക്കം. മുന്നണിയിലെ പോര് പരസ്പ്പരം പോർ വിളിക്കുന്ന ഘട്ടത്തിൽ എത്തിയ വേളയിലാണ് ഇടതുമുന്നണിയിലെ കൂടുതൽ എംഎൽഎമാരെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയത്. ഇതേക്കുറിച്ച് കോൺഗ്രസ് എ ഗ്രൂപ്പിലെ പ്രമുഖനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ ബെന്നി ബഹനാൻ എംഎൽഎ വെളിപ്പെടുത്തി.

പ്രതിപക്ഷത്ത് നിന്ന് ഒരു എംഎൽഎ കൂടി യുഡിഎഫിലേക്ക് വരുമെന്നാണ് ബെന്നി ബഹനാൻ പറഞ്ഞത്. കുവൈത്ത് പര്യടനത്തിനിടെയാണ് ബെന്നി ബഹനാൻ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കുവൈത്തുകാർക്ക് പരിചയമുള്ള ഒരു എംഎ‍ൽഎ വന്നാലും ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിന് നിയമസഭാ സമ്മേളനം നടക്കാനിരിക്കുകയാണ്. സമ്മേളനം ആരംഭിക്കുന്‌പോൾ പ്രതിപക്ഷത്ത് ആൾകുറയുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

അതേസമയം താൻ യു.ഡി.എഫിലേക്ക് പോവില്ലെന്ന് എൻ.സി.പി എംഎ‍ൽഎ തോമസ് ചാണ്ടി പറഞ്ഞു. ബെന്നി ബഹനാൻ ഒരു വെടി പൊട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ബിസിനസ് ബന്ധങ്ങളുള്ള എംഎൽഎയാണ് തോമസ് ചാണ്ടി. കോൺഗ്രസുകാർക്ക് കൂടി പ്രിയങ്കരനായ തോമസ് ചാണ്ടി അടുത്തിടെ എൻസിപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി സർക്കാറിനെ എൻസിപി പിന്തുണക്കുമെന്ന തീരുമാനത്തെ തോമസ് ചാണ്ടി അനുകൂലിക്കുകയും എ കെ ശശീന്ദ്രൻ എംഎൽഎ അടക്കുള്ളവർ എതിർക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തെ ചൊല്ലി തർക്കം രൂക്ഷമായ വേളയിൽ ഒരുഘട്ടത്തിൽ തോമസ് ചാണ്ടി സിപിഎമ്മിനെ വിമർശിക്കുകയും ചെയ്യുകയുണ്ടായി. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തുമ്പോൾ രണ്ട് എംഎൽഎമാരുടെ മാത്രം ഭൂരിപക്ഷമായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് നെയ്യാറ്റിൻകര എംഎൽഎ ശെൽവരാജിനെ രാജിവെപ്പിച്ച് മത്സരിപ്പിച്ച് വിജയിപ്പിച്ചതോടെ അംഗബലം 73 ആയി. ഇതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌പി യുഡിഎഫിന്റെ ഭാഗമായതോടെ അംഗസംഖ്യ വീണ്ടും ഉർന്ന് 75 ആകുകയായിരുന്നു. അസീസും കോവൂർ കുഞ്ഞുമോനുമായിരുന്നു യുഡിഎഫിന്റെ ഭാഗമായത്.

ഇവർക്ക് ശേഷം ഇടതുമുന്നണിയിൽ നിന്നും തോമസ് ചാണ്ടിയെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നുവെന്ന സൂചനയാണ് ബെന്നി ബഹനാന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. എന്നാൽ ഇടതു നേതാക്കൾ ഈ നീക്കത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP