Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സുതാര്യത ആവശ്യപ്പെട്ട പ്രധാനമന്ത്രിയോട് എട്ടു ചോദ്യങ്ങളുമായി ബിനോയ് വിശ്വം; നവംബർ എട്ടിനു ബിജെപി അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാനുള്ള സന്മനസ് മോദി കാണിക്കണം; സഹാറ കേസിൽ എന്തിനു മൗനം തുടരുന്നു

രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സുതാര്യത ആവശ്യപ്പെട്ട പ്രധാനമന്ത്രിയോട് എട്ടു ചോദ്യങ്ങളുമായി ബിനോയ് വിശ്വം; നവംബർ എട്ടിനു ബിജെപി അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാനുള്ള സന്മനസ് മോദി കാണിക്കണം; സഹാറ കേസിൽ എന്തിനു മൗനം തുടരുന്നു

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കുന്ന ഏക പാർട്ടി സിപിഐ ആണെന്ന് അവകാശപ്പെട്ട ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എട്ടു ചോദ്യങ്ങൾക്കു മറുപടി നല്കാനും ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരേ ആരോപണം ഉയർന്ന സഹാറ കേസ് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചാണ് ബിനോയ് വിശ്വം തന്റെ ചോദ്യങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. ഈ മഹത്തായ ആശയം യാഥാർത്ഥ്യമാക്കാനുള്ള നിയമനിർമ്മാണ നടപടികളെന്തെങ്കിലും പ്രധാനമന്ത്രി ആരംഭിച്ചോയെന്നതാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ ചോദ്യം. തെരഞ്ഞെടുപ്പു പരിഷ്‌കരണം സംബന്ധിച്ച് ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ധൈര്യം മോദിക്കുണ്ടോയെന്നും ബിനോയ് ചോദിക്കുന്നു.

നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിനു ബംഗാളിൽ നടന്നതടക്കം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാനുള്ള സന്മനസ് പ്രധാനമന്ത്രി കാണിക്കണം. നവംബർ മാസത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നും ചോദിക്കുന്നു.

അഴിമതിക്കെതിരേ പോരാടാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട ഗുരുതര അഴിമതി ആരോപണത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നതാണ് പിന്നീടുള്ള ചോദ്യം. സഹാറ കേസിൽ നരേന്ദ്ര മോദി അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർന്നത് അദ്ദേഹം മറന്നുപോയോ? ആദായനികുതി സെറ്റിൽമെന്റ് കമ്മീഷൻ അംഗമായിരുന്ന ബൽദീപ് സംഗ് സന്ധുവിനെ സഹാറ കേസുമായി ബന്ധപ്പെട്ട വിചാരണ ആരംഭിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് തിടുക്കത്തിൽ സ്ഥലം മാറ്റിയതിന്റെ കാരണവും മോദി രാജ്യത്തോട് വിശദീകരിക്കണം. അസൗകര്യപ്രദമായ കേസിലെ സൗകര്യപ്രദമായ സ്ഥലം മാറ്റമായിരുന്നു ഇതെന്ന് ഹിന്ദു പത്രം വിശേഷിപ്പിച്ചതിനോടും പ്രധാനമന്ത്രിയുടെ പ്രതികരണം എന്താണെന്നും ബിനോയ് വിശ്വം ചോദിക്കുന്നു.

നരേന്ദ്ര മോദി ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയെന്ന പരിപാടിയിൽ വിശ്വസിക്കാത്തയാളായതിനാൽ ബിജെപിയിലെ ഏതെങ്കിലും പ്രമുഖ നേതാക്കൾ തനിക്ക് ഉത്തരം നല്കുമെന്ന പ്രതീക്ഷയിലാണ് ഈ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും ബിനോയ് വിശ്വം പരിഹസിക്കുന്നു.

പാർട്ടികളുടെ പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത വേണമെന്നാണ് നരേന്ദ്ര മോദി ദേശീയ നിർവാഹക സമിതിയിൽ ആവശ്യപ്പെട്ടത്. ലഭിക്കുന്ന സംഭാവന സംബന്ധിച്ച കൂടുതൽ സുതാര്യത ആവശ്യമാണ്. രാഷ്ട്രീയ പ്രക്രിയ കൂടുതൽ സുതാര്യമാകണം, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകൾ- പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP