Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിതെറ്റിയവരെ വർഗശത്രുക്കളായി കണ്ടിട്ടില്ല; ആശയപരമായി തിരുത്തുകയാണു വേണ്ടത്: ആകാശത്തു ജീവിക്കുന്ന സ്വപ്‌നജീവികളാണു മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞ പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി

വഴിതെറ്റിയവരെ വർഗശത്രുക്കളായി കണ്ടിട്ടില്ല; ആശയപരമായി തിരുത്തുകയാണു വേണ്ടത്: ആകാശത്തു ജീവിക്കുന്ന സ്വപ്‌നജീവികളാണു മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞ പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി

തിരുവനനന്തപുരം: മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന നേതാക്കൾ ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണെന്നു പറഞ്ഞ സിപിഐ(എം) നേതാവു പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി. വഴി തെറ്റിയവരെ സിപിഐ വർഗ ശത്രുക്കളായി കണ്ടിട്ടില്ലെന്നും ആശയപരമായി തിരുത്തുകയാണ് വേണ്ടതെന്നും സിപിഐ നേതാവു ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

1964ലെ കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനത്തെ ചൂണ്ടിക്കാണിച്ചാണ് ബിനോയ് വിശ്വം വഴിതെറ്റിപോയവരെ കുറിച്ച് പറയുന്നത്. വിയോജിപ്പുള്ളവരെ വെടിവച്ച് വീഴ്‌ത്തുന്നവരോട് കമ്മ്യൂണിസ്റ്റുകാർക്ക് യോജിക്കാനാവില്ലെന്നും ബിനോയ് വിശ്വം കുറിച്ചു.

മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സിപിഐ ക്കുള്ള വിയോജിപ്പ് പറഞ്ഞുകൊണ്ടാണ് ബിനോയ് വിശ്വം ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. വഴിതെറ്റി പോയ സഖാക്കളായാണ് അവരെ സിപിഐ കാണുന്നതെന്നും അദ്ദേഹം പറയുന്നു. നേരത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ പേരിൽ പ്രത്യക്ഷപ്പെടുന്നത് ചില കോമാളികളാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് മറുപടിയായാണ് വഴിതെറ്റിയവരെ വർഗ ശത്രുക്കളായി കണ്ടിട്ടില്ലെന്ന്, കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനെ ഓർമ്മപ്പെടുത്തിയുള്ള ബിനോയ് വിശ്വത്തിന്റെ മറുപടി വന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സിപിഐ ക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. വഴിതെറ്റി പോയ സഖാക്കളായാണ് അവരെ സിപിഐ കാണുന്നത്. അവർ ഇന്ന് അവലംബിക്കുന്ന പാത പാർട്ടി ദരാബ്ദങ്ങൾക്കു മുൻപേ പരീക്ഷിച്ചതും ഇന്ത്യൻ സാഹചര്യങ്ങൾക്കനുയോജ്യമല്ലാത്തതിനാൽ ഉപേക്ഷിച്ചതുമാണ്. തോക്കിൻ കുഴലല്ല; മർദ്ദിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവർത്തനത്തിന്റെ മാർഗമെന്ന് സിപിഐ തുടർന്ന് എന്നും പറഞ്ഞു പോന്നു.അതുൾക്കൊള്ളാൻ വിസമ്മതിച്ച് മാവോയിസ്റ്റ് മാർഗത്തെ മഹത്വവൽക്കരിച്ച ഒരു പറ്റം സഖാക്കളാണ് 1964ൽ പുതിയ പാർട്ടി രൂപീകരിച്ചതു്. പിന്നീട് ആ പുതിയ പാർട്ടി പ്രഖ്യാപിത പാതയിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് ഇവിടെ നക്‌സലൈറ്റ് പ്രസ്ഥാനം ഉടലെടുത്തതു്.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയസമരത്തിന്റെ ചരിത്രം പഠിക്കുന്നവർക്ക് ഇതു കാണാൻ കഴിയും.വഴിതെറ്റി പോയവരെ വർഗശത്രുക്കളായി സിപിഐ ഒരിക്കലും കണ്ടിട്ടില്ല, അവരുടെ നയങ്ങൾ തിരുത്തേണ്ടതു തന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴി എ ന്ന് സിപിഐ വിശ്വസിക്കുന്നു. വിയോജിപ്പുള്ളവരെ വെടിവച്ചു വീഴ്‌ത്തുന്നതിനോട് കമ്മ്യൂണിസ്റ്റുകാർക്കു യോജിക്കാനാവില്ല.'' ചൂവപ്പ് ഭീകരത'' എന്ന വലതുപക്ഷ പ്രചാരവേലയോട് വർഗപരമായി തന്നെ സിപിഐ വിയോജിക്കുന്നു .ഇത്തരം ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളിൽ തണ്ടർബോൾട്ട് മേധാവികളുടെ കണ്ടെത്തലുകൾ' വെള്ളം തൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാർ.കേരളത്തിലെ എൽഡിഎഫ് ഗവണ്മെന്റിനെ സിപിഐ വീക്ഷിക്കുന്നത് ഇന്ത്യക്ക് വഴികാട്ടിയാകേണ്ട ഇടതുപക്ഷ സർക്കാരായാണ്. ഇവിടത്തെ പൊലീസ് മദ്ധ്യപ്രദേശിലെ യോ, ഛത്തിസ്ഗഢിലെ യോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരു പോലെയാണെ'ന്ന ദുഷ്പ്രചാരണത്തിന്റെ മുനയൊടിക്കാൻ അതിനു കഴിയണം.അതിനു പ്രാപ്തിയുള്ള നേതാവാണ് ഭരണത്തെ നയിക്കന്ന തെന്ന് സിപിഐ വിശ്വസിക്കുന്നു. ഇതാണു ഞങ്ങൾ, സിപിഐ സഖാക്കൾ എന്നും പറഞ്ഞത്. അതു കൊണ്ട് ഞങ്ങൾ സ്വപ്നജീവികളാകുമെങ്കിൽ ആ സ്വപ്നത്തെ ഞങ്ങൾ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP