Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

60ൽ 28ലും നേടിയിട്ടും 21നേടിയ ബിജെപി ഭരിച്ച മണിപ്പൂർ; 40ൽ 17ഉം നേടിയിട്ടും 13നേടിയ ബിജെപി ഭരിച്ച ഗോവ; 60ൽ 42ഉം നേടിയിട്ടും ബിജെപി ഭരിക്കുന്ന അരുണാചൽ; 21സീറ്റുകാരെ തഴഞ്ഞ് 19കാരെ വിളിച്ച മേഘാലയ; ഭൂരിപക്ഷം ഇല്ലാതേയും ഏറ്റവും വലിയ ഒറ്റകക്ഷിയാകാതേയും സർക്കാർ ഉണ്ടാക്കുന്ന കലയിൽ അഗ്രഗണ്യരായി ബിജെപി; എല്ലായിടത്തും തോറ്റ് കോൺഗ്രസ്

60ൽ 28ലും നേടിയിട്ടും 21നേടിയ ബിജെപി ഭരിച്ച മണിപ്പൂർ; 40ൽ 17ഉം നേടിയിട്ടും 13നേടിയ ബിജെപി ഭരിച്ച ഗോവ; 60ൽ 42ഉം നേടിയിട്ടും ബിജെപി ഭരിക്കുന്ന അരുണാചൽ; 21സീറ്റുകാരെ തഴഞ്ഞ് 19കാരെ വിളിച്ച മേഘാലയ; ഭൂരിപക്ഷം ഇല്ലാതേയും ഏറ്റവും വലിയ ഒറ്റകക്ഷിയാകാതേയും സർക്കാർ ഉണ്ടാക്കുന്ന കലയിൽ അഗ്രഗണ്യരായി ബിജെപി; എല്ലായിടത്തും തോറ്റ് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 20 സംസ്ഥാനങ്ങളിൽ ഇന്ന് ഭരണമുണ്ട്. പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും ഇടപടെലാണ് ഇതിന് കാരണം. എങ്ങനേയും ഇന്ത്യ മുഴുവൻ കാവിപുതപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും നീങ്ങുന്നത്. ഇതിനായി പലപ്പോഴും ജനവിധിയെ പോലും തന്ത്രപരമായി അട്ടിമറിച്ചു.

സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണമെന്നു പോലുമില്ലെന്ന് തെളിയിച്ചു. മണിപ്പൂരും ഗോവയുമെല്ലാം ചില ഉദാഹരണങ്ങൾ. ബിജെപിക്ക് ഒരു സ്വാധീനവുമില്ലായിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപി പക്ഷത്ത് എത്തിച്ചത് ഇത്തരത്തിലായിരുന്നു. പലയിടത്തും ബിജെപിക്ക് ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റകക്ഷിയോ ആയിരുന്നില്ല. എന്നിട്ടും ഭരണം നേടി. അതുകൊണ്ട് തന്നെ കർണ്ണാടകയിലും ഓപ്പറേഷൻ ലോട്ടസ് ലക്ഷ്യം കാണുമെന്ന് കരുതുന്നവരുണ്ട്. ഇത് മുന്നിൽ കണ്ടാണ് അതിവേഗം കോൺഗ്രസും ജെഡിഎസും ഒരുമിച്ചത്. എന്നിട്ടും സർക്കാരുണ്ടാക്കിയത് ബിജെപിയുടെ യെദ്യൂരപ്പയാണ്.

മണിപ്പൂരിൽ 60 അംഗ നിയമസഭ. 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, 21 സീറ്റ് നേടിയ ബിജെപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചതും മന്ത്രിസഭയുണ്ടാക്കിയതും. ഗവർണ്ണറുടെ തീരുമാനമാണ് നിർണ്ണായകമായത്. അതിന് ശേഷം കോൺഗ്രസിൽനിന്ന് ഒൻപതു പേരെ ബിജെപി പക്ഷത്ത് എത്തിച്ചു. ഒരു സ്വതന്ത്രനടക്കം മറ്റു പാർട്ടികളിലെ പത്തുപേർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. ഇന്ന് കോൺഗ്രസിൽ ബാക്കിവന്ന 19 പേർ മാത്രമാണു പ്രതിപക്ഷത്തുള്ളത്.

ഗോവയിൽ 40 അംഗ സഭ. 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ കൂടി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോൾ കോൺഗ്രസിന്റെ 16 എംഎൽഎമാർ മാത്രമാണ്. അരുണാചലിലും ഇതാണ് സംഭവിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടി. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീടു തുക്കിക്കു പകരം കോൺഗ്രസിലെ തന്നെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി. 2016ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. അവിടെ നിന്നു മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം പേരും ബിജെപിയിലെത്തി.

2014ലെ തിരഞ്ഞെടുപ്പിൽ 11 പേരെ മാത്രം വിജയിപ്പിച്ച ബിജെപിക്ക് ഇപ്പോൾ സഭയിൽ 48 പേരുടെ പിന്തുണ. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഒരു സീറ്റ് മാത്രം. മുന്മുഖ്യമന്ത്രി നബാം തുക്കിയാണ് ഏക കോൺഗ്രസ് അംഗം. അങ്ങനെ അരുണാചലിൽ ബിജെപി പുതിയ ചരിത്രം രചിച്ചു. മേഘാലയയിൽ 60 അംഗസഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ 19 സീറ്റ് മാത്രമുണ്ടായിരുന്ന എൻപിപിയെയാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ബിജെപി പിന്തുണച്ച എൻപിപി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി. 28.5% വോട്ടു ലഭിച്ചിട്ടും കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു. എൻപിപിക്ക് 20% വോട്ടാണു ലഭിച്ചത്.

നാഗാലാൻഡിൽ 60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷേ ഗവർണ്ണർ വിളിച്ചത് 17 സീറ്റ് മാത്രം ലഭിച്ച എൻഡിപിപിയുടെ നേതാവ് നെയ്ഫു റിയോയെയാണ്. ബിജെപി എൻഡിപിപിയെ പിന്തുണച്ചു. അങ്ങനെ അവിടേയും എൻഡിഎ ഭരണമായി. ഇതിനെല്ലാം പിന്നിൽ ചരട് വലികൾ നടത്തിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. മോദിയുടെ അധികാരക്കരുത്തിലാണ് അമിത് ഷാ ഇത് സാധ്യമാക്കുന്നത്. ഓരോ സംസ്ഥാനത്തും വിശ്വസ്തരായ ഗവർണ്ണർമാരെ നിയോഗിച്ചാണ് കണക്കുകൾ ബിജെപി അധികാരത്തിലേക്ക് അനുകൂലമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP