Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴവിവാദത്തിൽ ആരോപണം ഉയർന്ന നേതാവ് ആർഎസ് വിനോദിനെ ബിജെപി പുറത്താക്കി; നടപടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നെന്ന് സൂചന; 5.6 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിൽ കോർകമ്മിറ്റി ചർച്ച നാളെ

കോഴവിവാദത്തിൽ ആരോപണം ഉയർന്ന നേതാവ് ആർഎസ് വിനോദിനെ ബിജെപി പുറത്താക്കി; നടപടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നെന്ന് സൂചന; 5.6 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിൽ കോർകമ്മിറ്റി ചർച്ച നാളെ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ആരോപണ വിധേയനായ ആർഎസ് വിനോദിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ആർ എസ് വിനോദ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചതെന്നാണ് സൂചനകൾ. അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് വിനോദിനെ പുറത്താക്കിയിട്ടുള്ളത്.

പാർട്ടി സഹകരണ സെൽ സംസ്ഥാന കൺവീനർ ആണ് ആർ എസ് വിനോദ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തീരുമാനം അറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ നേതാക്കൾ വാങ്ങിയതായി ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷനാണ് റിപ്പോർട്ട് നൽകിയത്.

വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാർട്ടി വിലയിരുത്തുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവൃത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയുമാണെന്ന് കുമ്മനം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അനുമതി വാങ്ങിക്കൊടുക്കാൻ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിനോദിനെതിരെ ആരോപണം ശക്തമാകുന്നത്. ഇതിനിടെ നാളെ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ പാർട്ടി ഇക്കാര്യം വിശദമായി ചർച്ചചെയ്യും. എംടി രമേശ് ഉൾപ്പെടെയുള്ള മറ്റു നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലും ശക്തമായ നടപടി ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിനോദിനെതിരെ നടപടിയുണ്ടായതോടെ വരും ദിവസങ്ങളിൽ കോഴ വിവാദത്തിൽ കൂടുതൽ നടപടികൾ പാർട്ടിയിലുണ്ടാകുമെന്നാണ് വിവരങ്ങൾ.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാൻ കോഴ വാങ്ങിയതിനു പുറമെ നേതാക്കൾ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. റിപ്പോർട്ടിലെ ഉള്ളടക്കം രണ്ട് ദിവസമായി നൽകുകയും ചെയ്തു. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഏഷ്യാനെറ്റും പുറത്തുവിട്ടത്.

വർക്കലയിലെ എസ്ആർ കോളേജ് ഉടമ ആർ ഷാജിയിൽനിന്ന് ബിജെപി സഹകരണസെൽ കൺവീനർ ആർ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നൽകിയതായി ഷാജി മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷൻ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ആർ ഷാജി ബിജെപി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാൻ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചർച്ചയാക്കി. ഡൽഹിയിലുള്ള സതീശ്നായർക്ക് കുഴൽപ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഴൽപ്പണമായി എത്തിക്കുന്നതിന് പെരുമ്പാവൂരിലെ ഒരാളുടെ സഹായം തേടി. എസ് രാകേശാണ് സതീശ്നായരെ പരിചയപ്പെടുത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിനോദ് സമ്മതിച്ചു. കുമ്മനത്തിന്റെ ഓഫീസ് സ്റ്റാഫിയിരുന്നു രാകേശ്. പരാതി ഉയർന്നപ്പോൾ തന്നെ ഇയാളെ കുമ്മനം ഒഴിവാക്കുകയും ചെയ്തു.

ഷാജിയുടെ പരാതിയിലില്ലാത്ത എം ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങാൻ രമേശ് മുഖേന കാശ് നൽകിയെന്നായിരുന്നു പരാമർശം. രമേശിനോട് അന്വേഷിച്ചെങ്കിലും നിഷേധിച്ചു. പാലക്കാട് ചെർപ്പുളശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കമ്മിഷൻ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആർ എസ് വിനോദിന് വിവരങ്ങൾ കിട്ടിയതും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നാളെ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP