Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അക്കൗണ്ട് തുറക്കാനല്ല; ഭരണത്തിലെത്താൻ; മത്സരം ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലെന്നും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അക്കൗണ്ട് തുറക്കാനല്ല; ഭരണത്തിലെത്താൻ; മത്സരം ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലെന്നും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനല്ല, മറിച്ച് ഭരണം പിടിക്കാനാണു ബിജെപി മത്സരിക്കുന്നതെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ മത്സരം ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് വരുന്ന തെരഞ്ഞെടുപ്പിൽ 71 സീറ്റിലേറെ നേടുമെന്നു കുമ്മനം പ്രത്യാശ പ്രകടിപ്പിച്ചത്.

കോൺഗ്രസിലെ കത്ത് വിവാദം വെറും ഓലപ്പടക്കമാണ്. അമിട്ടും കതിനയുമെല്ലാം വരാൻ പോകുന്നതേയുള്ളൂ. ഇതെല്ലാം ബിജെപിക്ക് അനുകൂലമായ പൊതുഅഭിപ്രായം രൂപീകരിക്കാൻ കാരണമാകും. വെള്ളാപ്പള്ളി നടേശനും ടി.വി.ബാബുവുമെല്ലാം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടും ബിജെപിക്കു ഗുണം ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

ആദർശ രാഷ്ട്രീയം അന്യം നിൽക്കുകയാണ് കേരളത്തിൽ. അതിന്റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റുകൾക്കും കോൺഗ്രസുകാർക്കുമാണ്. മൂല്യാധിഷ്ഠിത, സർഗാത്മക രാഷ്ട്രീയം കേരളത്തിൽ തിരിച്ചു കൊണ്ടുവരാനാണു താൻ ശ്രമിക്കുക. ബിജെപി, ആർഎസ്എസ് നേതാക്കളുടെ സ്‌നേഹപൂർവമായ നിർബന്ധം കൊണ്ടാണ് ഈ പദവി താൻ ഏറ്റെടുത്തത്. രാഷ്ട്രീയക്കാരൻ അല്ലെങ്കിലും ഏറെക്കാലമായി തനിക്കു പാർട്ടിക്കാരുമായി ബന്ധമുണ്ട്. ഏതു മേഖലയിൽ പ്രവർത്തിക്കാൻ സംഘടന നിർദേശിച്ചാലും അനുസരിക്കും.

രോഗങ്ങളുടെ പിടിയിലാണു കേരളം. കേരളീയർ കഴിക്കുന്നതു വിഷമാണ്. പരിസ്ഥിതി നാശം ഉച്ചകോടിയിലാണ്. ഇതൊന്നും ചർച്ച ചെയ്യാൻ ഇവിടത്തെ രാഷ്ട്രീയക്കാർ സമയം കണ്ടെത്തുന്നില്ല. ഇക്കാര്യത്തിൽ ബിജെപി വ്യക്തമായ നിലപാടു സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു.

ഇന്നു രാവിലെയാണു ബിജെ പി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരൻ ചുമതലയേറ്റത്. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയാണ് കുമ്മനം ചുമതലയേറ്റത്. സംസ്ഥാന അധ്യക്ഷൻ പദവി ആഭരണമായല്ല കാണുന്നത് എന്ന് ചുമതലയേറ്റ ശേഷം കുമ്മനം രാജശേഖരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കർത്തവ്യങ്ങൾ നിറവേറ്റാനുള്ള ചുമതലയാണ് പുതിയ പദവി. സമകാലീന വെല്ലുവിളികൾ ഏറ്റെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. ബിജെപിക്ക് കേരളത്തിൽ ജനമുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് അപ്രതീക്ഷിതമായി കുമ്മനത്തെ പ്രസിഡന്റാക്കാനുള്ള നിർദ്ദേശം വന്നത്. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ് കുമ്മനത്തെ പരിഗണിക്കാൻ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ആർ എസ് എസിന്റെ പിന്തുണയും കുമ്മനത്തെ പ്രസിഡന്റാക്കുന്നതിൽ നിർണായകമായി. ഡൽഹിയിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ കുമ്മനത്തിന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കുമ്മനം രാജശേഖരൻ. ഇതാദ്യമായാണ് ബിജെപിയുടെ സജീവ പ്രവർത്തകനല്ലാത്ത ഒരാൾ സംസ്ഥാന പ്രസിഡന്റാകുന്നതെന്ന സവിശേഷതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP