Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര താരങ്ങൾക്കും സമുദായ പ്രമാണിമാർക്കും സീറ്റു നൽകാൻ ബിജെപി; ഗണേശിനുപുറമെ സുരേഷ് ഗോപിയും ലാലു അലക്‌സും സമ്മതം മൂളിയതായി സൂചന; തുഷാർ വെള്ളാപ്പള്ളിക്കും സീറ്റ് വാഗ്ദാനം

ചലച്ചിത്ര താരങ്ങൾക്കും സമുദായ പ്രമാണിമാർക്കും സീറ്റു നൽകാൻ ബിജെപി; ഗണേശിനുപുറമെ സുരേഷ് ഗോപിയും ലാലു അലക്‌സും സമ്മതം മൂളിയതായി സൂചന; തുഷാർ വെള്ളാപ്പള്ളിക്കും സീറ്റ് വാഗ്ദാനം

കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കുകയല്ല, കേരളത്തിന്റെ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമായ സൂചനയാണ് നൽകുന്നത്. യു.ഡി.എഫും എൽ.ഡി.എഫുമായുള്ള നേർക്കുനേർ പോരാട്ടം മാത്രമാകില്ല കേരളത്തിന്റെ ഇനിമേലുള്ള രാഷ്ട്രീയമെന്ന് ബിജെപി ഉറപ്പിക്കുന്നു. നിയമസഭയിൽ പ്രതിനിധികളെ ഉറപ്പാക്കുന്നതിന് മികച്ച സ്ഥാനാർത്ഥികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പാർട്ടി. അതിനൊപ്പം സംഘടന ശക്തമാക്കുന്നതിനുള്ള നീക്കങ്ങളും അമിത് ഷാ ആരംഭിച്ചുകഴിഞ്ഞു.

താരനിബിഢമായ തിരഞ്ഞെടുപ്പാകും കേരളത്തിൽ നടക്കുകയെന്നുറപ്പാണ്. സിനിമാ താരങ്ങളെ പലരെയും സ്ഥാനാർത്ഥികളാക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫിന് അനഭിമതനായ മുന്മന്ത്രി ഗണേശ് കുമാർ ബിജെപിക്കുവേണ്ടി മത്സരിക്കാനുള്ള സാധ്യത ശക്തമായി നിൽക്കുന്നു. ഗണേശിന് പുറമെ, സുരേഷ് ഗോപിയെയും ലാലു അലക്‌സിനെയും മത്സരരംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവും മലയാളിയുമായ ഗുരു നായരാണ് സിനിമാ താരങ്ങളുമായുള്ളചർച്ചയ്ക്ക് ഇടനിലക്കാരനായി നിൽക്കുന്നത്. ചില സിനിമാ താരങ്ങളുമായി ചർച്ച നടത്തിയതായി ഗുരു നായർ സ്ഥിരീകരിച്ചു.

നേരത്തെ തന്നെ ബിജെപി അനുഭാവം പ്രകടമാക്കിയിട്ടുള്ളയാളാണ് സുരേഷ് ഗോപി. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലീഗ് മന്ത്രിയുടെ വകുപ്പിനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ഗണേശ് കുമാറിന് കാവി ബന്ധമുണ്ടെന്ന് കോൺഗ്രസ് മുഖപത്രം തന്നെ ആരോപിക്കുകയും ചെയ്തു. ലാലു അലക്‌സിനും ബിജെപി അനുഭാവമുണ്ട്. ഗുരുനായർ തന്നെ സമീപിച്ച കാര്യം ലാലു അലക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ താരങ്ങൾക്കിടയിൽ ഗണേശിനുള്ള സ്വാധീനം മുതലാക്കിയാണ് ബിജെപി ചർച്ചകൾ നടത്തുന്നത്. ശക്തമായ മുംബൈ ബന്ധങ്ങളുള്ള ഗുരുനായരുടെ സ്വാധീനവും ഉപയോഗിക്കുന്നു.

സിനിമാ താരങ്ങളെ മാത്രമല്ല, സമുദായ നേതാക്കളെയും ബിജെപി പാളയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. എസ്.എൻ.ഡി.പിയുടെ യുവജനവിഭാഗം നേതാവും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ബിജെപി ആലോചിക്കുന്നു. നിലവിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുന്നത് നായർ വിഭാഗത്തിൽനിന്നാണെന്നാണ് പാർട്ടിയുടെ നിഗമനം. ഈഴവ വിഭാഗത്തിൽനിന്നുകൂടി പിന്തുണ ഉറപ്പാക്കിയാൽ, കേരളത്തിൽ വിജയം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു. തുഷാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചനകൾക്ക് പിന്നിൽ അത്തരത്തിലൊരു വോട്ടുബാങ്ക് രാഷ്ട്രീയം കൂടിയുണ്ട്.

അതിനിടെ, കേരളത്തിലെ നേതാക്കൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, പാർട്ടിയിൽ അഴിച്ചുപണിക്കുള്ള നീക്കങ്ങൾ തുടങ്ങി. കേരളത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ദേശീയ സംഘടനാകാര്യ ജോയിന്റ് ജനറൽ സെക്രട്ടറി വി. സതീഷിനെ ഒഴിവാക്കി ആ സ്ഥാനത്തേയ്ക്ക് കർണാടകയിൽനിന്നുള്ള ദേശീയ സംഘടനാകാര്യ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ നിയോഗിച്ചിട്ടുണ്ട്. ആർഎസ്എസ് സംസ്ഥാന ഘടകത്തിന്റെ താൽപര്യം പരിഗണിച്ചാണ് അമിത് ഷാ ചുമതലക്കാരനെ മാറ്റിയത്. പാലക്കാട്ടു നടന്ന നേതൃയോഗത്തിൽ വി. സതീഷിനു പകരം ബി.എൽ. സന്തോഷാണ് പങ്കെടുത്തത്. ബി.എൽ. സന്തോഷും സംസ്ഥാന പ്രഭാരിയായ ദേശീയ സെക്രട്ടറി എച്ച്. രാജയുമാകും കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ സംസ്ഥാനത്തു നടപ്പാക്കുക.

സംസ്ഥാന ഘടകത്തിലെ മുരളീധരൻ - കൃഷ്ണദാസ് ഗ്രൂപ്പുപോരിനു വിരാമമിടാൻ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണിയാണ് ആർഎസ്എസ് സംസ്ഥാന ഘടകം നിർദ്ദേശിക്കുന്നത്. ശോഭാ സുരേന്ദ്രൻ, എം ടി. രമേശ്,ബി. രാധാകൃഷ്ണ മേനോൻ, കെ. സുഭാഷ് എന്നിവരെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. സംസ്ഥാന പ്രസിഡന്റ് പദവിയിൽ രണ്ടു ടേം പൂർത്തിയാക്കിയ മുരളീധരന് സ്ഥാനം ഒഴിയേണ്ടിവരും. കേരളത്തിൽ അംഗത്വ വിതരണം പൂർത്തിയാക്കി മാർച്ച് 31-നംകം സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.

ആർഎസ്എസ് സംസ്ഥാന ഘടകത്തിന്റെ താത്പര്യപ്രകാരമാകും ഇനി ബിജെപിയിൽ കാര്യങ്ങൾ നടക്കുകയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് വി.സതീഷിനെ കേരളത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനത്ത് ഉമാകാന്തനു പകരം കെ. സുഭാഷിനെ നിയോഗിക്കാനും സംസ്ഥാന ആർഎസ്എസ് ഘടകം തീരുമാനിച്ചിട്ടുണ്ട്.

അമിത് ഷാ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങൾക്ക് സ്വീകാര്യരായ നേതാക്കൾ ആരെന്ന് അന്വേഷിച്ചിരുന്നു. എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾക്ക് ഏറ്റവും താൽപര്യമുള്ള ബിജെപി നേതാക്കളാരെന്നറിയുകയായിരുന്നു ലക്ഷ്യം. എൻഎസ്എസ് നേതൃത്വത്തിനു ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോനോടും എസ്എൻഡിപി നേതൃത്വത്തിനു ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രനോടുമാണ് താൽപര്യമെന്നാണ് റിപ്പോർട്ട്. അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംസ്ഥാന ഉപാദ്ധ്യക്ഷൻ എം ടി. രമേശിന് പക്ഷേ, പ്രബല സമുദായങ്ങൾക്കിടയിൽ അത്ര ജനപ്രീതിയില്ലെന്നാണ് കണ്ടെത്തൽ. പരോക്ഷ വിമർശനം നടത്തി. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും നൽകിയശേഷമാണ് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP