Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ വാർഡ് പോലും ഉപേക്ഷിക്കാതെ കേരളം മുഴുവൻ മത്സരിക്കാൻ അമിത് ഷായുടെ നിർദ്ദേശം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടിയാകാൻ ഉറച്ച് ബിജെപി; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കൃത്യമായ പദ്ധതി ഒരുങ്ങുന്നു

ഒറ്റ വാർഡ് പോലും ഉപേക്ഷിക്കാതെ കേരളം മുഴുവൻ മത്സരിക്കാൻ അമിത് ഷായുടെ നിർദ്ദേശം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടിയാകാൻ ഉറച്ച് ബിജെപി; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കൃത്യമായ പദ്ധതി ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റ വാർഡുപോലും ഒഴിവാക്കാതെ എല്ലായിടവും മത്സരിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ സംസ്ഥാനഘടകത്തിന് നിർദ്ദേശം നൽകി. തദ്ദേശതിരഞ്ഞെടുപ്പിനുള്ള മാർഗരേഖ തയ്യാറാക്കി ജൂലായ് അഞ്ചിന് ബാംഗ്‌ളൂരിലെത്താൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനോട് അമിത്ഷാ ആവശ്യപ്പെട്ടു. അരുവിക്കരയിൽ വോട്ട് ശതമാനം കുത്തനെ ഉയർന്ന സാഹചര്യത്തിൽ സമയം പാഴാക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാനാണ് ആവശ്യം.

കേന്ദ്രത്തിൽ ബിജെപി തനിച്ച് ഭൂരിപക്ഷം നേടിയതോടെ പൊതുസമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനും അനാവശ്യ വിവാദങ്ങളിൽ പെടാതിരിക്കാനും സംസ്ഥാന നേതൃത്വത്തിന് അമിത്ഷാ നിർദ്ദേശം നൽകിയിരുന്നു. വ്യക്തമായ കാഴ്ചപാടും അവതരിപ്പിച്ചു. റിസൾട്ടുണ്ടാക്കിയില്ലെങ്കിൽ പുറത്ത് എന്ന വ്യക്തമായ സന്ദേശം നൽകിയതോടെ നേതൃനിരയൊന്നാകെ സജീവമായി. സംസ്ഥാനത്തെ നേതാക്കന്മാരെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളുമായി അമിത്ഷാ കഴിഞ്ഞ ഡിസംബറിൽ പാലക്കാട്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുവിക്കരയിൽ രാജഗോപാലിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചത്. അത് വിജയം കാണുകയും ചെയ്തു.

അരുവിക്കരയിൽ നാലുവർഷം കൊണ്ട് അഞ്ചിരട്ടി വോട്ടുകളുടെ വർദ്ധനയുണ്ടാക്കി കേരളത്തിൽ ബിജെപി വളരുകയാണ്. സ്വാധീനകേന്ദ്രമല്ലാത്ത അരുവിക്കരയിൽ ഏറ്റവും കൂടുതൽ വോട്ടുനേടുന്ന ഒറ്റക്കക്ഷിയായി നിയമസഭയിൽ അക്കൗണ്ട് തുറക്കാനുള്ള പടവുകൾ അതിവേഗം കയറണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. അതിനുള്ള ചവിട്ടുപടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. കേന്ദ്രത്തിൽ അധികാരത്തിലുള്ളതിനാൽ നിയമസഭയിൽ അക്കൗണ്ട് തുറക്കാതിരിക്കുന്നത് പാർട്ടിക്ക് ദേശീയ തലത്തിൽ പോലും ക്ഷീണമാണ്. ഈ സാഹചര്യം ഒഴിവാക്കിയേ പറ്റൂ. 25 മുനിസിപ്പാലിറ്റികളിലെങ്കിലും ഭരണം നിശ്ചയിക്കുന്ന ശക്തിയായി മാറണം. അതിലൂടെ മാത്രമേ മുന്നോട്ട് കുതിക്കാൻ കഴിയൂ എന്നാണ് അമിത് ഷായുടെ പക്ഷം.

തിരുവനന്തപുരം ജില്ലയിലാണ് ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളത്. കാസർഗോഡും പാലക്കാടും പഞ്ചായത്തുകൾ പിടിക്കണം. എല്ലാത്തിനുമപരി തിരുവനന്തപുരം കോർപ്പറേഷനിൽ നിർണ്ണായക ശക്തിയായി മാറണം. നിലവിൽ 5 കൗൺസിലർമാർ ഇവിടെയുണ്ട്. ഇത് നാലിരട്ടിയാക്കി കൂട്ടണമെന്നാണ് ആവശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രധാന പ്രതിപക്ഷമായി മാറിയാൽ അത് വലിയ ചർച്ചയാകും. സംസ്ഥാനത്തുടനീളം അതിന്റെ ഗുണം നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടുകയും ചെയ്യും. അതിനായുള്ള തന്ത്രങ്ങളാകും വിമുരളീധരനോട് അമിത് ഷാ വരും ദിനങ്ങളിൽ പങ്കുവയ്ക്കുക.

2006ൽ 2.06, 2011ൽ 6.61 ശതമാനം വീതം വോട്ടുനേടിയ ബിജെപി ഇത്തവണ 23.96 ശതമാനം വോട്ട് വിഹിതത്തോടെ അരുവിക്കരയിൽ കുതിച്ചുകയറ്റമാണ് നടത്തിയത്. അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷായുടെ തന്ത്രങ്ങളാണ് ബിജെപിയുടെ കുതിപ്പിന് പിന്നിൽ. ഒരുവർഷം മുൻപുനടന്ന പൊതുതിരഞ്ഞെടുപ്പിൽ നാലുശതമാനം വോട്ടുവളർച്ചയായിരുന്നു ബിജെപിക്ക്. 20 സ്ഥാനാർത്ഥികളും കൂടി 18,56,750 വോട്ട് പെട്ടിയിലാക്കിയപ്പോൾ വോട്ടുവിഹിതം 10.30 ശതമാനം. കൂടിയത് 8,45,187 വോട്ടുകൾ. തിരുവനന്തപുരത്ത് ഒ. രാജഗോപാൽ രണ്ടാംസ്ഥാനത്തുമെത്തി. ഈ മുന്നേറ്റം തുടരുന്നതിന്റെ സൂചനയാണ് അരുവിക്കരയും നൽകുന്നത്.

കേരളത്തിലെ മുന്നണിസംവിധാനത്തെ വെല്ലുവിളിച്ച് പുതിയൊരു മുന്നണിയുണ്ടാക്കാതെ ഒറ്റക്കക്ഷിയായി വളരാനുള്ള തന്ത്രങ്ങളാണ് ബിജെപി തയ്യാറാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 14 ശതമാനം വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP