Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേമം സ്റ്റേഷനെ 'വേൾഡ് ക്ലാസാക്കാനുള്ള' മുരളീധരന്റെ നീക്കത്തെ പൊളിച്ച് രാജഗോപാലിന്റെ ബഹിഷ്‌കരണം; എംഎൽഎയെ പിന്തിരിപ്പിച്ചത് പരിവാറുകാരുടെ ഇടപെടലെന്ന് സൂചന; ശശി തരൂരിനെ കരിഓയിൽ ഒഴിച്ചത് കൈപ്പത്തിക്ക് വോട്ട് കൂട്ടാനുള്ള ജില്ലാ നേതാവിന്റെ തന്ത്രമെന്ന് ആരോപിച്ച് മുരളീധര വിഭാഗവും; കുമ്മനം പോയതോടെ ബിജെപി നാഥനില്ലാ കളരി തന്നെ

നേമം സ്റ്റേഷനെ 'വേൾഡ് ക്ലാസാക്കാനുള്ള' മുരളീധരന്റെ നീക്കത്തെ പൊളിച്ച് രാജഗോപാലിന്റെ ബഹിഷ്‌കരണം; എംഎൽഎയെ പിന്തിരിപ്പിച്ചത് പരിവാറുകാരുടെ ഇടപെടലെന്ന് സൂചന; ശശി തരൂരിനെ കരിഓയിൽ ഒഴിച്ചത് കൈപ്പത്തിക്ക് വോട്ട് കൂട്ടാനുള്ള ജില്ലാ നേതാവിന്റെ തന്ത്രമെന്ന് ആരോപിച്ച് മുരളീധര വിഭാഗവും; കുമ്മനം പോയതോടെ ബിജെപി നാഥനില്ലാ കളരി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി ഗവർണ്ണറാക്കിയതിനെ തുടർന്ന് ബിജെപിയിലുണ്ടായ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെ സുരേന്ദ്രനെ ബിജെപിയുടെ പുതിയ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കിയ വി മുരളീധരനെ ഒറ്റപ്പെടുത്താൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചതായി സൂചന. കഴിഞ്ഞ ദിവസം വി മുരളീധരനൊപ്പം നേമം പൊലീസ് സ്‌റ്റേഷൻ സന്ദർശനത്തിന് ഒരുങ്ങിയ ഒ രാജഗോപാലിനെ പരിവാർ നേതൃത്വം വിലക്കിയെന്നാണ് സൂചന. ഇതിനൊപ്പം നേമത്തെ മണ്ഡലം ഭാരവാഹികളും വി മുരളീധരനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയില്ല. ഇതും ബിജെപിയെ നിയന്ത്രിക്കുന്ന പരിവാറുകാരുടെ ഇടപെടൽ മൂലമെന്നാണ് സൂചന. ഇതോടെ ചർച്ചയാകുന്ന ബിജെപിയിലെ ചേരിപോരിന്റെ രൂക്ഷതയാണ്.

ശശി തരൂരിനെതിരായ സമരത്തിന്റെ പേരിലും പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ട്. സുനന്ദാ പുഷ്‌കറിന്റെ ആത്മഹത്യാക്കേസിൽ ശശി തരൂരിനെ പ്രതിയാക്കിയപ്പോൾ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചില്ല. ഇതിൽ ബിജെപി ദേശീയ നേതൃത്വം അതൃപ്തരുമായിരുന്നു. കുമ്മനം രാജശേഖരനെ മാറ്റിയതിന് കാരണവും ഇതാണെന്നാണ് സൂചന. ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ബിജെപിക്കാർ ശശി തരൂരിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തി കരിഓയിലും ഒഴിച്ചു. എന്നാൽ ഇത്തരമൊരു സമരത്തിലൂടെ തിരുവനന്തപുരത്തെ ന്യൂനപക്ഷ വോട്ടുകളെല്ലാം ശശി തരൂരിന് ഉറപ്പാക്കുകയാണ് ചെയ്‌തെന്നാണ് ആക്ഷേപം ഉയരുന്നത്. ജില്ലയിലെ പ്രധാന നേതാവിന് ശശി തരൂരുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമാണ് വി മുരളീധരപക്ഷം ചർച്ചയാക്കുന്നത്. നേമത്തെ രാജഗോപാലിന്റെ വിട്ടുനിൽക്കലോടെ മറുവിഭാഗത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് മുരളീധര വിഭാഗം.

ബിജെപിക്ക് ആദ്യമായി എംഎൽഎ നൽകിയ മണ്ഡലമാണ് നേമം. ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ വികസനം ഏറെ നാളായി ബിജെപി ഉയർത്തുന്ന മുദ്രാവാക്യമാണ്. പാർലമെന്റിൽ ഈ സ്റ്റേഷൻ നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കാനായിരുന്നു വി മുരളീധരന്റെ നീക്കം. സ്ഥലം എംഎൽഎ കൂടിയായ രാജഗോപാലുമായും മുരളീധരൻ ഈ വിഷയം സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനിൽ രാജഗോപാലുമായി ഒരുമിച്ചെത്തി ചർച്ച നടത്തി കാര്യങ്ങൾ മനസ്സിലാക്കാൻ തീരുമാനമുണ്ടായത്. എന്നാൽ പറഞ്ഞ സമയത്ത് മുരളീധരൻ എത്തിയിട്ടും രാജഗോപാൽ വന്നില്ല. മണ്ഡലം ഭാരവാഹിയും വിട്ടു നിന്നു. ഇതിന് പിന്നിൽ ബിജെപിയിലെ ഒരുവിഭാഗമാണെന്നാണ് ഉയരുന്ന ആരോപണം. മുരളീധരനൊപ്പം പോകരുതെന്ന നിർദ്ദേശം രാജഗോപാലിനും മണ്ഡലം ഭാരവാഹിക്കും മുകളിൽ നിന്ന് കിട്ടിയെന്നാണ് ഉയരുന്ന ആരോപണം.

നേമത്തെ വികസനം ബിജെപിക്ക് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ സഹായിക്കുന്ന ഘടകം. ഇതിൽ പോലും ചിലർ ഗ്രൂപ്പുകളിക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിന്റെ പരാതി. കേരളത്തിലെ വികസന പ്രശ്‌നങ്ങൾ രാജ്യസഭയിൽ ചർച്ചയാക്കി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുരളീധരനെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാക്കി ബിജെപി ദേശീയ നേതൃത്വം മാറ്റിയത്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന് മുരളീധരനോട് താൽപ്പര്യമില്ല. ഈ അതൃപ്തി അമിത് ഷായേയും അറിയിച്ചിരുന്നു. കേരളത്തിലെ വിഷയങ്ങളിൽ മുരളീധരൻ ഇടപെടുന്നതിനോട് എതിർപ്പും അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് രാജഗോപാലിനെ മുരളീധരന്റെ നേമം സന്ദർശന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഉയരുന്ന വാദം.

ഇതോടെയാണ് ഹിന്ദു പാക്കിസ്ഥാനിലെ ശശിതരൂരിന്റെ ഓഫീസ് ആക്രമണം ചർച്ചയാക്കുന്നതും. തിരുവനന്തപുരം മണ്ഡലം ജയിക്കാനുള്ള ബിജെപി പദ്ധതിയെ അട്ടിമറിക്കലായി മാറി കരിഓയിൽ ഒഴിക്കലെന്നാണ് ഉയരുന്ന ചർച്ച. ന്യൂനപക്ഷങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ മുസ്ലിം വോട്ടുകൾ ശശിതരൂരിലേക്ക് മാത്രമായി കേന്ദ്രീകരിപ്പിക്കാനുള്ള ഗൂഡ ലക്ഷ്യമാണ് ഈ വിഷയമുയർത്തിയുള്ള സമരാഭാസത്തിലൂടെ ബിജെപി ജില്ലാ നേതൃത്വം ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. സുനന്ദാ പുഷ്‌കറിന്റെ ആത്മഹത്യാകേസിൽ ശശി തരൂരിനെതിരെ സമരം ചെയ്യാത്തവരാണ് ഇപ്പോൾ കരിഓയിലുമായെത്തിയതെന്നതും ദൂരൂഹമാണെന്ന് ഇവർ പറയുന്നു. ഇതോടെ ബിജെപി ഏറെ പ്രതീക്ഷകൾ വച്ചു പുലർത്തുന്ന തിരുവനന്തപുരത്ത് ബിജെപിയിലെ തമ്മിലടി പ്രശ്‌നങ്ങൾ ഗുരുതമാക്കുകയാണ്.

അതിനിടെ നേമത്തെ മുരളീധരന്റെ സന്ദർശനം പാർട്ടി പരിപാടിയായിരുന്നില്ലെന്നാണ് മറു വിഭാഗത്തിന്റെ വിശദീകരണം. ബിജെപി ജില്ലാ നേതൃത്വവുമായി ആരും ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും ജില്ലയിലെ പ്രമുഖൻ മറുനാടനോട് പറഞ്ഞു. രാജഗോപാലിനെ ആരും വിലക്കിയിട്ടില്ല. അസൗകര്യം കൊണ്ടാകാം രാജഗോപാൽ പോവാത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP