Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയിൽ ആർഎസ്എസ് കടന്നുകയറ്റം; അതൃപ്തരായി തിരുവനന്തപുരത്തെ നേതാക്കൾ; പാപ്പനംകോട്ട് കാലുവാരാൻ നീക്കം; പ്രതീക്ഷയോടെ ഇടതുപക്ഷം

ബിജെപിയിൽ ആർഎസ്എസ് കടന്നുകയറ്റം; അതൃപ്തരായി തിരുവനന്തപുരത്തെ നേതാക്കൾ; പാപ്പനംകോട്ട് കാലുവാരാൻ നീക്കം; പ്രതീക്ഷയോടെ ഇടതുപക്ഷം

തിരുവനന്തപുരം: പുനഃസംഘടനയുടെ മറവിൽ തിരുവനന്തപുരം ജില്ലയിലെ ബിജെപി മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയതിനെതിരേ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സജീവ ബിജെപി പ്രവർത്തകരെ ഒഴിവാക്കി, പാർട്ടിയിൽ പ്രാഥമികാംഗത്വംപോലുമില്ലാത്ത ആർഎസ്എസ് പ്രവർത്തകരെയാണ് പ്രസിഡന്റുമാരായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ലിസ്റ്റ് സംസ്ഥാന നേതൃത്വം പുറത്തിറക്കിയപ്പോഴാണ് പാർട്ടിപ്രവർത്തകർ വിവരമറിയുന്നത്. വിവിധ കാലങ്ങളിൽ ആർഎസ്എസ് അച്ചടക്ക നടപടികൾക്ക് വിധേയരാക്കിയവരെയാണ് ബിജെപിയുടെ മണ്ഡലം പ്രസിഡന്റുമാരാക്കി നിയമിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

പുതിയ മണ്ഡലം പ്രസിഡന്റുമാർക്ക് ബിജെപിയിൽ അഞ്ചുരൂപയുടെ പ്രാഥമികാംഗത്വംപോലും ഇല്ലെന്നാണ് ആക്ഷേപം. വർഷങ്ങളായി ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ മണ്ഡലം കമ്മിറ്റികളിൽ പോലും ഉൾപ്പെടുത്താതെ ഒഴിവാക്കിയത് ജില്ലാപ്രസിഡന്റ് സുരേഷിന്റെ അനുവാദത്തോടെയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ബിജെപി മുൻപ്രസിഡന്റ് വി മുരളീധരൻ ആർഎസ്എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ ആർ ഉമാകാന്തൻ പക്ഷക്കാരായ നേതാക്കളുടെ കൈയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംസ്ഥാനനേതൃത്വം കരുക്കൾ നീക്കുന്നത്. 45 വയസ് കഴിഞ്ഞവരെ ബിജെപിയുടെ ചുമതലയിൽനിന്ന് നീക്കുക എന്ന ലക്ഷ്യവും നേതൃത്വത്തിനുണ്ട്. ഏതുസാഹചര്യവും നേരിടുന്നതിന് പരിശീലനം ലഭിച്ച സംഘപ്രവർത്തകരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

അതേസമയം പാർട്ടിയെ ആർഎസ്എസ്സിന്റെ 'ബി ടീം' ആക്കുകയെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് പുനഃസംഘടനയിൽ അസംതൃപ്തരായ നേതാക്കൾ പറയുന്നത്. ബിജെപിയിൽ ജനാധിപത്യസ്വഭാവം ഇല്ലാതായതായും പണാധിപത്യം വർധിക്കുന്നുവെന്നും അവർ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലാകെ 100 കോടിരൂപ ബിജെപി കേന്ദ്രനേതൃത്വം ഒഴുക്കിയെന്നും ഇത് പല നേതാക്കളുടെയും ബാങ്ക് അക്കൗണ്ടിൽ സ്ഥിരനിക്ഷേപമായി മാറിയെന്നുമാണ് മറ്റൊരാരോപണം.

അതേസമയം വർക്കല മുതൽ പാറശ്ശാലവരെയുള്ള മണ്ഡലംകമ്മിറ്റികളുടെ പ്രസിഡന്റുമാരായി ആർഎസ്എസ്സ് നേതാക്കളെ റിക്രൂട്ട് ചെയ്തതിൽ അമർഷമുള്ള ഒരു വിഭാഗം ബിജെപി വിടാനുള്ള ആലോചനയിലാണ്. വർക്കല, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലെ അസംതൃപ്ത വിഭാഗം സിപിഐ (എം) ജില്ലാ നേതൃത്വവുമായി ചർച്ച നടത്തി. കഴക്കൂട്ടം കാട്ടായിക്കോണം മേഖലയിൽ സിപിഐ- എമ്മിനോട് പിണങ്ങി ബിജെപിയിൽ ചേക്കേറിയവരും അസംതൃപ്തരാണ്. ഇവർ തിരിച്ച് സിപിഐ- എമ്മിലേക്കുതന്നെ പോകാനൊരുങ്ങുകയാണ്.
കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു എംഎൽഎയെ ലഭിച്ച നേമം മണ്ഡലത്തിലും പൊട്ടിത്തെറിയുടെ വക്കിലാണ്. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത മണ്ഡലംപ്രസിഡന്റിന്റെകൂടെ പ്രവർത്തിക്കാനില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

തിരുവനന്തപുരം നഗരസഭയിൽ ബിജെപിയുടെ സിറ്റിങ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. ബിജെപിയുടെ കൗൺസിലറായ ചന്ദ്രന്റെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചന്ദ്രന്റെ ബന്ധുവായ ആശാനാഥ് ആണ് ഇവിടെ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്. മുൻ എസ്എഫ്‌ഐ പ്രവർത്തകയാണ് ആശാനാഥ്. നഗരസഭയിൽ സിപിഐ- എമ്മിന്റെ കുത്തകവാർഡായിരുന്ന പാപ്പനംകോട് ആദ്യമായി ബിജെപി പിടിച്ചെടുക്കുകയായിരുന്നു. സിപിഐ -എമ്മിലെ പടലപ്പിണക്കമാണ് ആ വാർഡ് അവർക്ക് നഷ്ടപ്പെടാൻ കാരണമായത്. ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സിപിഐ -എമ്മിനോട് കൂട്ടുകൂടാൻ ഒരുങ്ങുകയാണ് നേമം മണ്ഡലത്തിലെ അസംതൃപ്തരായ ബിജെപി നേതാക്കൾ.

സിപിഐ- എമ്മുമായി ഇവർ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന. എന്നാൽ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ മാത്രം ചർച്ചയാകാമെന്നാണ് സിപിഐ- എം നേതൃത്വത്തിന്റെ മറുപടി. ഇതോടെ പാപ്പനംകോട് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ആശാനാഥിനെ പരാജയപ്പെടുത്താനുള്ള അണിയറനീക്കങ്ങൾ ബിജെപിക്കുള്ളിൽതന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP