Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ പാർട്ടിയുണ്ടാക്കി ബിജെപി മുന്നണിയിൽ മത്സരിക്കുമെന്ന് സികെ ജാനു; സുൽത്താൻ ബത്തേരിയിൽ ആദിവാസി ഗോത്ര സഭാ നേതാവ് തന്നെ എൻഡിഎ സ്ഥാനാർത്ഥി; മേധാ പട്കറുടെ സമ്മർദ്ദം ഫലിച്ചില്ല

പുതിയ പാർട്ടിയുണ്ടാക്കി ബിജെപി മുന്നണിയിൽ മത്സരിക്കുമെന്ന് സികെ ജാനു; സുൽത്താൻ ബത്തേരിയിൽ ആദിവാസി ഗോത്ര സഭാ നേതാവ് തന്നെ എൻഡിഎ സ്ഥാനാർത്ഥി; മേധാ പട്കറുടെ സമ്മർദ്ദം ഫലിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച്, നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. സുൽത്താൻ ബത്തേരിയിലാകും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എൻ.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു പറഞ്ഞു. ബിജെപിയിലോ ബി.ഡി.ജെ.എസിലോ ചേരില്ലെന്നും വ്യക്തമാക്കി.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. എൻ.ഡി.എ സ്ഥാനാർത്ഥിയായി ജാനു സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ജാനുവിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഗോത്രമഹാസഭ നേതാക്കൾ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ജാനുവിന്റെ തീരുമാനം. ജാനുവിനെ ഫോണിൽ മേധാ പട്കർ എതിർപ്പറിയിച്ചിരുന്നു. നിരവധി പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ജാനുവിനെ ബിജെപിയുമായി അടുപ്പിച്ചത്. മത്സരിക്കുന്നതിനു മുന്നോടിയായി ജാനു വയനാട്ടിലെ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തിയപ്പോൾ സമ്മിശ്രപ്രതികരണമാണുണ്ടായത്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം

ജാനു എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്നതു നിരാശാജനകവും ഞെട്ടിക്കുന്നതുമാണെന്നു മേധാ പട്കർ ഗോത്രമഹാസഭാ നേതാക്കൾക്കയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇടതു പാർട്ടികളും കോൺഗ്രസും ആദിവാസികളെ തോൽപിച്ചവരാണ്. ഈ വിഷയത്തിൽ ബിജെപിക്ക് എങ്ങനെ പകരക്കാരാകാൻ കഴിയുമെന്നും മേധ ചോദിച്ചു. ജാതിയും മതവും നോക്കാതെ ഒട്ടേറെ ആദിവാസികൾ ചോരയും നീരും നൽകി വലുതാക്കിയ പ്രസ്ഥാനത്തിന്റെ അമരത്തുനിന്നു ബിജെപി. പാളയത്തിലേക്കു പോകരുതെന്നാണു സാമൂഹിക പ്രവർത്തകരുടെ നിലപാട്. എന്നാൽ സിപിഐ(എം) സമ്മർദ്ദത്തിലാണ് ഇത്തരം വാദങ്ങൾക്ക് പിന്നിലെന്ന് ജാനു വിഭാഗവും പറയുന്നു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ചു ചർച്ച തുടരുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും ജാനു പറഞ്ഞിരുന്നു. ഗോത്രമഹാസഭ യോഗത്തിൽ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം മാനിച്ചേ തീരുമാനമെടുക്കൂ. എന്തായാലും ബിജെപിയിലേക്കില്ല. എൻ.ഡി.എ. ഘടകകക്ഷിയായി മത്സരിക്കാനാണു താൽപര്യമെന്നും അവർ പറഞ്ഞു. ഗോത്രമഹാസഭയിലോ ജനാധിപത്യ ഊരുവികസനമുന്നണിയിലോ ചർച്ചചെയ്ായതെ സ്വന്തം താൽപര്യപ്രകാരം മത്സരിക്കാൻ തീരുമാനിച്ച ജാനുവിനെ പിന്തുണയ്ക്കില്ലെന്നു ഗോത്രമഹാസഭ കോഡിനേറ്റർ എം. ഗീതാനന്ദൻ വ്യക്തമാക്കി.

നേരത്തേ, തിരഞ്ഞെടുപ്പിൽ സികെ ജാനു ബിജെപിയുമായി സഹകരിക്കുമെന്ന് വാർത്ത വന്നിരുന്നു. പാർട്ടിയിൽ നിന്നും അകന്നു നിൽക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കഴിഞ്ഞ മാർച്ച് 19ന് എറണാകുളത്ത് ഊരുവികസനമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നേരിടാൻ പറ്റുന്ന സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടാണ് അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് മത്സരരംഗത്തിറങ്ങിയാൽ മതിയെന്നു തീരുമാനിച്ചത്.

പണിയരടക്കമുള്ള, അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ മുൻനിർത്തി മത്സരരംഗത്തുള്ളവർക്ക് പിന്തുണ നൽകാനായിരുന്നു ഊരു വികസന മുന്നണിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ജാനു പുതിയ പാർട്ടിയുണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP