Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളാപ്പള്ളി കൊടികെട്ടിയ കാറിൽ നടക്കുമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും വേണ്ടേ? തെരഞ്ഞെടുപ്പിൽ വിലപേശാൻ കളം ഒരുക്കി കത്തോലിക്കാ കോൺഗ്രസിന്റെ മോചന യാത്രയ്ക്ക് തുടക്കം

വെള്ളാപ്പള്ളി കൊടികെട്ടിയ കാറിൽ നടക്കുമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും വേണ്ടേ? തെരഞ്ഞെടുപ്പിൽ വിലപേശാൻ കളം ഒരുക്കി കത്തോലിക്കാ കോൺഗ്രസിന്റെ മോചന യാത്രയ്ക്ക് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് ബിജെപിയുമായി അടുത്ത് സ്ഥാനമാനങ്ങൾക്കായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചരട് വലികൾ നടത്തിയത്. എല്ലാം ആഗ്രഹിക്കുന്നത് പോലെ നടന്നാൽ വെള്ളാപ്പള്ളിക്ക് സർക്കാർ കാറിൽ ചീറിപ്പായനാകും. ബിജെപി വലിയ നേട്ടമുണ്ടാക്കിയാൽ വെള്ളാപ്പള്ളിയെ ഗവർണ്ണറോ മകൻ തുഷാറിനെ രാജ്യസഭാ അംഗമോ ആക്കും. ഈ രാഷ്ട്രീയത്തിന്റെ സാധ്യത കേരളത്തിലെ മറ്റ് സമുദായ സംഘടനകളും ഉപയോഗിക്കുകയാണ്.

കോൺഗ്രസിനൊപ്പമാണ് കത്തോലിക്കാകാർക്ക് എന്നും പ്രിയം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഇനി പിന്തുണയുള്ളൂ. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളോട് വിലപേശാൻ സീറോ മലബാർ സഭ അണിയറ നീക്കം തുടങ്ങി. സഭയുടെ അടുപ്പക്കാർക്ക് സീറ്റുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിക്കുന്ന രണ്ട് 'മോചനയാത്ര'കൾ ഇന്ന് പര്യടനം ആരംഭിക്കും. സഭാനേതൃത്വം നേരിട്ട് രംഗത്തിറങ്ങാതെ കത്തോലിക്കാ കോൺഗ്രസ് വഴി രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ് തന്ത്രം. ബിജെപിയോട് വെള്ളാപ്പള്ളിയെടുത്ത തന്ത്രമാണ് ഇവിടെയും പയറ്റുന്നത്.

പഞ്ചായത്തിൽ സ്വന്തം സ്ഥാനാർത്ഥികളെ ജയിപ്പിച്ച് പ്രാദേശിക രാഷ്ട്രീയ ശക്തിയായി മാറാനാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ കത്തോലിക്കാ കോൺഗ്രസിന്റെ ശക്തിപ്രകടനമായി മോചനയാത്രയെ മാറ്റും. കാർഷികപ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതിയുമാണ് മോചനയാത്ര ഉന്നയിക്കുന്നത്. യഥാർത്ഥ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പാണെന്ന് സഭാ വൃത്തങ്ങൾ പറഞ്ഞു. ഓരോ വാർഡിലും ചെലുത്താവുന്ന സ്വാധീനം ബോദ്ധ്യപ്പെടുത്തി മുന്നണി, പാർട്ടി ഭേദങ്ങളില്ലാതെ സഭയ്ക്ക് താൽപ്പര്യമുള്ളവർക്ക് സീറ്റ് നേടാനാണ് ശ്രമം. ബിജെപിയുമായും സഭ ആശയ വിനിമയം നടത്തും.

സീറോ മലബാർ സഭയ്ക്ക് സംസ്ഥാനത്ത് 44 ലക്ഷം അംഗങ്ങളുണ്ട്. സഭയുടെ രാഷ്ട്രീയ വിഭാഗമാണ് കത്തോലിക്കാ കോൺഗ്രസ്. 97 വർഷം മുമ്പ് ആരംഭിച്ചതാണിത്. കേരള കോൺഗ്രസിനോടാണ് സിറോ മലബാർ സഭയ്ക്ക് ആഭിമുഖ്യം .റബർ ഉൾപ്പെടെ കാർഷിക മേഖലയുടെ തകർച്ചയിൽ കേരള കോൺഗ്രസുകൾ നിസംഗത പുലർത്തിയെന്ന പരാതി വ്യാപകമാണ്. നേതാക്കൾ ഉൾപ്പെടെ അഴിമതി ആരോപിതരാകുകയും ചെയ്തതോടെയാണ് കത്തോലിക്കാ കോൺഗ്രസിനെ രാഷ്ട്രീയ ശക്തിയാക്കാൻ നീക്കം തുടങ്ങിയത്.

കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് വി.വി അഗസ്റ്റിൻ തിരുവനന്തപുരത്തു നിന്നും ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം കാസർകോട്ടു നിന്നും യാത്രകൾ നയിക്കും. എട്ടിന് അങ്കമാലിയിൽ സമാപിക്കും. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് റാലിയും നടത്തും. ഇത് രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപന സമ്മേളനമാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിലും സമർദ്ദ ശക്തിയാകാൻ കഴിയും. ഇതോടെ ഭരണത്തിലെ സ്വാധീനം കൂടുമെന്നാണ് സീറോ മലബാർ സഭയുടെ കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP