Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും മിണ്ടാതെ ചെന്നിത്തല; എല്ലാം പറഞ്ഞ് ജോർജും; കോഴക്കേസിലും ഗ്രൂപ്പുകളിയിലും വാതുറക്കാതെ ആഭ്യന്തര മന്ത്രി; ജനസമ്പർക്കം തറപരിപാടിയെന്ന് പിസി; രണ്ട് മാസത്തിനകം പൊതു തെരഞ്ഞെടുപ്പെന്നും മുൻ ചീഫ് വിപ്പ്

ഒന്നും മിണ്ടാതെ ചെന്നിത്തല; എല്ലാം പറഞ്ഞ് ജോർജും; കോഴക്കേസിലും ഗ്രൂപ്പുകളിയിലും വാതുറക്കാതെ ആഭ്യന്തര മന്ത്രി; ജനസമ്പർക്കം തറപരിപാടിയെന്ന് പിസി; രണ്ട് മാസത്തിനകം പൊതു തെരഞ്ഞെടുപ്പെന്നും മുൻ ചീഫ് വിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള സാധ്യത സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിസമ്മതിച്ചു. ബാർ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കുമോയെന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. നേതൃമാറ്റചർച്ച ഉയർത്തിക്കൊണ്ടുവരാൻ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. സോളാർ തട്ടിപ്പിന് പിന്നാലെ ബാർ കോഴയുമായി ബന്ധപ്പെട്ടും സർക്കാർ ആരോപണങ്ങളുടെ ശരശയ്യയിലായ സാഹചര്യത്തിലാണ് നേതൃമാറ്റത്തിന് ശ്രമിക്കുന്നത് എന്നാണ് യാഥാർത്ഥ്യം. ഇത്തരം ചോദ്യങ്ങൾക്കാണ് ചെന്നിത്തല മറുപടി പറയാത്തത്.

അതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പി.സി.ജോർജ് എംഎൽഎ. ജനസമ്പർക്ക പരിപാടിയിലൂടെ വില്ലേജ് ഓഫിസർമാരുടെ ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത്തരം തറപരിപാടികൾ മുഖ്യമന്ത്രി അവസാനിപ്പിക്കണം. ആയിരം രൂപയുടെ സഹായം നൽകാൻ മുഖ്യമന്ത്രിയുടെ ആവശ്യമില്ല. യഥാർഥ കാര്യങ്ങൾ മറച്ചുവയ്ക്കാനുള്ള തട്ടിപ്പാണ് ജനസമ്പർക്ക പരിപാടിയെന്നും പി.സി. ജോർജ് പറഞ്ഞു. ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം. മാണിക്കും എക്‌സൈസ് മന്ത്രി കെ. ബാബുവിനുമെതിരെ ക്വിക്ക് വെരിഫിക്കേഷൻ നടത്താത്തത് ഇരട്ടത്താപ്പാണ്. മണ്ടന്മാരായ കേരള കോൺഗ്രസുകാർക്ക് ഇതു മനസിലായിട്ടില്ല. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടി കടിച്ചു തൂങ്ങുകയാണ് കേരള കോൺഗ്രസുകാരെന്നും ജോർജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയില്ല. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തി കോൺഗ്രസ് എംഎൽഎമാർ തന്നോട് സംസാരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിക്ക് എതിരായ ജനവിധിയാക്കാനാണ് പിസി ജോർജിന്റെ ശ്രമം. ഇതിനായി വലതു പക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്ന തരത്തിൽ സ്ഥാനാർത്ഥിയേയും നിർത്തും. ഇതിന് രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണയുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെയാണ് ഐ ഗ്രൂപ്പും കോൺഗ്രസിനുള്ള മുഖ്യമന്ത്രിക്ക് എതിരെ നിലപാട് ശക്തമാക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും ചെന്നിത്തലയുടെ നീക്കങ്ങളെ തുറന്നുകാണിക്കാനും എ വിഭാഗവും സജീവമാണ്.

വി എസ്ഡിപി പിന്തുണയോടെ അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നത് ജോർജിന്റെ പരിഗണനയിലുണ്ട്. നിയമസഭയുടെ കാലാവധി നാല് വർഷം കഴിയുമ്പോൾ എംഎൽഎ സ്ഥാനം രാജിവച്ച് സർക്കാരിനെതിരെ രംഗത്ത് വരാനാണ് ജോർജിന്റെ പദ്ധതി. സോളാറിൽ ചില നിർണ്ണായക തെളിവുകളും ഈ സമയം പുറത്തുവിടും. അങ്ങനെ അരുവിക്കരയിലെ ജനവിധി കോൺഗ്രസിന് എതിരാക്കാനാണ് നീക്കം. അതിനിടെ കാർത്തികേയന്റെ ഭാര്യ സുലേഖയെ സ്ഥാനാർത്ഥിയാക്കാതിരിക്കാനും നീക്കം സീജവമാണ്. കുടുംബ വാഴ്ചയ്ക്ക് എതിരെ ശബ്ദമുയർത്തിയ തിരുത്തൽ വാദി നേതാവിന്റെ ഭാര്യ മത്സരിക്കുന്നത് ശരിയില്ലെന്ന വാദമാണ് ഉയർത്തുന്നത്. ഇത് അരുവിക്കരയിൽ നിറയ്ക്കാനാണ് ജോർജിന്റെ തന്ത്രം.

അതിനിടെ അരുവിക്കരയിൽ പിസി ജോർജ്, സ്ഥാനാർത്ഥിയെ നിറുത്തിയാലും കുഴപ്പമില്ലെന്ന് ധനമന്ത്രി കെഎം മാണി പ്രതികരിച്ചു. അത് യുഡിഎഫിന്റെ വിജയസാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP