Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരിച്ചടിക്കു കാരണം ഉമ്മൻ ചാണ്ടിയെന്ന ആഭ്യന്തര മന്ത്രിയുടെ കത്ത് തലവേദനയായി; മുഖ്യമന്ത്രിയെയും ചെന്നിത്തലയെയും സുധീരനെയും ഹൈക്കമാൻഡ് വിളിപ്പിച്ചു; ആഭ്യന്തര മന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോടിയേരി; ഉമ്മൻ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല വീണ്ടും

തിരിച്ചടിക്കു കാരണം ഉമ്മൻ ചാണ്ടിയെന്ന ആഭ്യന്തര മന്ത്രിയുടെ കത്ത് തലവേദനയായി; മുഖ്യമന്ത്രിയെയും ചെന്നിത്തലയെയും സുധീരനെയും ഹൈക്കമാൻഡ് വിളിപ്പിച്ചു; ആഭ്യന്തര മന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോടിയേരി; ഉമ്മൻ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ പുറത്തുവന്ന കത്ത് കോൺഗ്രസ് ഹൈക്കമാൻഡിനും തലവേദനയായി. കത്തു വിവാദമായതോടെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും വി എം സുധീരനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. അതിനിടെ, ഉമ്മൻ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു.

വരുന്ന 22ന് ഡൽഹിയിലെത്താനാണ് നേതാക്കൾക്കു ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. സംസ്ഥാനത്തു കോൺഗ്രസിനും യുഡിഎഫിനും നേരിടുന്ന തിരിച്ചടിക്കു കാരണം ഉമ്മൻ ചാണ്ടിയാണെന്നു ചൂണ്ടിക്കാട്ടിയാണു ആഭ്യന്തര മന്ത്രി ഹൈക്കമാൻഡിനു കത്തയച്ചത്.

നായർ വോട്ടുകൾ കൈവിടുന്നു, ഭരണത്തിൽ സർവ്വത്ര അഴിമതി, കെപിസിസിക്ക് ഏകോപനത്തിനു കഴിയുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് കത്തിൽ ഉന്നയിച്ചത്. ഹൈക്കമാൻഡിന് ചെന്നിത്തല കൊടുത്ത കത്ത് പുറത്തായതോടെ ഇങ്ങനയൊന്ന് അയച്ചില്ലെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി.

കത്തു തലവേദനയായതോടെയാണ് കേരളത്തിലെ സംഘടന-സർക്കാർ വിഷയങ്ങളിൽ ഇടപെടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനോട് 22ന് ഡൽഹിയിൽ തങ്ങാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ, ആഭ്യന്തരമന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. 

കേരളത്തിലെ പാർട്ടിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിന് അയച്ച കത്തിലാണ് മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തല രംഗത്തെത്തിയത്. തദ്ദേശ ഭരണ തെരഞ്ഞടുപ്പിൽ അടക്കം കോൺഗ്രസും യുഡിഎഫും നേരിട്ടത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നാണ് ചെന്നിത്തലയുടെ കത്തിലെ പരാമർശം.

കൈരളി ടിവിയാണ് ഈ കത്ത് പുറത്തുവിട്ടത്. ചില ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. കത്ത് കൈരളി പുറത്തുവിട്ടിട്ടും ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഹൈക്കമാണ്ടും കത്തിനെ കുറിച്ച് സ്ഥിരീകരിക്കുന്നില്ല. എന്നാൽ ഇത്തരമൊരു കത്ത് തദ്ദേശ തെരഞ്ഞടെുപ്പിന് പിന്നാലെ ചെന്നിത്തല നൽകിയെന്നാണ് കോൺഗ്രസിലെ എ വിഭാഗത്തിന്റെ നിലപാട്.

രൂക്ഷമായാണ് പുറത്തുവന്ന കത്ത് അനുസരിച്ച് മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല വിമർശിക്കുന്നത്. ഇരു കക്ഷി സംസ്ഥാനമായിരുന്ന കേരളത്തിൽ ബിജെപി പിടിമുറുക്കുകയാണെന്നും ഇക്കാര്യം തലനാരിഴ കീറിപരിശോധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തിൽ ബിജെപി ഒരു ശക്തിയായി വളരുകയാണ്. സംസ്ഥാനത്തെ ഹിന്ദു മത വിശ്വാസികൾ ബിജെപിയോട് അടക്കുകയാണ്. ഇതാണ് കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞുപ്പിൽ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മേൽക്കൈ ലഭിക്കാൻ വഴിയൊരുക്കിയത്. സംസ്ഥാനത്ത് ബിജെപി വലിയ രീതിയിൽ സാന്നിധ്യം അറിയിക്കുകയാണ്.

തിരുവനന്തപുരം കോർപറേഷനിൽ ചിലയിടങ്ങളിൽ സിപിഐ(എം) ജയിച്ചപ്പോൾ അവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായർ സമുദായക്കാർ ബിജെപിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതു ഗുരുതരമായ സംഭവവിശേഷത്തിലേക്കായിരിക്കും നയിക്കുക. ഇതു വേണ്ടവിധത്തിൽ പരിഹരിക്കണമെന്നും കത്തിൽ ചെന്നിത്തല പറയുന്നു. അഴിമതിക്ക് എതിരേയും പരമാർശവുമുണ്ട്.

നായർ സമുദായ വോട്ടുകളാണ് ചെന്നിത്തല ഉയർത്തിക്കാട്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ നേതൃമാറ്റം അനിവാര്യമാണെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. കോൺഗ്രസിലെ എ ഐ ഗ്രൂപ്പ് പോര് ശക്തമാക്കുന്നതാണ് ചെന്നിത്തലയുടെ കത്ത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേരളത്തിൽ സർവ്വത്ര അഴിമതിയാണെന്നും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതും എ വിഭാഗത്തിനെ ലക്ഷ്യമിട്ടാണ്. ബാർ കോഴയും സോളാറും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കത്ത് ചർച്ചയാകുന്നതും.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് തൊട്ടു പിന്നാലെ ചെന്നിത്തല ഡൽഹിയിൽ പോയിരുന്നു. അന്നാണ് ഈ കത്ത് കൈമാറിയതെന്നാണ് സൂചന. അതിനിടെ കത്തുകൊടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് ആരേയും വിമർശിക്കാനല്ലെന്നും സത്യം ഹൈക്കമാണ്ടിനെ അറിയിക്കുകയാണ് ചെയ്തതെന്നും ഐ ഗ്രൂപ്പ് അറിയിച്ചു. കെപിസിസി പ്രസിഡന്റിനെതിരേയും പരാമർശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര ഏകോപനത്തിന് സുധീരന് കഴിഞ്ഞില്ലെന്നാണ് വിമർശനം. 2010ൽ താൻ പ്രസിഡന്റായപ്പോഴുണ്ടായതിന് സമാനമായതൊന്നും സുധീരൻ ചെയ്തില്ലെന്നാണ് പരാതി.

അതായത് ഉമ്മൻ ചാണ്ടിയേയും സുധീരനേയും ലക്ഷ്യമിട്ടായിരുന്നു ചെന്നിത്തലയുടെ കത്ത് എന്നാണ് നിരീക്ഷണം. മുഖ്യമന്ത്രി സ്ഥാനത്ത് സുധീരനെത്തുന്നത് തടയുകയെന്ന ലക്ഷ്യവും കത്തിനുണ്ടെന്നാണ് വിലയിരുത്തൽ.

22ന് ഡൽഹിയിൽ എത്തുന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് കോർ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ.ആന്റണിയും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് രണ്ടുദിവസം കെപിസിസി ചർച്ചകളും, വിലയിരുത്തലും നടത്തിയതാണെന്നും, അവിടെ ചർച്ചയിൽ വരാത്ത കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാൻഡിന് അയച്ചതായി മാദ്ധ്യമങ്ങൾ പറയുന്ന കത്തിന്റെ ആധികാരികത വേണമെങ്കിൽ പരിശോധിക്കുമെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP