Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരു പറഞ്ഞാലും ചെന്നിത്തല വഴങ്ങില്ല; തന്റെ വകുപ്പിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അനുവദിക്കുകയുമില്ല; അഴിമതിക്കാരെ സംരക്ഷിക്കാൻ ഇനി വിജിലൻസിനെ ഉപയോഗിക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി; ചീഫ് എഞ്ചിനിയർമാരുടെ സസ്‌പെൻഷൻ മന്ത്രിസഭയിൽ ഉന്നയിക്കാൻ ലീഗ് മന്ത്രിമാർ; പ്രതിരോധം തീർക്കാൻ ഐ ഗ്രൂപ്പും

ആരു പറഞ്ഞാലും ചെന്നിത്തല വഴങ്ങില്ല; തന്റെ വകുപ്പിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അനുവദിക്കുകയുമില്ല; അഴിമതിക്കാരെ സംരക്ഷിക്കാൻ ഇനി വിജിലൻസിനെ ഉപയോഗിക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി; ചീഫ് എഞ്ചിനിയർമാരുടെ സസ്‌പെൻഷൻ മന്ത്രിസഭയിൽ ഉന്നയിക്കാൻ ലീഗ് മന്ത്രിമാർ; പ്രതിരോധം തീർക്കാൻ ഐ ഗ്രൂപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തത് പിൻവലിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അഴിമതിയുടെ കാര്യത്തിൽ വിട്ടു വീഴ്ചയ്ക്കില്ല. ബാർ കോഴയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വിജിലൻസിനെതിരെ വ്യാപക പ്രതിഷേധം നാട്ടുകാർക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ വിജിലൻസ് തീരുമാനങ്ങളെ തള്ളിക്കളയില്ലെന്നാണ് ആഭ്യന്തര വകുപ്പിലെ പൊതു നിലപാട്. ഇതാണ് മുഖ്യമന്ത്രിയേയും രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. അതിനിടെ അടുത്ത മന്ത്രസഭാ യോഗത്തിൽ വിഷയം ഉയർത്താൻ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടേയും നിലപാട്.

നളിനി നെറ്റോയുടെ നിലപാടിലെ കാർക്കശ്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അറിയാം. ഇതു സംബന്ധിച്ചുള്ള വിശദീകരണം ആഭ്യന്തര സെക്രട്ടറിയോടും മുഖ്യമന്ത്രി തിരക്കിയിട്ടുണ്ട്. കാര്യ കാരണങ്ങൾ സഹിതമാകും ഇക്കാര്യത്തിൽ നളിനി നെറ്റോ വിശദീകരണം നൽകുക. ആഭ്യന്തര വകുപ്പിന്റെ നടപടയിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിക്കും. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിക്കുന്നത് അഴിമതിക്കുള്ള സാധ്യത കൂട്ടും. ഇത്തരം കടുത്ത നടപടികളിലൂടെ മാത്രമേ അഴിമതിക്കാരെ നിയന്ത്രിക്കാൻ കഴിയൂവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. വിജിലൻസിന്റെ പ്രവർത്തനങ്ങൡ മുഖ്യമന്ത്രി ഇടപെടുന്നതിനേയും അനുവദിക്കില്ല. അഴിമതിക്കെതിരായ പോരാട്ടത്തെ ദുർബ്ബലപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി.

ആഭ്യന്തര വകുപ്പിനെതിരെ മന്ത്രിമാർ പരാതി തന്നാൽ അത് ആഭ്യന്തരമന്ത്രിയെ അറിയിക്കണം. അല്ലാതെ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പാലം നിർമ്മാണത്തിൽ എട്ട് കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് സസ്‌പെൻഡ് ചെയ്ത ചീഫ് എൻജിനിയർമാരെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടത് ശരിയായില്ല. പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാരുടെ കത്തുകളുടെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും നിർദ്ദേശം നൽകിയത് ചെന്നിത്തലയെ അവഹേളിക്കലാണെന്ന നിലപാട് തന്നെയാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പിനുമുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മറികടന്നുള്ള ഉമ്മൻ ചാണ്ടിയുടെ നേരിട്ട് ഇടപെട്ടൽ അംഗീകരിക്കേണ്ടെന്നാണ് ഗ്രൂപ്പ് തീരുമാനം.

കൺസ്ട്രക്ഷൻ കോർപറേഷൻ മുഖേന കടലുണ്ടി പാലം നിർമ്മിച്ചതിൽ വിജിലൻസ് എട്ട് കോടി രൂപയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ കൂടിയായ പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനിയർ ബി കെ സതീഷ്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ മഹാനുദേവൻ എന്നിവരെ ആഭ്യന്തരവകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിന്റെ കൂടി ഉപദേശം തേടിയെന്നാണ് ആഭ്യന്തരവകുപ്പ് പരോക്ഷമായി നൽകുന്ന സൂചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുമ്പ് സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് മന്ത്രിമാരുടെ ആവശ്യം. അല്ലെങ്കിൽ വിഷയം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കും.

വിജിലൻസ് ചട്ടങ്ങൾ പ്രകാരവും നടപടിക്രമങ്ങൾ പാലിച്ചുമാണ് സസ്‌പെൻഷൻ. പൊതുഭരണ വകുപ്പിന്റെ 1994 ലെ ഉത്തരവ് പ്രകാരമാണ് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇരുവരെയും സസ്‌പെൻഡ് ചെയ്യുംമുമ്പ് നിയമോപദേശം തേടിയിരുന്നു. അഴിമതിക്ക് മൂക്കുകയറിടുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടിയിൽ ഒരു തെറ്റുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. ഇത്തരം നടപടികൾ കർശനമാക്കാനാണ് തീരുമാനവും നീക്കവുമെന്നാണ് ചെന്നിത്തലയുടെ നിലപാട്. ചീഫ് എഞ്ചിനിയർമാർ അഴിമതിയിൽ കുടുങ്ങിയത് മന്ത്രിമാർക്ക് അറിയാമായിരുന്നു. അവർ വകുപ്പ് തല നടപടി എടുക്കാത്ത കൊണ്ടാണ് ആഭ്യന്തര വകുപ്പിന് തീരുമാനം എടുക്കേണ്ടി വ്ന്നതെന്നാണ് വിശദീകരണം.

എന്നാൽ മന്ത്രിമാരായ പി.കെ. ഇബ്രാഹിം കുഞ്ഞും പി.ജെ. ജോസഫും തങ്ങളോട് ആലോചിക്കാതെ നടപടി സ്വീകരിച്ചതിൽ ഇരുവരും അമർഷത്തിലാണ്. മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. അതിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ വിഷയം ഉയർത്താനാണ് വികെ ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനം. ഈ വിഷയത്തിൽ ലീഗിന്റെ അനുമതിയും ഇബ്രാഹിംകുഞ്ഞിന് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് പല സാങ്കേതിക ന്യായങ്ങളും പറയുന്നുണ്ട്. ഇതൊക്കെ ശരിയായിരിക്കാം. എന്നാൽ മന്ത്രസഭയുടെ കൂട്ടുത്തരവാദിത്വത്തമാണ് ലംഘിക്കപ്പെടുന്നത്. മന്ത്രിമാർ അറിയാതെ സസ്‌പെന്റ് ചെയ്യുമ്പോൾ അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന സൂചനയാണ് വിജിലൻസ് സമൂഹത്തിന് നൽകുന്ന്ത. ഇത് ശരിയല്ലെന്നാണ് നിലപാട്.

അഴിമതിക്കേസിൽ നടപടി സ്വീകരിക്കാൻ വകുപ്പ് മന്ത്രിമാരോട് ആലോചിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. കീഴ്‌വഴക്കമേയുള്ളൂ. ഘടകകക്ഷികളെ ആഭ്യന്തരമന്ത്രി ഉൾപ്പെട്ട ഐ ഗ്രൂപ്പിനെതിരെ തിരിച്ചുവിടുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യും മുമ്പ് വിവരം മന്ത്രി ഇബ്രാഹിം കുഞ്ഞിനോട് പറഞ്ഞിരുന്നു. എന്നിട്ടും നടപടി വിവാദമാക്കിയെന്നാണ് ആഭ്യന്തര മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. മന്ത്രി ജോസഫിനോട് പിന്നീടാണ് പറഞ്ഞത്. എന്നാൽ ഇബ്രാഹിംകുഞ്ഞാണ് വിഷയം ആദ്യം വിവാദമാക്കിയത്. വിജിലൻസിൽ ഇപ്പോഴുള്ള ചില കേസുകളെ സ്വാധീനിക്കാനാണ് നീക്കമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

കൺസ്ട്രക്ഷൻ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളെന്ന നിലയിലാണ് നിർമ്മാണ അനുമതി നൽകിയെന്നും തങ്ങൾ നിരപരാധികളാണെന്നുമാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട പി.കെ. സതീശിന്റെയും വി.കെ. മഹാനുദേവന്റെയും വാദം. കോർപറേഷൻ ചെയർമാൻ ടി ഒ. സൂരജും മാനേജിങ് ഡയറക്ടർ രാജുവും ബോർഡിൽ സമർപ്പിച്ച രേഖകൾ വിശ്വസിച്ചാണ് അനുമതി നൽകിയത്. നിരപരാധികളായ തങ്ങൾക്കെതിരെ സ്വീകരിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP