Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാണിയുടെ ആവശ്യം അംഗീകരിക്കും; ചീഫ് വിപ്പിനെ മാറ്റും; എകെയോട് ഉമ്മൻ ചാണ്ടി പറഞ്ഞത്; ജോർജ്ജിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചയ്ക്ക് കേരളാ കോൺഗ്രസിൽ സമ്മർദ്ദവും തുടരും; ഇതൊരു പ്രശ്‌നമല്ലെന്ന് ആന്റണി; ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

മാണിയുടെ ആവശ്യം അംഗീകരിക്കും; ചീഫ് വിപ്പിനെ മാറ്റും; എകെയോട് ഉമ്മൻ ചാണ്ടി പറഞ്ഞത്; ജോർജ്ജിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചയ്ക്ക് കേരളാ കോൺഗ്രസിൽ സമ്മർദ്ദവും തുടരും; ഇതൊരു പ്രശ്‌നമല്ലെന്ന് ആന്റണി; ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ ചർച്ച നടത്തി. പി സി ജോർജുമായി ബന്ധപ്പെട്ട് യു ഡി എഫിൽ ഉണ്ടായ പ്രതിസന്ധി അടക്കമുള്ളവയാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ചർച്ചയ്ക്കുശേഷം എ കെ ആന്റണി പറഞ്ഞു. ഇതിലും വലിയ പ്രതിസന്ധികൾ യു.ഡി.എഫ് അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാം അതിജീവിച്ചിട്ടുമുണ്ട്. സർക്കാർ പ്രതിസന്ധിയിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജോർജ്ജ് വിഷയത്തിലെ പ്രതിസന്ധി വിശദമായി തന്നെ മുഖ്യമന്ത്രി ആന്റണിയെ ധരിപ്പിച്ചു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ മാറ്റും. അല്ലാതെ പ്രശ്‌ന പരിഹാരം സാധ്യമില്ല. എതായാലും യുഡിഎഫ് വിട്ടു പോകില്ലെന്ന് ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോൺഗ്രസ് സെക്കുലർ പുനരിജ്ജീവിപ്പിച്ച് യൂഡിഎഫിൽ ജോർജ് തുടരുമെന്നും പറഞ്ഞതായി സൂചനയുണ്ട്. എന്നാൽ കെഎം മാണി ഇതൊന്നും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മാണിയെ അനുനയിപ്പിക്കാൻ ഇടപെടണമെന്നും ആന്റണിയോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ പ്രതിസന്ധി വലിച്ചു നീട്ടാൻ കഴിയില്ല. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ് രാജിവയ്ക്കും. എന്നാൽ മുന്നണിയിൽ ജോർജിനെ ഘടകകക്ഷിയായി തുടരാൻ അനുവദിക്കണം. ഇത് മാണിയെ കൊണ്ട് സമ്മതിപ്പിക്കണമെന്നാണ് ആന്റണിയോട് ഉമ്മൻ ചാണ്ടി വച്ച നിർദ്ദേശം. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നാളായി താൻ ഇടപെടാറില്ല. പക്ഷേ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണ്ടത് ചെയ്യാമെന്ന് ആന്റണി പറഞ്ഞു. പിസി ജോർജ്ജിനെ കയറൂരി വിടുന്നത് എന്തിന്റെ പേരിലായാലും ഗുണകരമാകില്ലെന്നും ഉമ്മൻ ചാണ്ടിയോട് ആന്റണി പറഞ്ഞു.

ഗൾഫിൽ യാത്രപോയി മടങ്ങിയെത്തിയാൽ ഉടൻ ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റും. ഇക്കാര്യത്തിലെ ഉറപ്പ് ധൈര്യമായി മാണിക്ക് നൽകാമെന്നും ആന്റണിയെ ഉമ്മൻ ചാണ്ടിയെ അറിയിച്ചു. മുസ്ലിം ലീഗ് അടക്കമുള്ള എല്ലാവരേയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകിയതാണ്. അവർ ആവശ്യപ്പെടുമ്പോൾ അതിന് അനുസരിച്ച് പ്രതികരിച്ചില്ലെങ്കിൽ അത് മുന്നണി സംവിധാനത്തെ ബാധിക്കും. എന്നാൽ ജോർജിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് മാണിയോട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിന് ആന്റണിയുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി.

എന്നാൽ, ചർച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറായില്ല. എല്ലാ കാര്യങ്ങളും കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിനെ പുറത്താകാതെ ഒത്തു തീർപ്പിനില്ലെന്ന മാണിയുടെ നിലപാടാണ് ജോർജിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

മുന്നണി നേതക്കളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. തീരുമാനം എടുക്കാതെ സമയം നീട്ടുകയായിരുന്നു മുഖ്യമന്ത്രിയുടെ തന്ത്രം. എന്നാൽ, രാത്രി എട്ടു മണിക്കകം തീരുമാനം എടുക്കണമെന്ന കടുത്ത നിലപാട് മാണി യു.ഡി.എഫിനെ അറിയിച്ചു. ജോസ് കെ. മാണി എംപിയും ഈ കടുത്ത നിലപാട് എടുത്തു. ഈ സാഹചര്യത്തിൽ, കോൺഗ്രസ് നേതൃത്വം പ്രശ്‌നം വിശദമായി ചർച്ച ചെയ്യുകയും കേരള കോൺഗ്രസിന്റെ നിലപാടിന് വഴങ്ങാനുള്ള ധാരണയിൽ എത്തുകയുമായിരുന്നു. മാണിയുടെ കടും പിടിത്തം കൊണ്ടാണ് പി.സി ജോർജിനെ മാറ്റിയത് എന്നു വരുത്തീർക്കുകയാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP