Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് മാണി; പരോക്ഷ പിന്തുണയുമായി മുസ്ലിംലീഗ്; മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറ പരിശോധിക്കണമെന്നും പിള്ള; ബാർകോഴയിൽ കലങ്ങി യുഡിഎഫ്‌

ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് മാണി; പരോക്ഷ പിന്തുണയുമായി മുസ്ലിംലീഗ്; മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറ പരിശോധിക്കണമെന്നും പിള്ള; ബാർകോഴയിൽ കലങ്ങി യുഡിഎഫ്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരെ തള്ളണം, ആരെ കൊള്ളണം? യുഡിഎഫ് രാഷ്ട്രീയം നേരിടുന്ന കടുത്ത പരീക്ഷണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ധനമന്ത്രി കെ എം മാണി ബാറുടമകളിൽ നിന്നും കോഴ വാങ്ങിയെന്ന് കേരളാ കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ള ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശിനോട് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിലൂടെ ഉണ്ടായിരിക്കുന്നത്. മുന്നണി മര്യാദകൾക്ക് വിരുദ്ധമായി തനിക്കെതിരെ ഗൂഢാലോച നടത്തിയ ബാലകൃഷ്ണ പിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ആർ.ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് നേതൃത്വത്തോടെ കേരള കോൺഗ്രസ്എം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഉടൻ ചേരും. ഇതിനായുള്ള അനൗപചാരിക കൂടിയാലോചനകൾ കൺവീനർ പിപി തങ്കച്ചൻ തുടങ്ങിക്കഴിഞ്ഞു. അതിനിടെ യുഡിഎഫ് കൺവീനർ ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച ചെയ്തു.

മുന്നണിയിൽ നിന്നുള്ളവർ തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വൻ പൊട്ടിത്തെറിയുണ്ടാക്കുമെന്നതിനാൽ ഇക്കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ബാർ കോഴ ആരോപണത്തിൽ തനിക്കെതിരേയുള്ള ഗൂഢാലോചന വ്യക്തമായെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ മുന്നണിയിൽ തുടരാൻ താത്പര്യമില്ലെന്നും മാണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനെ ശരിക്കും വിഷമവൃത്തത്തിലാക്കി. എന്നാൽ ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ നിലപാടിനോട് പ്രതികരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറായിട്ടില്ല. തൽക്കാലം മൗനം പാലിച്ച രക്ഷപെടാനാണ് പി സി ജോർജ്ജ് ഉദ്ദേശിക്കുന്നത്.

അതേസമയം യുഡിഎഫിൽ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള തുറന്നടിച്ച് വീണ്ടും രംഗത്തെത്തി. യുഡിഎഫിൽ നിന്ന് പുറത്താക്കിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പിള്ള പറഞ്ഞത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയാൽ സന്തോഷമെന്നും പുറത്തു വരുന്ന താൻ അകത്തുള്ളതിനെക്കാൾ ശക്തനായിരിക്കുമെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. പുറത്താക്കിയാൽ സന്തോഷം. അഴിമതിക്കെതിരായി പറഞ്ഞതിന് പുറത്താക്കിയാൽ വളരേയേറെ സന്തോഷിക്കുമെന്നും പിള്ള പറഞ്ഞു.

കെ എം മാണിക്കെതിരെ അഴിമതി ആരോപണം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് താൻ ആവശ്യപ്പെട്ടത് കഴിഞ്ഞ സെപ്റ്റംബർ 28 നാണ്. അന്ന് രാത്രി ഇക്കാര്യം മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറ പരിശോധിച്ചാൽ ഇത് മനസ്സിലാകും. ചിലപ്പോൾ ആ ക്യാമറ സരിതയുടെ കാര്യത്തിലെന്ന പോലെ നശിപ്പിച്ചിട്ടുണ്ടാകാമെന്നും പിള്ള പരിഹസിച്ചു. അഴിമതി കാണിച്ചവർ തുടരുകയും അത് ചൂണ്ടിക്കാട്ടിയവർ പുറത്താകുന്നതുമാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ രീതി. യുഡിഎഫിൽ നിന്ന് പുറത്താക്കട്ടെ അപ്പോൾ കൂടുതൽ കാര്യങ്ങൾ വെളുപ്പെടുത്താമെന്നും പിള്ള പറഞ്ഞു. മാണിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. താൻ അറിഞ്ഞതും തന്നോട് പറഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ് പുറത്ത് പറഞ്ഞതെന്നും പിള്ള വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി വിളിച്ചിട്ടാണ് അദ്ദേഹത്തെ കാണാൻ പോയത്. ഗണേശ് കുമാറും, മനോജും ഉമ്മൻ ചാണ്ടിയെ കാണാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി കൈക്കൂലി വാങ്ങിയതായി അറിവോ തെളിവോ ഇല്ല. പക്ഷെ കൈക്കൂലിക്കാരെ തനിക്ക് അറിയാമെന്നും പിള്ള പറഞ്ഞു. ഇത്രയും വലിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഞാൻ ആണെങ്കിൽ തുടരില്ലെന്നും കെ എം മാണി തുടരുമോ എന്ന ചോദ്യത്തിന് ഉത്തരമായി ബാലകൃഷ്ണപിള്ള പറഞ്ഞു.

വി എം സുധീരനും ഒരു മന്ത്രിക്ക് എതിരെ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സഹായിക്കേണ്ടവരെ എല്ലാം സഹായിക്കും. മുന്നണിയിൽ നിന്ന് പുറത്താക്കിയാൽ ഞാൻ രക്ഷപെട്ടു. നാലു വർഷമായി പാർട്ടിയെ സർക്കാരിനോട് അടുപ്പിച്ചിട്ടില്ലെന്നും പുറത്താക്കുമെന്ന ഭയം തനിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

മാണിക്ക് എതിരായ ഗൂഢാലോചന താൻ നടത്തിയിട്ടില്ലെന്നും പിള്ള പറഞ്ഞു. മന്ത്രിമാരുടെ അഴിമതി ചൂണ്ടിക്കാണിച്ച് ഇനി മുഖ്യമന്ത്രിക്ക് കത്തെഴുതാനില്ല. എഴുതിയ കത്തുകൾക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ക്യാബിനെറ്റുള്ള ദിവസം ആറരയ്ക്ക് ചെന്ന് മന്ത്രിമാരെ കണ്ടാൽ എന്തു കാര്യവും നടക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുന്നണിയിലുള്ള ബാലകൃഷ്ണപിള്ളയേക്കാൾ അതി ശക്തമാകും പുറത്താക്കിയാൽ ബാലകൃഷ്ണപിള്ള എന്നും അദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇനി കുറച്ച് ദൈവഭയത്തോടു കൂടി ജീവിക്കും. പ്രതിപക്ഷം നേരത്തെ കുറച്ച് ആക്ടീവ് ആകേണ്ടതായിരുന്നു. സരിതയുടെ കത്തിന്റെ ഒന്ന് രണ്ട് പേജുകൾ താൻ കണ്ടിട്ടുണ്ട്.ആ കത്ത് വേണമെങ്കിൽ കിട്ടുമായിരുന്നു എന്നും പിള്ള ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

അതിനിടെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിള്ളയ്ക്ക് എതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നു. ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് യോഗം വിളിച്ചുചേർക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ നേതാവ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു. മുന്നണിയിൽ ഒരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണം. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. മാണിക്ക് മുസ്‌ലിം ലീഗിന്റെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ട്. മാണിക്കെതിരേ പറഞ്ഞ കാര്യങ്ങൾ പിള്ള നിഷേധിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്ന് തന്നെയാണ് ലീഗിന്റെയും നിലപാട്. എന്നാൽ ഇക്കാര്യം ലീഗ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല.

പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരേ കെ.ബി.ഗണേശ്കുമാർ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും കടുത്ത നടപടിയുണ്ടായില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും ഗണേശിനെ മാറ്റിനിർത്തുക മാത്രമാണ് ചെയ്തത്. ഇനി ഇത്തരം നടപടികൾ പോരെന്നും കടുത്ത നടപടി വേണമെന്നുമാണ് കേരള കോൺഗ്രസ് എമ്മിന്റെയും ലീഗിന്റെയും നിലപാട്.

അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച യുഡിഎഫ് ഉപസമിതിയുടെ ബുധനാഴ്ചത്തെ യോഗം മാറ്റി. സമിതിയുടെ അധ്യക്ഷൻ ആർ.ബാലകൃഷ്ണപിള്ളയാണ്. പിള്ള ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ യോഗം മാറ്റിയത്. യോഗം മാറ്റിയതിന്റെ കാരണം യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്റെ നിർജീവ പ്രവർത്തനമാണ് പാലക്കാട്ടെ തോൽവിക്ക് കാരണമെന്ന് നേരത്തെ ഉപസമിതി കണ്ടെത്തിയിരുന്നു. കോൺഗ്രസ് ഘടകങ്ങൾ എം പി. വീരേന്ദ്രകുമാറിന് വേണ്ടി ശരിയായി പ്രവർത്തിച്ചില്ല. പ്രാദേശിക നേതാക്കളും പ്രചരണങ്ങളിൽ നിന്ന് വിട്ടു നിന്നുവെന്നാണ് ഉപസമിതി കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP