Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറുമാസമകലെ തിരഞ്ഞെടുപ്പ് യുദ്ധം കാത്തിരിക്കുമ്പോൾ തന്ത്രങ്ങളുടെ കെട്ടഴിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ ശിവസേനയെ പാട്ടിലാക്കി സഖ്യത്തിൽ തുടരാൻ ബിജെപി കളമൊരുക്കുമ്പോൾ വിശാലമതേതരസഖ്യത്തിന് പാർട്ടികളെ കൂട്ടി കോൺഗ്രസ്; പ്രതിപക്ഷ വോട്ടുകൾ ഒരുകാരണവശാലും ഭിന്നിക്കരുതെന്ന് രാഹുൽ ഗാന്ധിയുടെ കർശനനിർദ്ദേശവും

ആറുമാസമകലെ തിരഞ്ഞെടുപ്പ് യുദ്ധം കാത്തിരിക്കുമ്പോൾ തന്ത്രങ്ങളുടെ കെട്ടഴിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ ശിവസേനയെ പാട്ടിലാക്കി സഖ്യത്തിൽ തുടരാൻ ബിജെപി കളമൊരുക്കുമ്പോൾ വിശാലമതേതരസഖ്യത്തിന് പാർട്ടികളെ കൂട്ടി കോൺഗ്രസ്; പ്രതിപക്ഷ വോട്ടുകൾ ഒരുകാരണവശാലും ഭിന്നിക്കരുതെന്ന് രാഹുൽ ഗാന്ധിയുടെ കർശനനിർദ്ദേശവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലേർപ്പെടാനുള്ള ശ്രമത്തിലാണ്. ശിവസേനാനേതാവ് ഉദ്ധവ് താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരുപാർട്ടിക്കുമിടയിലെ പ്രശ്‌നങ്ങൾക്ക് അയവുവന്നതായാണ് ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.അതേസമയം, ബിജെപി.ക്കെതിരേ മഹാസഖ്യം രൂപപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ്-എൻ.സി.പി.സഖ്യത്തിൽ സ്വാധീനമുള്ള മറ്റു പാർട്ടികളെക്കൂടി ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

ഇടതുപാർട്ടികൾ, പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി, സ്വാഭിമാനി ഷേത്കാരി സംഘാടൻ, പ്രകാശ് അംബേദ്കർ നേതൃത്വം നൽകുന്ന ഭാരിപ് ബഹുജൻ മഹാസംഘ് എന്നീ പാർട്ടികളെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎം, സിപിഐ. പാർട്ടികളെയും ഒപ്പംകൂട്ടാൻ നീക്കമുണ്ട്. ബിജെപി - ശിവസേനാ ബന്ധം വഷളായി തുടരുന്ന പശ്ചാത്തലത്തിൽ വിശാല മതേതരസഖ്യത്തിനു നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

അടുത്തിടെ നടന്ന പാൽഘർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി. ജയിച്ചത് പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പു മുതലെടുത്താണെന്ന് പി.സി.സി. നേതൃത്വം കരുതുന്നു. ഇക്കാര്യംകൂടി ഉൾക്കൊണ്ടാണ് വിശാലസഖ്യ നീക്കം. ബിജെപി. വിരുദ്ധവോട്ടുകൾ ഒരു കാരണവശാലും ഭിന്നിക്കരുതെന്നതിനാണ് കോൺഗ്രസ് മുൻതൂക്കം നൽകുന്നത്.

മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ മല്ലികാർജുൻ ഖാർഗെ പി.സി.സി. അധ്യക്ഷൻ അശോക് ചവാൻ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുതിർന്ന നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ എന്നിവരുമായി സഖ്യസാധ്യതകളെപ്പറ്റി ചർച്ച നടത്തി. എൻ.സി.പി.യുമായുള്ള ഭിന്നതകൾ പരിഹരിച്ച് സഖ്യം ഉറപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ശരദ്പവാർ അടക്കമുള്ള എൻ.സി.പി. നേതാക്കളുമായി കോൺഗ്രസ് ദേശീയനേതൃത്വം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തും.

ബിജെപി. -ശിവസേനാ ബന്ധത്തിൽ വിള്ളലുകളുണ്ടെങ്കിലും രാഷ്ട്രീയസാഹചര്യങ്ങൾ അടുത്ത തിരഞ്ഞെടുപ്പിലും സഖ്യം തുടരാൻ ഇരുപാർട്ടികളെയും നിർബന്ധമാക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത്ഷാ പഞ്ചാബിൽ ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ, പ്രകാശ് സിങ് ബാദൽ തുടങ്ങിയവരെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ സ്ഥിരം സഖ്യകക്ഷിയാണു തങ്ങളെന്ന് സുഖ്ബീർ സിങ് ബാദൽ പ്രഖ്യാപിച്ചു. എൻഡിഎ സഖ്യത്തിലുള്ള കക്ഷികളെല്ലാം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന ആവശ്യം ആർഎസ്എസ് ഉന്നയിച്ചതായും വാർത്തകൾ വരുന്നുണ്ട്.നവംബർ -ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പ് നടത്തിയാൽ രാജസ്ഥാനിലേതടക്കമുള്ള നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റാലും വലിയ പരിക്കില്ലാതെ രക്ഷപ്പെടാമെന്നാണ് ആർഎസ്എസിന്റെ കണക്കുകൂട്ടൽ.ഇക്കാര്യത്തിൽ ബിജെപിയും കേന്ദ്ര സർക്കാരും എന്തുതീരുമാനമെടുക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP