Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പികെ ഇനി കേരളത്തിലെ ഡികെ എന്ന് ഒരുകൂട്ടർ; ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി പ്രസിഡന്റാക്കുമോ എന്ന് ട്രോളി മറ്റൊരു വിഭാഗം; രാജ്യസഭാ സീറ്റിനായി ഒരുവശത്ത് പിടിമുറുക്കി പിജെ കുര്യനും സീറ്റ് വിട്ടുകൊടുക്കണമെന്ന് യുവനിരയും വാദിക്കുന്നതിനിടെ 'മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി'; യുഡിഎഫിനെ ശക്തിപ്പെടുത്താൻ മാണിയെ കൂടെ നിർത്തിയേ തീരൂ എന്ന് വാദിച്ച് മുഖത്ത് തെളിച്ചമില്ലാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും; കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിതന്നെ

പികെ ഇനി കേരളത്തിലെ ഡികെ എന്ന് ഒരുകൂട്ടർ; ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി പ്രസിഡന്റാക്കുമോ എന്ന് ട്രോളി മറ്റൊരു വിഭാഗം; രാജ്യസഭാ സീറ്റിനായി ഒരുവശത്ത് പിടിമുറുക്കി പിജെ കുര്യനും സീറ്റ് വിട്ടുകൊടുക്കണമെന്ന് യുവനിരയും വാദിക്കുന്നതിനിടെ 'മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി'; യുഡിഎഫിനെ ശക്തിപ്പെടുത്താൻ മാണിയെ കൂടെ നിർത്തിയേ തീരൂ എന്ന് വാദിച്ച് മുഖത്ത് തെളിച്ചമില്ലാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും; കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിതന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ രാജ്യസഭാ സീറ്റ് ആർക്കെന്ന തർക്കം കുറച്ചുദിവസമായി തുടരുന്നതിനിടെ പൊടുന്നനെ ആ സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും ഒരുപക്ഷേ, പല മുൻനിര നേതാക്കളും കേൾക്കുന്നത്. ഒരുവശത്ത് ആ സീറ്റിൽ ഒരുവട്ടംകൂടി നോട്ടമുറപ്പിച്ച് സീനിയർ നേതാവ് പിജെ കുര്യൻ നിൽക്കുമ്പോൾ അതിനെ എതിർത്ത് കോൺഗ്രസിലെ യുവ നേതൃനിരതന്നെ രംഗത്തെത്തി. എന്നാൽ അത്തരത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിലൂടെ യുഡിഎഫിന് ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് ഇപ്പോൾ യുഡിഎഫിലേക്ക് തിരിച്ചെത്തുന്ന കെഎം മാണിയുടെ കേരളാ കോൺഗ്രസിന് നൽകാൻ ന്യൂഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചിരിക്കുകയാണ്.

ഇതോടെ കേരളത്തിൽ കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായേക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുൻ കെപിസിസി പ്രസിഡന്റുകൂടിയായ വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ഇത്തരമൊരു തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവരാണ് ഒടുവിൽ പത്രസമ്മേളനത്തിലൂടെ ഇക്കാര്യം നേരത്തെ തന്നെ ആലോചനയിൽ ഉണ്ടായിരുന്നു എന്നും മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനും യുഡിഎഫിനെ ശക്തിപ്പെടുത്താനും ഇത്തരമൊരു തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത്. എന്നാൽ ആരുടെ മുഖത്തും തെളിച്ചമില്ലായിരുന്നു. കേരളത്തിൽ ഇത് ആദ്യ കീഴ്‌വഴക്കമാണ്. രണ്ട് രാജ്യസഭാ സീറ്റിന് അർഹത വരുമ്പോൾ മാത്രമാണ് ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകാറ്. അല്ലെങ്കിൽ കോൺഗ്രസ് തന്നെ ആ സീറ്റിൽ മത്സരിക്കും.

ഇതാണ് അട്ടിമറിക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ, മുതിർന്ന നേതാക്കളൊഴികെ ആരും ഇത് അറിഞ്ഞുമില്ല. കുറച്ചുകാലമായി മാണിയെ തിരികെ യുഡിഎഫിലെത്തിക്കാൻ കുഞ്ഞാലിക്കുട്ടിയെ ആണ് ചുമതലപ്പെടുത്തിയതെന്നാണ് ഇന്ന് ഡൽഹിയിൽ പത്രസമ്മേളനത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞത്. എന്നാൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മാണിയുടെ കൂറ് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിൽ ഇത്തരമൊരു രാജ്യസഭാ സീറ്റിന്റെ വിലപേശൽ ഉണ്ടായിരുന്നു എന്ന വിവരം ആരും പങ്കുവയ്ക്കുന്നുമില്ല. കോൺഗ്രസിലെ മറ്റ് നേതാക്കളാരും അറിയാതെ ഇത്തരമൊരു നീക്കം നടത്തുകയും അത് ഹൈക്കമാൻഡിൽ അവതരിപ്പിച്ച് തന്ത്രപരമായി വിജയിപ്പിച്ചെടുക്കുകയും ചെയ്തതിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടു എന്ന നിലയിൽ പ്രതികരണങ്ങൾ വന്നുതുടങ്ങി.

ഇതിനകം തന്നെ ശക്തമായ പ്രതിഷേധവുമായി സുധീരൻ രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് സുധീരൻ ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് ഇതിന് കനത്ത വില നൽകേണ്ടിവരുമെന്നും സുധീരൻ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആറ് യുവ നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നേതാക്കളുടെ പ്രതികരണങ്ങൾ വന്നിട്ടുമില്ല. ഏതായാലും ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം വലിയ ദോഷമായി കോൺഗ്രസിനെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇത്തരമൊരു തീരുമാനമെന്നും ഏറെക്കാലമായി മാണിയെ തിരിച്ചുകൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നുമെല്ലാം ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും എ ഗ്രൂപ്പ് സാരഥി ഉമ്മൻ ചാണ്ടിയും വാദിച്ചാലും അത് കേരളത്തിലെ കോൺഗ്രസുകാരിൽ ഭൂരിപക്ഷംപേർക്കും ദഹിക്കില്ലെന്ന് ഉറപ്പാണ്.

ഗ്രൂപ്പടിസ്ഥാനത്തിൽ ഓരോ സ്ഥാനവും വീതംവയ്ക്കുന്ന സ്ഥിതിക്കെതിരെ വലിയ പ്രതിഷേധം വരുന്നതിനിടെയാണ് ഇക്കുറി ഗ്രൂപ്പിന്റെ പേരിൽ ചർച്ചയ്ക്ക് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും വരെ അടിപതറുന്ന സ്ഥിതിയിലേക്ക് കുഞ്ഞാലിക്കുട്ടി കാര്യങ്ങളെത്തിച്ചത്. ഇതോടെ കേരളത്തിലെ കോൺഗ്രസിനെ ലീഗിന് തീറെഴുതിക്കൊടുത്തോ എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ് ദുർബലമായെന്ന് വരുത്തി ഇപ്പോഴത്തെ അവസരം മുതലെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും മാണിയുമെന്നാണ് പൊതുവെ വിലയിരുത്തൽ.

ദേശീയ തലത്തിൽ എല്ലാ പ്രാദേശിക കക്ഷികളേയും കൂട്ടുപിടിച്ച് ബിജെപി വിരുദ്ധ മുന്നണിയെന്ന സങ്കൽപത്തിലാണ് രാഹുൽ അടുത്ത പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നത്. ഇതോടെ ഈ മർമ്മത്തിൽ പിടിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടേയും മാണിയുടേയും കളിയെന്ന് വ്യക്തം. കേരളത്തിൽ യുഡിഎഫ് സാധാരണഗതിയിൽ നേടുന്ന ലോക്‌സഭാ സീറ്റുകളിൽ ഉറച്ച മണ്ഡലങ്ങളിലെല്ലാം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും പിന്തുണ അനിവാര്യവുമാണ്. ഒരു വർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആരെയും പിണക്കാൻ രാഹുൽ തയ്യാറുമല്ല. ഈ തക്കം നോക്കിയാണ് ലീഗും കേരളാ കോൺഗ്രസും ഇപ്പോൾ രാജ്യസഭാ സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്.

ഗ്രൂപ്പിന്റെ തമ്മിൽത്തല്ലിനിടെ ഇത്തരത്തിലൊരു നീക്കം മുൻനിര കോൺഗ്രസ് നേതാക്കൾ പോലും പ്രതീക്ഷച്ചില്ലെന്ന് ചുരുക്കം. അതേസമയം, ഇതിനെല്ലാം പ്രേരകമായത് കർണാടകത്തിൽ കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചയാണ്. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിട്ടുപോലും ഭരണം പിടിക്കാനും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ സംസ്ഥാനത്ത് ഉറപ്പിക്കാനും മൂന്നാംസ്ഥാനക്കാരായ ദേവെഗൗഡയുടെ ദളിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. അങ്ങനെ കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനുമായി. കേരളത്തിലും മുഖ്യമന്ത്രി പദവി ഏറെക്കാലമായി സ്വപ്‌നം കാണുന്നവരാണ് കെഎം മാണിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ. ഒരുപക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിൽ മാണി യുഡിഎഫിലേക്കോ അല്ലെങ്കിൽ എൽഡിഎഫിലേക്കോ പോകാൻ തയ്യാറാകുമായിരുന്നു എന്ന നിലയിൽ വരെ ഊഹങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഒരു നീക്കംതന്നെയാണ് ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സോഷ്യൽ മീഡിയയിലും ഈ നീക്കത്തെപറ്റി ചർച്ചകൾ വന്നുതുടങ്ങി. പികെ ഇനി കേരളത്തിന്റ ഡികെ എന്ന മട്ടിൽ പികെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ ഡികെ ആകുമെന്നും കർണാടകത്തിലെ രാഷ്ട്രീയ ചാണക്യൻ ആയി മാറിയ ഡികെ ശിവകുമാറിന്റ റോളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇഷ്ടക്കാരനായി ഇനി കുഞ്ഞാലിക്കുട്ടി ഉണ്ടാകുമെന്നും ഉള്ള നിലയിലാണ് കാര്യങ്ങൾ ചർച്ചയാകുന്നത്. ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി അധ്യക്ഷൻ വല്ലതും ആക്കുമോ എന്ന നിലയിലും പ്രതികരണങ്ങൾ വന്നുതുടങ്ങി.

ഏതായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിന് കഴിയാതിരിക്കുകയും അതേസമയം ലീഗും കേരളാ കോൺഗ്രസും ശക്തി തെളിയിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ അത് സംസ്ഥാനത്തെ കോൺഗ്രസിന്റെ അടിത്തറതന്നെ ഇളക്കിയേക്കും. പിന്നീട് വരുന്ന അസംബ്‌ളി തിരഞ്ഞെടുപ്പിൽ ലീഗിന്റേയും കേരള കോൺഗ്രസിന്റേയും വിലപേശൽ ശക്തി ഇരട്ടിയാവുകയും ചെയ്യും. അതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ ലീഗോ മാണി കോൺഗ്രസോ അവകാശ വാദം ഉന്നയിച്ചുകൂടെന്നുമില്ല. അതേസമയം, ഇപ്പോഴത്തെ തീരുമാനത്തിൽ കോൺഗ്രസിനകത്ത് വലിയ തമ്മിൽത്തല്ലിലേക്ക് കാര്യങ്ങളെത്തുമെന്ന നിലയിലും വിലയിരുത്തലുകൾ വരുന്നു. ഇപ്പോൾ തന്നെ ഹൈക്കമാൻഡ് തീരുമാനത്തിന് എതിരെ ആറ് യുവ എംഎൽഎമാരും വി എം സുധീരനും ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയതോടെ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയൊരു തമ്മിൽത്തല്ലിന്റെ കാലമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP