Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിൽ വോട്ട് ചെയ്തില്ലെന്നു കോൺഗ്രസ്; ഉദുമയിലെ തോൽവിക്ക് ലീഗിനെ പഴിചാരി നേതാക്കൾ; കോൺഗ്രസിന്റെ സംഘടനാ ദൗർബല്യത്തിന് തങ്ങളെ പഴിക്കേണ്ടെന്ന് ലീഗ്: കണ്ണൂരും കാസർകോടും യുഡിഎഫിൽ പോരു മുറുകുന്നു

മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിൽ വോട്ട് ചെയ്തില്ലെന്നു കോൺഗ്രസ്; ഉദുമയിലെ തോൽവിക്ക് ലീഗിനെ പഴിചാരി നേതാക്കൾ; കോൺഗ്രസിന്റെ സംഘടനാ ദൗർബല്യത്തിന് തങ്ങളെ പഴിക്കേണ്ടെന്ന് ലീഗ്: കണ്ണൂരും കാസർകോടും യുഡിഎഫിൽ പോരു മുറുകുന്നു

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യു.ഡി.എഫിലും കോൺഗ്രസ്സിലും പോര് മുറുകുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും കാസർഗോഡ് ഉദുമയിൽ കെ.സുധാകരനും പരാജയപ്പെട്ടതിനു കാരണം മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ നിന്നും വോട്ട് മരവിപ്പ് ഉണ്ടായതാണെന്ന് കോൺഗ്രസ്സ് ഉന്നയിച്ചതോടെയാണ് ഇരു സംഘടനകൾക്കുമിടയിൽ ഭിന്നിപ്പ് പ്രകടമായത്.

ഉദുമ മണ്ഡലത്തിൽ ലീഗ് ശക്തികേന്ദ്രമായ ചെമ്മനാട് പഞ്ചായത്തിൽ 9,000 നു മുകളിൽ ലീഡ് പ്രതീക്ഷിച്ചപ്പോൾ 5,600 മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പള്ളിക്കരയിൽ 700 വോട്ടിന് ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് 3,000 വോട്ടുകൾക്കാണ് എതിരാളി മുന്നിട്ടു നിന്നത്. ഈ രണ്ടു കാര്യങ്ങളും എടുത്ത് ലീഗിനെ പ്രഹരിക്കുവാൻ നോക്കുകയാണ് കോൺഗ്രസ്സ്. എന്നാൽ കോൺഗ്രസ്സിന്റെ സംഘടന ദൗർബല്യമാണ് വോട്ട് മരവിക്കാൻ കാരണമെന്നും കോൺഗ്രസ്സ് സ്വാധീനമുള്ള സ്ഥലങ്ങളിൽ സുധാകരന് വോട്ട് ചോർച്ച ഉണ്ടായതെങ്ങനെയെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീൻ തിരിച്ചു ചോദിക്കുന്നു. ഉദുമ പിടിച്ചടക്കാൻ സുധാകരൻ എത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കളാണ് ആവശ്യപ്പെട്ടിരുന്നത്.

സുധാകരനൊപ്പം വന്ന കണ്ണൂർ ടീമാണ് ഉദുമയിലെ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. ഇവരുടെ മേധാവിത്തം ഉദുമയിലെ കോൺഗ്രസ്സുകാർക്ക് അത്ര കണ്ട് തൃപ്തികരമായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത ദിവസം മാത്രമാണ് ഉദുമ മണ്ഡലത്തിലെ പ്രാദേശിക പ്രവർത്തനം ശക്തമായത്. പ്രാദേശിക പ്രവർത്തകരെ വേണ്ട വിധം വിന്യസിക്കാൻ കണ്ണൂർ മോഡൽ പ്രവർത്തനങ്ങൾക്ക് ആയില്ല. എന്നാൽ സിപിഐ.(എം) അനുകൂല പഞ്ചായത്തുകളിൽ കോൺഗ്രസ്സ് പ്രവർത്തനം ശക്തമായിരുന്നതിനാൽ അവിടെ മുന്നേറ്റം നടത്തുകയും ചെയ്തു.

ദേലംപാടി, കുറ്റിക്കോൽ, ബേഡകം, എന്നിവിടങ്ങളിലായി എൽ.ഡി.എഫിന് 8,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ എൽ.ഡി.എഫിന്റെ ലീഡ് 6600 ഒതുക്കി കോൺഗ്രസ്സ് മുന്നിട്ടു നിന്നു. ഇത് ഉന്നയിച്ചാണ് ലീഗിനെ അടിക്കാൻ കോൺഗ്രസ്സ് ഒരുങ്ങുന്നത്. ലീഗ് കേന്ദ്രങ്ങളിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതാണ് പരാജയകാരണമായി കോൺഗ്രസ്സ് കാണുന്നത്. കോൺഗ്രസ്സും മുസ്ലിം ലീഗും പരസ്പരം തർക്കം ഉടലെടുത്തതോടെ കാസർഗോട്ടെ യു.ഡി.എഫ് നേതൃത്വം അങ്കലാപ്പിലാണ്.

കണ്ണൂർ മണ്ഡലത്തിലെ സതീശൻ പാച്ചേനിയുടെ തോൽവിയുടെ ഉത്തരവാദിത്വം ലീഗിന്റെ തലയിൽ കെട്ടാൻ കോൺഗ്രസ്സും കോൺഗ്രസ്സിനെ ആരോപിച്ച് ലീഗും രംഗത്തെത്തിയിരിക്കയാണ്. മുസ്ലിം കേന്ദ്രങ്ങളിൽ പോളിങ് ശതമാനം പതിവിലേറെ കുറഞ്ഞതിനാണ് കോൺഗ്രസ്സ് ലീഗിനെതിരെ ആരോപണമുന്നയിക്കുന്നത്. എന്നാൽ എടക്കാടുപോലുള്ള കോൺഗ്രസ്സ് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ലീഡ് നേടാനായത് കോൺഗ്രസ്സിന്റെ സംഘടനാ പിഴവിന് ഉദാഹരണമാണെന്ന് ലീഗും തിരിച്ചടിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളിലേറെയായി എൽ.ഡി.എഫിന് ബാലികേറാമലയായ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ്സ് -എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചു കയറിയതിൽ കോൺഗ്രസ്സിലും പ്രശ്‌നങ്ങൾ ഉയർന്നിരിക്കയാണ്. ഉദുമയിലെ പരാജയത്തേക്കാളേറെ കെ.സുധാകരനെ വേട്ടയാടുന്നത് കണ്ണൂർ മണ്ഡലത്തിലെ തോൽവിയാണ്.

എ.പി. അബ്ദുള്ളക്കുട്ടിയുടെ സിറ്റിങ്  മണ്ഡലമായ കണ്ണൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും സുധാകരന് ഒഴിയാനാവില്ല. കോൺഗ്രസ്സിനകത്ത് സുധാകരനെതിരേയും കണ്ണൂർ ഡി.സി.സി. ക്കെതിരേയും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. സതീശൻ പാച്ചേനിക്ക് കാര്യമായ സഹായങ്ങളൊന്നും ഡി.സി.സി. നേതാക്കൾ ചെയ്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഏറെക്കാലമായി മരവിച്ചു നിൽക്കുന്ന കണ്ണൂരിലെ കോൺഗ്രസ്സ് സംഘടനാ സംവിധാനത്തിന്റെ പോരായ്മയാണ് കണ്ണൂർ മണ്ഡലത്തിലെ പരാജയത്തിന്റെ കാരണമെന്നും എതിർഗ്രൂപ്പുകൾ ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. പ്രാദേശിക അവലോകനങ്ങൾ പുറത്തു വരുന്നതോടെ യു.ഡി.എഫിലും കോൺഗ്രസ്സിലും കലാപക്കൊടി ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP