Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധീരൻ പാർട്ടിയിലെ ക്യാൻസർ; സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ല; കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎമാർ; എല്ലാ കുഴപ്പങ്ങൾക്കും കാരണം സുധീരനെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും; മദ്യനയത്തിന് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ

സുധീരൻ പാർട്ടിയിലെ ക്യാൻസർ; സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ല; കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎമാർ; എല്ലാ കുഴപ്പങ്ങൾക്കും കാരണം സുധീരനെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും; മദ്യനയത്തിന് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ

തിരുവനന്തപുരം: മദ്യനയത്തിലെ തിരുത്തലുകൾ കോൺഗ്രസിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളച്ച എംഎൽഎമാരുടെ യോഗത്തിൽ കെപിസിസി പ്രസിഡന്റിന് രൂക്ഷ വിമർശനം. മദ്യനയത്തിൽ സുധീരനാണ് തെറ്റുചെയ്യുന്നതെന്ന് എ, ഐ ഗ്രൂപ്പ് എംഎൽഎമാർ ആരോപിച്ചു. മദ്യനയത്തിൽ സമവായത്തിന് ശ്രമിച്ചെന്നും ഒരാളുടെ നിലപാടാണ് പ്രശ്‌നമായതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചു. സർക്കാരിന്റെ പ്രവർത്തനത്തിന് കെപിസിസിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുറന്നടിച്ചു.

എ ഗ്രൂപ്പിൽ നിന്ന് പിസി വിഷ്ണുനാഥും ഐ ഗ്രൂപ്പിൽ നിന്ന് കെ മുരളീധരനുമാണ് സുധീരനെ കടന്നാക്രമിച്ചത്. സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ലാത്ത അവസ്ഥയാണ് സുധീരൻ ഉണ്ടാക്കിയതെന്നായിരുന്നു വിഷ്ണു നാഥിന്റെ വിമർശനം. പാർട്ടിയെ ബാധിച്ച ക്യാൻസറാണ് സുധീരനെന്നും വേണ്ടി വന്നാൽ അതിനെ വെട്ടിമാറ്റണമെന്നും കെ മുരളീധരനും ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത എല്ലാ എംഎൽഎമാരും സുധീരനെ തുറന്നെതിർത്തു. പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്യുന്ന പരസ്യ പ്രസ്താവനകൾ എല്ലാവരും ഒഴിവാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതോടെ മദ്യനയത്തിൽ സുധീരന്റെ നിലപാടുകൾ ബഹുഭൂരിപക്ഷം എംഎ‍ൽഎമാരും തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി.

സുധീരന്റെ നിലപാട് സർക്കാരിന്റെ പ്രതിശ്ചായ തകർത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമവായത്തിനും സമന്വയത്തിനുമാണ് ശ്രമിച്ചത്. എന്നാൽ ഒരാളുടെ എതിർപ്പ് കാര്യങ്ങൾക്ക് തടസ്സമായി എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ നിലപാട് എടുത്തു. നല്ല തീരുമാനങ്ങള്ക്ക് പോലും കെപിസിസി പ്രസിഡന്റിന്റെ പിന്തുണയില്ല. തന്റെ ഫോർമുല മുമ്പ് അംഗീകരിച്ചിരുന്നുവെങ്കിൽ 280 ബാറുകൾ പൂട്ടാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയും സർക്കാരും ഒന്നിച്ചു പോകണമെന്ന പൊതുവികാരമാണ് ഉയർന്നത്. സമവായത്തിന് ശ്രമിക്കാൻ മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ചുമതലപ്പെടുത്തുകയും ചെയ്തു. സുധീരന്റെ നീക്കങ്ങൾ ഹൈക്കമാണ്ടിനെ അറിയിക്കണമെന്നും അഭിപ്രായം ഉയർന്നു.

പാർട്ടി-സർക്കാർ ഏകോപനസമിതി വിപുലീകരിച്ചതും എംഎൽഎമാർ സുധീരനെതിരെ വിമർശനമാക്കി. പിജെകുര്യൻ, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ലാലി വിൻസന്റ് എന്നിവരെയാണ് ഏകോപനസമിതിയിലേക്ക് എടുത്തത്. എംഎൽഎമാരെ തഴഞ്ഞ് എംപിമാരെ ഉൾപ്പെടുത്തിയതാണ് ചോദ്യം ചെയ്യുന്നത്. സമിതിയിൽ സുധീരന് മേധാവിത്വമുറപ്പിക്കാനാണ് ഇതെന്നാണ് വിമർശനം. ഇത് കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമായി.

അതിനിടെ ആർക്കും എതിരായ യോഗമല്ല നടന്നതെന്ന് ബെന്നി ബെഹന്നാൽ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത പാർലമെന്ററീ പാർട്ടി യോഗത്തിൽ 31 എംഎൽഎമാർ പങ്കെടുത്തത്. എ ഗ്രൂപ്പിലെ മുഴുവൻ എംഎൽഎമാരും യോഗത്തിനെത്തി. ഐ ഗ്രൂപ്പിലെ ചിലർ മുൻകൂട്ടി അനുമതി നേടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്ററീ പാർട്ടി വിപ്പ് കൂടിയായ ടിഎൻ പ്രതാപൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മന്ത്രിമാരിൽ സിഎൻ ബാലകൃഷ്ണനും യോഗത്തിന് എത്തിയില്ല, പാലക്കാട് നിന്നുള്ള കെ അച്യുതൻ യോഗത്തിൽ പങ്കെടുത്തില്ല.

മദ്യനയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിച്ചത് വൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദ് മാത്രമാണ്. ആരോട് തീരുമാനിച്ചിട്ടാണ് ഞായറാഴ്ച ഡ്രൈഡേ വേണ്ടെന്ന തീരുമാനമെടുത്തത് എന്ന് ആര്യാടൻ ചോദിച്ചു. മദ്യനയത്തിലെ മാറ്റങ്ങളും ആരും ഒരിടത്തും ചർച്ച ചെയ്തില്ലെന്നും ആര്യാടൻ പറഞ്ഞു. ഏകപക്ഷീയമായി മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്ന പരോക്ഷ വിമർശനമാണ് ആര്യാടൻ ഉന്നയിച്ചത്. എന്നാൽ സുദീരൻ അണികളുടെ വികാരം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നതാണ് പ്രശ്‌നമെന്ന് തന്നെയാണ് ബാക്കിയെല്ലാം എംഎൽഎമാരും വിമർശനമുയർത്തിയത്.

യോഗം നിയമാനുസൃതമല്ലാത്തതിനാൽ തീരുമാനങ്ങൾക്ക് സാധുത ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ് കൂടിയായ പ്രതാപൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കെപിസിസി പ്രസിഡന്റിനെ അറിയിച്ചു മാത്രമേ പാർലമന്ററി പാർട്ടി വിളിക്കാവൂ എന്നും പ്രതാപൻ കത്തിൽ നിർദ്ദേശിച്ചിരുന്നു. അതിനിടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് സുധീരൻ വിശദീകരിച്ചിട്ടുണ്ട്. സ്പീക്കർ ജി കാർത്തികേയൻ അടക്കം 40 പേരാണ് പാർലമെന്ററീ പാർട്ടിയിലുള്ളത്. എന്നാൽ പാർലമെന്ററീ പാർട്ടിയല്ല, എംഎൽഎമാർ തന്നെ വന്ന് കാണുകയാണ് എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചിട്ടുണ്ട്. പ്രതിസന്ധി വളരെ രൂക്ഷമായതിനാൽ തങ്ങളുടെ ഉത്കണ്ഠ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിക്കാനാണ് എംഎൽഎമാരുടെ കൂടിച്ചേരലെന്ന് ഗ്രൂപ്പ് നേതാക്കളും നൽകുന്ന വിശദീകരണം.

എല്ലാ എംഎൽഎമാരെയും ക്ഷണിച്ചിരുന്നു.കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് അത് മാറ്റി അനൗപചാരിക കൂടിച്ചേരലാക്കിയത്. പാർലമെന്ററി പാർട്ടി വിളിക്കാൻ മുൻകൂർനോട്ടീസ് നൽകണം. കെപിസിസി പ്രസിഡന്റിനെയും അറിയിക്കണം. മാത്രമല്ല പാർലമെന്ററി പാർട്ടി വിളിക്കുമ്പോൾ അതിന് ഔപചാരികത വരും. അതൊഴിവാക്കാനാണ് കൂടിച്ചേരൽ മാത്രമാക്കിയത്.

പി ജെ കുര്യനെയും കെ സി വേണുഗോപാലിനെയും കൊടിക്കുന്നിൽ സുരേഷിനെയും ലാലി വിൻസന്റിനെയും ചേർത്താണ് പാർട്ടി-സർക്കാർ ഏകോപനസമിതി വിപുലീകരിച്ചത്. ഇക്കാര്യത്തിലും സുധീരൻ ഏകപക്ഷീയമായി നീങ്ങുകയായിരുന്നു. എംഎൽഎമാരെ സമിതിയിലേക്ക് പരിഗണിക്കാതിരുന്നതും കടുത്ത വിമർശനത്തിന് ഇടയാക്കി. ഏകോപന സമിതിയിൽ ഭൂരിപക്ഷം നേടുന്നതിന്റെ ഭാഗമായാണ് സുധീരന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP