Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഗേഷിനെ അനുനയിപ്പിക്കാൻ കച്ചവടലോബി രംഗത്ത്; കണ്ണൂർ സീറ്റ് ഉറപ്പിക്കാൻ രാഗേഷിന്റെ വീട്ടിൽ അബ്ദുള്ളക്കുട്ടി എംഎൽഎ; സ്ഥിരംസമിതികളിൽ കണ്ണും നട്ട് കോൺഗ്രസ്

രാഗേഷിനെ അനുനയിപ്പിക്കാൻ കച്ചവടലോബി രംഗത്ത്; കണ്ണൂർ സീറ്റ് ഉറപ്പിക്കാൻ രാഗേഷിന്റെ വീട്ടിൽ അബ്ദുള്ളക്കുട്ടി എംഎൽഎ; സ്ഥിരംസമിതികളിൽ കണ്ണും നട്ട് കോൺഗ്രസ്

രഞ്ജിത് ബാബു

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷിനെ കോൺഗ്രസ്സിനൊപ്പം നിർത്താൻ പാർട്ടിയിലെ കച്ചവടലോബി രംഗത്ത്. നാളെ നടക്കുന്ന കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാന്മാരുടെ തെരഞ്ഞെടുപ്പിൽ വിമതന്റെ പിൻതുണ ഉറപ്പാക്കാനാണ് കണ്ണൂരിലെ കച്ചവട ലോബിയുടെ കാവലാൾമാരായ കൗൺസിലർമാർ രംഗത്തിറങ്ങിയത്.

എന്നാൽ കാര്യങ്ങളുടെ പിന്നിലെ രഹസ്യം അറിഞ്ഞ രാഗേഷ് താനുന്നയിച്ച ഉപാധികൾ അംഗീകരിച്ച ശേഷം പാർട്ടിയുടെ യഥാർത്ഥ നേതാക്കൾ വരട്ടെയെന്ന നിലപാട് കടുപ്പിച്ചിരിക്കയാണ്. അതേസമയം കണ്ണൂർ എംഎ‍ൽഎ. എ.പി.അബ്ദുള്ളക്കുട്ടി രാഗേഷുമായി ചർച്ചചെയ്യാൻ പോയത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരിക്കയാണ്. കെ.സുധാകരനുമായി മാനസികമായി ഇടഞ്ഞ അബ്ദുള്ളക്കുട്ടി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.

കെപിസിസിയും ഡി.സി.സി.യും രാഗേഷുമായി ചർച്ചക്ക് നിയോഗിച്ചത് കെപിസിസി. ജനറൽ സെക്രട്ടറിയായ പി.രാമകൃഷ്ണനെയാണ്. രാമകൃഷ്ണൻ മുമ്പാകെ രാഗേഷ് ഉന്നയിച്ച കാര്യങ്ങളിൽ ഒന്നുപോലും ഡി.സി.സി. ഇതുവരെ നടപ്പാക്കിയിട്ടില്ല. കെപിസിസി. ജനറൽ സെക്രട്ടറിയായ സുമാ ബാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റുക, പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി അകാരണമായി പിരിച്ചുവിട്ട സഹകരണ ജോയിന്റ് രജിസ്ട്രാറേയും ബാങ്കിൽ കയറി അക്രമം കാട്ടിയ ടൗൺ എസ്.ഐ.യേയും സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങളാണ് രാഗേഷ് ഉന്നയിച്ചിരുന്നത്.

നാളെ രാവിലെ 11 മണിക്ക് മുമ്പ് രാഗേഷിനെ അനുനയിപ്പിച്ചില്ലെങ്കിൽ വിമതന്റെ പിൻതുണയുള്ളവർക്ക് ആറ് സമിതികളിൽ ചെയർമാൻ പദവി ലഭിക്കും. ധനകാര്യം, വികസനം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ടാക്‌സ് അപ്പീൽ, ക്ഷേമം, എന്നിവയാണ് സ്ഥിരം സമിതികൾ. ഇതിൽ വികസനം, പൊതുമരാമത്ത്, നഗരാസൂത്രണം, എന്നിവയിൽ കോൺഗ്രസ്സ് കണ്ണും നട്ട് കാത്തിരിക്കയാണ്.

രാഗേഷിനെ അനുനയിപ്പിക്കാൻ കെ.സുധാകരനും ഡി,സി.സി. പ്രസിഡണ്ടും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. കണ്ണൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കെന്ന് കരുതിയ കെ.സുധാകരൻ ഭൂമിയോളം താണു. തന്റെ അനുയായികളെ അയച്ച് രാഗേഷിനെ വരുതിയിലാക്കാനുള്ള സർവ്വ അടവുകളും എടുത്തു. എന്നിട്ടും പഴയ ശിഷ്യൻ വഴങ്ങുന്നില്ല. സുധാകരൻ ഗ്രൂപ്പിലെ എംഎ‍ൽഎ. യായ സണ്ണി ജോസഫാണ് ഒടുവിൽ രാഗേഷിനോട് ചർച്ച ചെയ്തത്. എന്നാൽ സണ്ണിയോടൊപ്പം പോയ പഴയ മുനിസിപ്പൽ വൈസ് ചെയർമാനെ രാഗേഷ് ഗൗനിച്ചേയില്ലെന്നും പറയുന്നു.

രാഗേഷ് വച്ച ഉപാധികൾ അഗീകരിക്കാൻ കെപിസിസി., ഡി.സി.സി.യോട് ഇന്നുതന്നെ ആവശ്യപ്പെടുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ഡി.സി.സി. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് രാഗേഷിനെ ഇത്തരം ഒരു നിലപാടിലേക്ക് എത്തിച്ചതെന്ന് കെപിസിസിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പി.രാമകൃഷ്ണനുമായി രാഗേഷ് നടത്തിയ ചർച്ചക്ക് മാത്രമേ സാധുതയുള്ളൂ. രാഗേഷ് പ്രശ്‌നത്തിൽ രാമകൃഷ്ണൻ എടുത്ത നിലപാട് കോൺഗ്രസ്സ് വൃത്തങ്ങളിൽ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്.

അതേസമയം രാഗേഷുമായി എ.പി. അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതിനെ സുധാകരവിഭാഗം പാർട്ടി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയിരിക്കയാണ്. അബ്ദുള്ളക്കുട്ടിയുടെ നടപടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് സമമാണെന്നും പ്രവർത്തകർ ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ള നടപടി എന്നും പറയുന്നു. രാഗേഷുമായി ചർച്ചചെയ്യാൻ അബ്ദുള്ളക്കുട്ടിയെ ആരും നിയോഗിച്ചിട്ടില്ല.

കണ്ണൂർ ലോകസഭാ സീറ്റിൽ പരാജയപ്പെട്ടതോടെ കെ.സുധാകരന്റെ നോട്ടം കണ്ണൂർ നിയമസഭാ മണ്ഡലത്തിലാണ്. രാഗേഷിന്റെ നിലപാടിലൂടെ കണ്ണൂർ സീറ്റ് കോൺഗ്രസ്സിന് ബാലികേറാമലയായിരിക്കയാണ്. രാഗേഷിനെ അനുനയിപ്പിക്കാൻ തന്ത്രവുമായി എത്തിയ അബ്ദുള്ളക്കുട്ടിയുടെ മനസ്സിലുള്ളതും കണ്ണൂർ സീറ്റെന്ന മോഹം മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP