Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിഷൻ വിസ്താറിൽ വാരണാസി ആരോപണം; ചൂലെടുത്ത് രാഷ്ട്രീയ ശുചീകരണത്തിനിറങ്ങിയ ആപ്പിന്റെ കേരള ഘടകത്തിലെ പ്രശ്‌നങ്ങളകറ്റാൻ പുനഃസംഘടനയ്ക്കുമാകുന്നില്ലേ?

മിഷൻ വിസ്താറിൽ വാരണാസി ആരോപണം; ചൂലെടുത്ത് രാഷ്ട്രീയ ശുചീകരണത്തിനിറങ്ങിയ ആപ്പിന്റെ കേരള ഘടകത്തിലെ പ്രശ്‌നങ്ങളകറ്റാൻ പുനഃസംഘടനയ്ക്കുമാകുന്നില്ലേ?

കൊച്ചി : ഡൽഹിയെ ചൂലെടുത്ത് ക്ലീനാക്കിയവരാണ് ആംആദ്മി പാർട്ടി. ആദ്യ തെരഞ്ഞെടുപ്പിൽ ഡൽഹി പിടിച്ച് അരവിന്ദ് കെജരിവാൾ താരവുമായി. അതിനപ്പുറത്തേക്ക് മുന്നേറാനുള്ള രാഷ്ട്രീയ കൗശലം ആപ്പിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. കേരളവും ഏറെ പ്രതീക്ഷയോടെയാണ് ഈ പുത്തൻ പാർട്ടിയെ കണ്ടത്. സമൂഹത്തിൽ അനീതിക്ക് എതിരെ വാളേന്തയി സാറാ ജോസഫിനെ പോലുള്ളവരും അപ്പിലെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലും അപ്പിന് നല്ലകാലമായിരുന്നില്ല. സംഘടനാ സംവിധാനത്തിലെ പാളിച്ചകളും വ്യക്തമായി. ഈ സാഹചര്യത്തിലാണ് പാർട്ടി പുനഃസംഘടനയെത്തിയത്. അതു ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. ആം ആദ്മി തരംഗമായ സമയത്ത് സംസ്ഥാനത്ത് മുൻനിരയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗത്തേയും ഒഴിവാക്കി. സാറാ ജോസഫിലാണ് പുതിയ പ്രതീക്ഷ. പക്ഷേ അപ്പോഴും പ്രശ്‌നങ്ങൾ തീരുന്നില്ല.

പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനങ്ങളിൽ അണികളെ കണ്ട് ഇടക്കാല ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് മിഷൻ വിസ്താർ പദ്ധതി മുന്നോട്ട് വച്ചു. ബാംഗ്‌ളൂരിൽ മത്സരിച്ച പ്രൊഫ. ബാബു മാത്യുവായിരുന്നു കേരളത്തിലെ നിരീക്ഷകൻ. എല്ലാ ജില്ലകളിലുമായി അറുന്നൂറിൽപ്പരം പാർട്ടി അംഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് പുനഃസംഘടനാ പട്ടികയുണ്ടാക്കിയത്.

പുതിയ ഇടക്കാല സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ കൺവീനർമാരുടെയും പട്ടിക 'മിഷൻ വിസ്താർ' പ്രക്രിയയിലൂടെയാണ് തയ്യാറാക്കിയത്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇഷ്ടക്കാരെ മാത്രം സംസ്ഥാന നേതൃത്വത്തിൽ തിരികികയറ്റിയെന്നാണ് ആക്ഷേപം. അതുകൊണ്ട് ജില്ലാ കൺവീനർമാരുൾപ്പെടെയുള്ള പട്ടിക പ്രഖ്യാപിക്കുന്നില്ല. പാർട്ടി തലവൻ അരവിന്ദ് കേജ്‌രിവാളിനുവേണ്ടി വാരണാസിയിൽ പ്രചാരണത്തിന് പോയവരാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് സൂചന. കോഴിക്കോടും എറണാകുളത്തും ഭാരവാഹികളെ കണ്ടെത്താനുമായില്ല.

ഈ വിവാദത്തിനിടെ പുതുതായി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കുസുമം ജോസഫ്, അംഗങ്ങളായ മനോജ് പത്മനാഭൻ, നിജിൽ ജോർജ് എന്നിവർ ചുമതലയേൽക്കാൻ വിസമ്മതിച്ചെന്നാണ് സൂചന. അതിനിടെ രണ്ടു മാസത്തേക്ക് സമിതിയിൽ നിൽക്കണമെന്ന് മിഷൻ വിസ്താർ പ്രതിനിധികൾ ഇവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കുസുമം ജോസഫ് ഒഴിഞ്ഞാൽ ഡിസംബർ മുതൽ ഡി. മോഹനനാകും സെക്രട്ടറി.

എറണാകുളത്ത് മത്സരിച്ച അനിതാപ്രതാപ്, സെക്രട്ടറി ബി.ആർ. സുരേഷ്, വക്താവ് കെ.പി. രതീഷ്, അഡ്വ. ഹരിലാൽ തുടങ്ങിയവരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

സംസ്ഥാന സമിതി
സാറാജോസഫ് (കൺവീനർ), കുസുമം ജോസഫ് (സെക്രട്ടറി), അജിത് ജോയ്, ഡി. മോഹനൻ, എം.എൻ. കാരശേരി, സി.ആർ. നീലകണ്ഠൻ, റിട്ട. ജസ്റ്റിസ് സദാനന്ദൻ, മനോജ് പത്മനാഭൻ, നിജിൽ ജോർജ് (അംഗങ്ങൾ).

ജില്ലാ കൺവീനർമാർ
റോഷ്‌നി അനിൽകുമാർ (തിരുവനന്തപുരം), അജിത്കുമാർ (കൊല്ലം), മാമ്മൻ എം.മാമ്മൻ (പത്തനംതിട്ട), സോമനാഥൻപിള്ള (ആലപ്പുഴ), ഡോ. ഷൈനി റൗഫ് (കോട്ടയം), ടി.കെ.ജോസ് (ഇടുക്കി), ബഷീർ (എറണാകുളം), നിഷാദ് (തൃശൂർ ), അറുമുഖൻ (പാലക്കാട്), അബ്ദുൾ സഗീർ (മലപ്പുറം), പ്രൊഫ.ഉമ്മർ (കോഴിക്കോട്), തങ്കച്ചൻ (വയനാട്), ഡോ.ജെയ്‌സൺ (കണ്ണൂർ), രവീന്ദ്രൻ (കാസർകോട്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP