Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പന്ന്യൻ രവീന്ദ്രൻ ആരോടും മിണ്ടാതെ അവധിക്ക് പോകുന്നു; ഞങ്ങൾ ആരും അറിഞ്ഞില്ലെന്ന് സർവ നേതാക്കളും: കോഴ വിവാദം സിപിഐയുടെ അടിവേര് അറുക്കുന്നു

പന്ന്യൻ രവീന്ദ്രൻ ആരോടും മിണ്ടാതെ അവധിക്ക് പോകുന്നു; ഞങ്ങൾ ആരും അറിഞ്ഞില്ലെന്ന് സർവ നേതാക്കളും: കോഴ വിവാദം സിപിഐയുടെ അടിവേര് അറുക്കുന്നു

കണ്ണൂർ: സ്ഥാനാർത്ഥി വിവാദത്തിലും അച്ചടക്ക നടപടിയിലും സിപിഐയിൽ പ്രശ്‌നങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അവധിയിൽ പ്രവേശിച്ചു. കക്കാടുള്ള വീട്ടിൽ ഇന്നലെയാണ് അദ്ദേഹമെത്തിയത്. തലശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ ഇന്നലെ അദ്ദേഹം പങ്കെടുത്തിരുന്നു. ആഗസ്റ്റു മാസം മുഴുവൻ അദ്ദേഹം വീട്ടിലുണ്ടാകുമെന്നാണ് സൂചന.


എന്നാൽ അവധിയിൽ പ്രവേശിച്ചതല്ലെന്നും ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിനെത്തിയതാണെന്നും പന്ന്യൻ രവീന്ദ്രൻ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളായതിനാൻ കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയതുമില്ല. പകരം ചുമതല ആർക്കും നൽകിയിട്ടില്ല. അതേ സമയം പന്ന്യൻ അവധിയിൽ പ്രവേശിക്കുന്ന കാര്യം നേതാക്കളാരും അറിഞ്ഞില്ല. പന്ന്യൻ അവധിയെടുത്തത് അറിഞ്ഞില്ലെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളിൽ പാർട്ടിയിൽ നടപടികൾ തുടരുന്നതിനിടെയാണ് പന്ന്യൻ അവധിയിൽ പ്രവേശിച്ചത്. നിലവിലെ പ്രശ്‌നങ്ങളിൽ അദ്ദേഹം അതൃപ്തനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ബെന്നറ്റിന് സീറ്റ് നൽകിയത് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സിപിഐയിൽ പ്രശ്‌നങ്ങൾക്ക് തുടക്കം. പിന്നീട് ഇത് സംബന്ധിച്ച കൂടുതൽ തെളിവുകളുമായി ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി രംഗത്ത് വന്നു. പണം വാങ്ങിയെന്നും എന്നാലത് മുതിർന്ന നേതാക്കളുടെ കൂടെ അറിവോടെയാണെന്നുമാണ് വെഞ്ഞാറമ്മൂട് ശശി പറഞ്ഞത്. തുടർന്ന് സിപിഐയിലെ പ്രശ്‌നങ്ങൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെഞ്ഞാറമ്മൂട് ശശിയെ സ്ഥാനത്ത് നിന്ന് മാറ്റി. പി.രാമചന്ദ്രൻ നായരെ നിർവാഹക സമിതിയിൽ നിന്നും ജി്ല്ലാ ഘടകത്തിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തു. പന്ന്യൻ രവീന്ദ്രനും ദേശീയ കൗൺസിൽ അംഗം സി.ദിവാകരനുമെതിരെ ദേശീയ നേതൃത്വത്തോട് ശുപാർശ ചെയ്യാനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പന്ന്യൻ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ബെനറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയതിൽ വീഴ്ച വന്നുവെന്നും അതിന്റെ പേരിലാണ് സി.ദിവാകരനും പി. രാമചന്ദ്രനുമെതിരെ നടപടിയെടുത്തതെന്നും പന്ന്യൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതേ സമയം സിപിഐ പുറത്താക്കിയ വെഞ്ഞാറമ്മൂട് ശശി ആർഎസ്പിയിലേക്ക് പോകാൻ തീരുമാനിച്ചത് ഇന്നലെയാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആരോഗ്യ കാരണങ്ങളാലാണ് പന്ന്യൻ അവധിയെടുത്തതെന്നാണ് വിശദീകരണം. രണ്ടുമാസം മുമ്പുണ്ടായ വീഴ്ചയിൽ പന്ന്യന് കാലിനും നട്ടെല്ലിനും പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഈ വിശ്രമവും അതിന്റെ ഭാഗമാണെന്നാണ് വിശദീകരണം. ഡൽഹിയിൽ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കേരളാ ഹൗസിലെ കുളിമുറിയിൽ വീണ് പന്ന്യന് ഗുരുതരമായി പരിക്കേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP