Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഎസിന് എതിരായ കുറ്റപത്രം കീറിക്കളയുമോ? തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ(എം) കേന്ദ്രകമ്മിറ്റി; മത - സമുദായ സംഘടനകളെ ആശ്രയിക്കരുതെന്നും നിർദ്ദേശം; ജനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി ബിജെപിയുടെ വളർച്ച ചെറുക്കാനും തീരുമാനം

വിഎസിന് എതിരായ കുറ്റപത്രം കീറിക്കളയുമോ? തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ(എം) കേന്ദ്രകമ്മിറ്റി; മത - സമുദായ സംഘടനകളെ ആശ്രയിക്കരുതെന്നും നിർദ്ദേശം; ജനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി ബിജെപിയുടെ വളർച്ച ചെറുക്കാനും തീരുമാനം

ന്യൂഡൽഹി: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഒരുമിച്ച് നിർത്തി മുന്നോട്ടു പോകാൻ സിപിഐ(എം) കേന്ദ്രകമ്മിറ്റി പാർട്ടി സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. വിഎസിന് പാർട്ടി വേദി അനുവദിക്കാത്തത് അടക്കമുള്ള നടപടികൾ തിരുത്തി ഐക്യത്തിനുള്ള ആഹ്വാനമാണ് സിപിഐ(എം) കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാർട്ടിയിലെ ഐക്യം നിലനിറുത്താനും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. വിഎസുമായി ഇടഞ്ഞുപോകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന പൊതു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയുടെ ഇപ്പോഴത്തെ നിർദ്ദേശം. ഇതോടെ പാർട്ടി അച്ചടക്കം ലംഘിച്ചെന്ന പേരിൽ വിഎസിന്റെ വീഴ്‌ച്ചകൾ അക്കമിട്ട് നിരത്തികൊണ്ട് പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ കുറ്റപത്രം കീറിക്കളയേണ്ടി വരുമെന്ന കാര്യം ഉറപ്പായി.

കേരളത്തിൽ മതസമുദായ സംഘടനകളെ ആശ്രയിക്കരുതെന്നും സംസ്ഥാന ഘടകത്തോട് സിപിഐ(എം) കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. മത സംഘടനകളും സമുദായ സംഘടനകളും സിപിഎമ്മിന് എതിരായ നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശം. വർഗീയതയ്‌ക്കെതിരെ പ്രചാരണം ശക്തമാക്കാനും ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

ജനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കണം. കേരളത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കണം. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ മുന്നേറ്റം ഗൗരവമായി കാണുകയും സിപിഐ(എം) ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും വേണമെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിപിഐ(എം) പ്ലീനം ഡിസംബർ 27 മുതൽ 30വരെ കൊൽക്കത്തയിൽ നടത്താനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. എസ്എൻഡിപി അടക്കമുള്ള പിന്നോക്ക സമുദായ സംഘടനകൾ ബിജെപിയോട് കൂടുതൽ അടുക്കുന്ന സാഹചര്യത്തിലാണ് പാർട്ടി പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് മുമ്പായിട്ടായിരുന്നു വി എസ് അച്ചടക്കത്തിന്റെ സീമകളെല്ലാം ലംഘിച്ചെന്ന് കാണിച്ച് പാർട്ടി സംസ്ഥാന നേതൃത്വം പരസ്യമായി ശാസിച്ചത്. പാർട്ടി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ട ശേഷവും വിഎസിന് അന്ത്യശാസനം നൽകുന്നുവെന്ന വിധത്തിൽ വാർത്താക്കുറിപ്പിറക്കി. ഇതോടെ വിഎസിനെ പുറത്താക്കുമെന്ന പ്രതീതി പോലും ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് വിഎസിന് പാർട്ടിപരിപാടികളിൽ വേദിപോലും നൽകിയിരുന്നില്ല. ഇതിനിടെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ വി എസ് ഇവിടെ മുഖ്യപ്രചാരകന്റെ റോളിലെത്തി. പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. എന്നാൽ പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നതോടെയാണ് പാർട്ടിയിലെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന തോന്നൽ കൂടുതലായി കേന്ദ്രനേതാക്കൾക്കും ഉണ്ടായത്.

കേന്ദ്രകമ്മിറ്റി യോഗത്തിൽ പാർട്ടിയിൽ ഐക്യമുണ്ടാകണം എന്ന് നിർദേശിച്ചതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത് മറ്റൊന്നുമല്ല. വിഎസും പിണറായിയും ഒരുമിച്ച് നിൽക്കണം എന്നതു തന്നെയാണ്. ഇരുനേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇപ്പോഴത്തെ നിലയിൽ എൽഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കുകയുള്ളൂ. അരുവിക്കര തിരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിൽ ഉയർത്തുന്ന ഭീതി പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് കുടപിടിക്കുന്ന സമീപനമാണ് ഈഴവ സമുദായത്തിന്റെ സംഘടനയായ എസ്എൻഡിപി സ്വീകരിക്കുന്നതും. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. അടുത്തിടെ സിപിഎമ്മിനെ മനപ്പൂർവ്വം ആക്രമിക്കുന്ന സമീപനമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചത്. ഇതിന്റെ പേരിൽ പിണറായി വിജയനും വെള്ളാപ്പള്ളിയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മത-സാമുദായിക സംഘടനകുമായി കൂട്ടുവേണ്ടെന്ന കേന്ദ്രനിർദേശവും പുറത്തുവന്നിരിക്കുന്നത്.

നേരത്തെ മലബാറിലെ മുസ്ലിംവോട്ട് ലക്ഷ്യമിട്ട് സിപിഐ(എം) ചില നീക്കങ്ങൾ നടത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുമായി അടുക്കാനായിരുന്നു സംസ്ഥാന നേതൃത്വം ശ്രമിച്ചത്. സംസ്ഥാനനേതൃത്വത്തിന്റെ സമ്മതതോടെ കെ.ടി ജലീൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കാന്തപുരവുമായി വിശദമായ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന് കാന്തപുരത്തെ ഒപ്പം കൂട്ടുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നൂഡൽഹിയിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിനിടെ, വി എസ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് ഇക്കാര്യം അറിയിച്ചെന്ന കാര്യം ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി.

പാർട്ടി ആസ്ഥാനത്ത് ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ, കാന്തപുരവുമായി അടുക്കാനുള്ള നീക്കം അപകടമാണെന്ന് വി എസ്. യെച്ചൂരിയെ അറിയിച്ചിരുന്നു. പൊന്നാനിയിൽ മഅ്ദനിയുമായി വേദി പങ്കിട്ട ദുരനുഭവത്തിൽനിന്ന് പാഠം ഉൾക്കൊള്ളണം. മദദനി ബന്ധം സിപിഎമ്മിന് ദോഷംചെയ്തുവെന്ന് പാർട്ടി പിന്നീട് വിലയിരുത്തിയതാണ്. കാന്തപുരം വിഭാഗവുമായി അടുക്കുന്നത് സമാന അനുഭവമാണ് ഉണ്ടാക്കുകയെന്ന് വി എസ്. കേന്ദ്ര നേതൃത്വ അറിയിച്ചു. ഇത്തരം സഖ്യനീക്കങ്ങൾ തടയാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നും വി എസ് ആവശ്യപ്പെട്ടു.

കാന്തപുരം എ.പി വിഭാഗം, സമ്‌സത ഇ.കെ വിഭാഗവുമായുള്ള കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ എൽ.ഡി.എഫ് അനുകൂല നിലപാടാണ് എടുത്തിരുന്നത്. വത്തക്ക സുന്നികൾ (പുറമെ പച്ച അകത്ത് ചുവപ്പ്) എന്നും അരിവാൾ സുന്നികൾ എന്നും മുൻകാലങ്ങളിൽ ഇവർക്ക് പേരുവീഴാൻ കാരണവും ഇതുതന്നെ. എന്നാൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നടത്തിയ അനുനയ ശ്രമങ്ങളുടെ ഭാഗമായി ഇവർ യു.ഡി.എഫിലേക്ക് ചായുകയായിരുന്നു.

എന്തായാലും സമുദായ സംഘടനകളുമായുള്ള കൂട്ട് വേണ്ടെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റിയുടെ നീക്കം നട്ടെല്ലുള്ള നിലപാടാണെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന പൊതുവികാരം പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ട്. ഇപ്പോഴത്തെ തീരുമാനത്തെ പൊതുവേ സ്വീകരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന സംശയവും ചില സംസ്ഥാന നേതാക്കൾ പങ്കുവെക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP