Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2004ലെ 18 റിക്കോർഡ് ആവർത്തിക്കാൻ ചെങ്ങന്നൂർ മോഡൽ സഹായിക്കുമോ? മലപ്പുറവും പൊന്നാനിയും ഒഴികെ മുഴുവൻ സീറ്റുകളും നേടാൻ പദ്ധതിയൊരുക്കാൻ സിപിഎം; ഏരിയാ സെക്രട്ടറിമാർ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെയുള്ള മുഴുവൻ നേതാക്കളെയും വിളിച്ചു പാർട്ടി ശിൽപ്പശാലയിൽ ഉയരുന്നത് കൃത്യമായ പദ്ധതികൾ; ആദ്യാവസാനം പങ്കെടുത്ത പിണറായിയും എല്ലാവരുടെയും നിർദേശങ്ങൾ കേട്ടു

2004ലെ 18 റിക്കോർഡ് ആവർത്തിക്കാൻ ചെങ്ങന്നൂർ മോഡൽ സഹായിക്കുമോ? മലപ്പുറവും പൊന്നാനിയും ഒഴികെ മുഴുവൻ സീറ്റുകളും നേടാൻ പദ്ധതിയൊരുക്കാൻ സിപിഎം; ഏരിയാ സെക്രട്ടറിമാർ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെയുള്ള മുഴുവൻ നേതാക്കളെയും വിളിച്ചു പാർട്ടി ശിൽപ്പശാലയിൽ ഉയരുന്നത് കൃത്യമായ പദ്ധതികൾ; ആദ്യാവസാനം പങ്കെടുത്ത പിണറായിയും എല്ലാവരുടെയും നിർദേശങ്ങൾ കേട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ തലത്തിൽ അതീവ നിർണായകമായതാണ്. പരമാവധി സീറ്റുകൾ നേടാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കയാണ് ബിജെപിയും കോൺഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികൾ. അതിനുള്ള മുന്നൊരുക്കങ്ങളാണ് എങ്ങും. കോൺഗ്രസിനെയും സിപിഎമ്മിനെയും സംബന്ധിച്ച് കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ അതീവ നിർണായകമാണ്. ഇരു പാർട്ടികളുടെയും അംഗബലം നിർണയിക്കുന്നതിൽ ഈ സീറ്റുകൾ നിർണായകമാണ് താനും. അതുകൊണ്ട് തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് സിപിഎമ്മും കോൺഗ്രസും.

സിപിഎം കേരളത്തിലെ മുഴുവൻ സീറ്റുകളും എങ്ങനെ നേടാം എന്ന ആലോചനയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുക്കങ്ങൾ ഇപ്പോഴേ പൂർത്തിയാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളും ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ സംസ്ഥാനതല നേതൃശിൽപശാലയിൽ സിപിഎം നിർദേശിച്ചിരിക്കുന്നത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. കൂടുതൽ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴെന്നും അത് ഉപയോഗിക്കൂവെന്നുമായിരുന്നു നേതൃത്വത്തിന്റെ ആഹ്വാനം. കേരളത്തിൽ സിപിഎം കൂടുതൽ ശക്തമാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് സിപിഎം 2004ലെ ലോക്‌സഭാ മോഡൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

140 നിയമസഭാ മണ്ഡലങ്ങളുടെയും സെക്രട്ടറിമാർ തൊട്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ള നേതൃനിര അപ്പാടെ പങ്കെടുത്തു കൊണ്ടാണ് ഈ ഒരുക്കം പൂർത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരോ മണ്ഡലങ്ങളിലെയും സാധ്യതകൾ അദ്ദേഹം നേരിട്ടു വിലയിരുത്തി. പോരായ്മകൾ നികത്താൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും നിർദേശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയർന്നുവരുമെന്നും ഇതിൽ സിപിഎമ്മിനും റോൾ ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.

ബിജപിയെ നേരിടാൻ കോൺഗ്രസിനു കഴിയില്ല. ബിജെപിയോ കോൺഗ്രസോ നയിക്കുന്ന ശക്തികളല്ലാതെ ഒന്നാകും ഉദയം ചെയ്യുക. അതിൽ ഇടതുപക്ഷത്തിനു നേതൃപരമായ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ നേടാനാണ് ആലോചന. അതിന് വേണ്ടി ചെങ്ങന്നൂർ മോഡലിൽ ജാതി-മത ശക്തികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല സഖ്യ രൂപീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, അതിനു കേരളത്തിനു ശക്തമായ സംഭാവന നൽകാൻ കഴിയണം. ബംഗാളിലോ ത്രിപുരയിലോ നിന്നു പഴയ പ്രതീക്ഷകളൊന്നും വേണ്ട. അതിനാൽ ഓരോ പ്രവർത്തകരും ഉത്തരവാദിത്തമേറ്റെടുത്തു പ്രവർത്തിക്കണമെന്നു കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സംഘടനാ പ്രവർത്തനശൈലി മാതൃകയാക്കണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ വീഴ്ചയുള്ള സ്ഥലങ്ങളിൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കണം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ രംഗങ്ങളിൽനിന്നു മാറിയ പാർട്ടി അംഗങ്ങളെ ഇതിനായി നിയോഗിക്കാം. എൽഡിഎഫ് വിപുലീകരിക്കാൻ പോകുകയാണെന്നും വ്യക്തമാക്കി.

സംഘടനയേൽപിക്കുന്ന ജോലികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇലക്ഷനിൽ കമ്മിറ്റികൾക്കല്ല, ഓരോ വ്യക്തിക്കുമായിരിക്കും ചുമതലകൾ. പ്രവർത്തിക്കാത്ത ഒരാളെയും പാർട്ടിയിൽ വേണ്ട. എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു. പാർട്ടിക്ക് അനുകൂലമായ സാധ്യതകൾ പരമാവധി മുതലെടുക്കാനാണ് സിപിഎം. കോൺഗ്രസും, ബിജെപിയും കേരളത്തിൽ സംഘടനാ ദൗർബല്യം നേരിടുന്ന കാര്യവും മുതലെടുക്കാനാണ് സിപിഎം ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP