Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വിമർശനം പേടിച്ച് മാറിനിൽക്കില്ല; ഗുരു വിളംബരത്തിൽ തുടങ്ങി ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ദിനവും ആഘോഷിക്കാൻ സിപിഐ(എം) സംസ്ഥാനം മുഴുവൻ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തും; ശ്രീകൃഷ്ണന്റെ കുത്തക ആർഎസ്എസിന് കൊടുക്കേണ്ടെന്ന് പാർട്ടിയുടെ തീരുമാനം

ഇനി വിമർശനം പേടിച്ച് മാറിനിൽക്കില്ല; ഗുരു വിളംബരത്തിൽ തുടങ്ങി ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ദിനവും ആഘോഷിക്കാൻ സിപിഐ(എം) സംസ്ഥാനം മുഴുവൻ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തും; ശ്രീകൃഷ്ണന്റെ കുത്തക ആർഎസ്എസിന് കൊടുക്കേണ്ടെന്ന് പാർട്ടിയുടെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരെന്നാൽ ദൈവവിശ്വാസം ഇല്ലാത്തവർ എന്നായിരുന്നു ഒരു കാലത്തെ പൊതുവേയുള്ള വെയ്‌പ്പ്. ദൈവ വിശ്വാസം ഇല്ലെന്ന് പറയുമ്പോഴും അമ്പലത്തിലും പള്ളിയിലുമൊക്കെ പേകുന്ന സഖാക്കളും അക്കാലത്ത് പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ, അണികളിൽ നല്ലൊരു ശതമാനവും വിശ്വാസികൾ തന്നെയാണെന്നത് മറ്റൊരു കാര്യം. എന്തായാലും കാലം മാറിയതോടെ വിശ്വാസികളെയും കൂടെ നിർത്താനുള്ള തീവ്രശ്രമത്തിലാണ് സിപിഐ(എം). ബിജെപി വളരുന്നത് ജനങ്ങളുടെ വിശ്വാസത്തെ കൂടി കൂട്ടുപിടിച്ചാണെന്ന് ബോധ്യമായതോടെയാണ് സിപിഐ(എം) പാർട്ടി വളർത്താൻ പുതുമാർഗ്ഗങ്ങൾ തേടുന്നത്. വിമർശനം പേടിച്ച് മാറിനിൽക്കാൻ ഇല്ലെന്നും അതുകൊണ്ട് തന്നെ സജീവമായി മതാചാരങ്ങളും ഉത്സവങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്താനുമാണ് സിപിഐ(എം) ഒരുങ്ങുന്നത്.

ബിജെപി-ബിഡിജെഎസ് സഖ്യം പ്രധാനമായും സിപിഎമ്മിന് വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഹൈന്ദവ ആഘോഷങ്ങളെ ഏറ്റെടുക്കാനാണ് സിപിഐ(എം) ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ച സിപിഎമ്മിനെ പിന്നീട് വിവാദം പിന്നാലെ പിന്തുടർന്നിരുന്നു. ബിജെപിയലേക്കുള്ള പാർട്ടി അണികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് വേണ്ടിയാണ് അന്ന് ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിച്ചത്. ഇത്തവണ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ വേണ്ടിയാണ് സിപിഐ(എം) ഒരുങ്ങുന്നത്. നേരത്തെ കേന്ദ്രസർക്കാർ സംഘടിപ്പിച്ച യോഗയ്ക്ക് ബദലായി സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രത്യേകം യോഗാ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ മാർഗ്ഗത്തിൽ തന്നെ മുന്നോട്ടു പോകാനാണ് സിപിഎമ്മിന്റെ നീക്കം.

കഴിഞ്ഞ വർഷം കണ്ണൂരിൽ മാത്രം ഒതുങ്ങിനിന്ന ആഘോഷം ഇക്കുറി സംസ്ഥാനവ്യാപകമായി നടത്താനാണു തീരുമാനം. ഓഗസ്റ്റ് 24ന് ശ്രീകൃഷ്ണജയന്തിദിനത്തിൽ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളിൽ സിപിഐ(എം) ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിക്കും. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മക്കൾ പങ്കെടുക്കുന്നതു തടയാനാണ് അതേ ദിവസം തന്നെ സിപിഐ(എം) ഘോഷയാത്ര നടത്തുന്നത്. ശ്രീകൃഷ്ണനെ അങ്ങനെ ആർഎസ്എസുകാർ മാത്രം കൊണ്ടുപോകേണ്ടതില്ലെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അതുകൊണ്ടാണ് ഇത്തവണ വിപുലമായി പരിപാടി ആഘോഷിക്കാൻ സിപിഐ(എം) ഒരുങ്ങുന്നത്.

ഈഴവ വിഭാഗത്തിലേക്ക് ബിജെപിയുടെ കടന്നുകയറ്റം തടയാൻ വേണ്ടിയാണ് ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യം നൽകി സിപിഐ(എം) പരിപാടികൾ സംഘടിപ്പിച്ചത്. നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഗുരുവിളംബരം പരിപാടിയുടെ ഭാഗമായാണു പാർട്ടി ശ്രീകൃഷ്ണജയന്തി ആഘോഷം ഇത്തവണ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ മതേതര ശ്രീകൃഷ്ണ ജയന്തിയെന്ന ഓമനപേരിട്ടാണ് സിപിഐ(എം) ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ വിളിച്ചത്. ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 24നു ചട്ടമ്പിസ്വാമി ജയന്തി ദിനം മുതൽ 28ന് അയ്യങ്കാളി ദിനം വരെ വർഗീയ വിരുദ്ധ പ്രചാരണ പരിപാടി നടത്തുമെന്നാണു സിപിഐ(എം) ഔദ്യോഗികമായി വിശദീകരിക്കുന്നത്.

ചട്ടമ്പിസ്വാമി ജയന്തിയും ശ്രീകൃഷ്ണജയന്തിയും ഈ വർഷം ഒരേ തീയതിയിലാണ്. അന്നു സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്താനാണു സിപിഐ(എം) ലോക്കൽ കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയത്. കണ്ണൂർ ജില്ലയിൽ 206 കേന്ദ്രങ്ങളിലാണു പരിപാടി. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം നടത്തുന്ന ശോഭായാത്രയെ തുടക്കം മുതൽ സിപിഐ(എം) എതിർത്തിരുന്നു.

ക്ഷേത്രങ്ങളിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടല്ല; അതിന്റെ പേരിൽ കുട്ടികളെ തെരുവിലിറക്കുന്നതിനെയാണ് എതിർക്കുന്നതെന്നായിരുന്നു പാർട്ടി നിലപാട്. ശ്രീകൃഷ്ണജയന്തി ദിന ഘോഷയാത്ര എന്ന പേരിൽ തന്നെ പരിപാടി നടത്തുന്നതിൽ നിന്നു സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നത് ഈ നിലപാടാണ്. കഴിഞ്ഞ വർഷം ബാലസംഘത്തിന്റെ ഓണാഘോഷ സമാപനം എന്ന പേരിലാണു സിപിഐ(എം) കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്തിയത്.

ഹൈന്ദവ സംഘടനകളുടെ ആഘോഷങ്ങളുടെ മറവിൽ ആർഎസ്എസ് രാഷ്ട്രീയമായ മുതലെടുപ്പു നടത്തുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണു സിപിഎമ്മിന്റെ ഈ നീക്കം. നേരത്തേ ബിജെപി വിട്ടുവന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ ഗണേശോത്സവവും പോഷകസംഘടനകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തിയും പാർട്ടി ആഘോഷിച്ചിരുന്നു. ഹൈന്ദവ വിഭാഗങ്ങളെ കൂടാതെ മുസ്ലിം വിഭാഗങ്ങളിൽ കൂടുതൽ ഇടം പിടിക്കാനുള്ള പരിപാടികളും സിപിഐ(എം) സംഘടിപ്പിക്കുന്നു. കണ്ണൂരിൽ തന്നെ ഇതിന്റെ തുടക്കം നേരത്തെയുണ്ടയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP