Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാവിക്കൊടി മാറ്റി ചെങ്കൊടി പിടിച്ചെങ്കിലും ശീലം മറക്കാതെ സഖാവ് ഒ കെ വാസുവും കൂട്ടരും; സിപിഎമ്മിൽ ചേക്കേറിയ കണ്ണൂരിലെ ബിജെപി പ്രവർത്തകർ ഗണേശോൽസവം സംഘടിപ്പിക്കുന്നു

കാവിക്കൊടി മാറ്റി ചെങ്കൊടി പിടിച്ചെങ്കിലും ശീലം മറക്കാതെ സഖാവ് ഒ കെ വാസുവും കൂട്ടരും; സിപിഎമ്മിൽ ചേക്കേറിയ കണ്ണൂരിലെ ബിജെപി പ്രവർത്തകർ ഗണേശോൽസവം സംഘടിപ്പിക്കുന്നു

കണ്ണൂർ: ബിജെപിയിലെ ഒരു വിഭാഗം നേതാക്കളോടുള്ള എതിർപ്പ് മൂലം കാവിക്കൊടി ഉപേക്ഷിച്ച് ചെങ്കൊടി ഏന്തി സഖാവായെങ്കിലും ഒ കെ വാസുവും കൂട്ടരും പഴയ ശീലങ്ങൾ പൂർണ്ണമായും മറക്കാനോ ഉപേക്ഷിക്കാനോ തയ്യാറല്ല. കാലങ്ങളായി ശീലിച്ചുപോന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന പക്ഷക്കാരാണ് നമോ വിചാർ മഞ്ചിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നവർ. അതുകൊണ്ട് തന്നെ മുൻകാലങ്ങളിലെ പോലെ ഗണേശോൽവസം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ ഭാഗമായവരുടെ നീക്കം.

ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കണ്ണൂർ അമ്പാടിമുക്കിലെ പ്രവർത്തകരാണ് ഗണേശോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. ഈമാസം 29 മുതൽ 31 വരെയാണ് ഗണേശപൂജ. പരമ്പരാഗതമായി ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് ഗണേശോത്സവം കേരളത്തിൽ സംഘടിപ്പിക്കുന്നതെന്നിരിക്കേ സിപിഐ(എം) സഖാക്കളുടെ പുതിയ നീക്കത്തെ എതിർക്കാൻ പാർട്ടിയും തയ്യാറായിട്ടില്ല. സിപിഎമ്മിലെത്തിയവർ വിശ്വാസികളായി ജീവിക്കുന്നതിനെ എതിർക്കില്ലെന്നാണ് ഇക്കാര്യത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിലപാട്.

നമോ വിചാർ മഞ്ച് നേതാക്കൾക്കൊപ്പം സിപിഎമ്മിൽ ചേർന്ന അമ്പാടി മുക്കിലെ പുതിയ സഖാക്കളാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന ഗണേശോൽസവവും പൂജയും സംഘടിപ്പിക്കുന്നത്. ഗണേശോൽവസത്തിനായി ബംഗലുരുവിൽ നിന്ന് ഗണേശന്റെ കൂറ്റൻ വിഗ്രഹം അമ്പാടി മുക്കിൽ എത്തിച്ചു കഴിഞ്ഞു. ഗണേശോൽവത്തെ കുറിച്ചുള്ള ഫ്‌ളക്‌സ് ബോർഡുകളും എങ്ങും സജീവമാണ്. തങ്ങളുടെ നീക്കത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്.

പാർട്ടി മാറിയെങ്കിലും വിശ്വാസങ്ങളൊന്നും മാറ്റിയിട്ടില്ലെന്നാണ് പരിപാടിയുടെ സംഘാടകർ പറയുന്നത്. അതേസമയം സിപിഐ(എം) ബാലഗോകുലം സംഘടിപ്പിക്കാറുള്ള ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ എതിർത്തുപോന്നിരുന്നു. ഈ നിലപാടിൽ മാറ്റമില്ലെന്നും ഇത് ഇനിയും എതിർക്കുമെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഭക്തിയെ രാഷ്ട്രീയ നേട്ടത്തിന് ഇതുപയോഗിക്കുന്നത് കൊണ്ടാണ് സിപിഐ(എം) ഇതിനെ എതിർക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലാണ് ബിജെപി വിട്ട് പിണങ്ങി നിന്നവരെ സിപിഐ(എം) പാർട്ടി അംഗത്വം നൽകിയത്. ഇതിന്റെ പേരിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ മത-സമുദായങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സജീവമാകാൻ സിപിഐ(എം) കൂടുതൽ പരിപാടികൾ ആവിഷ്‌ക്കരിച്ചു വരുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ഭൂരിപക്ഷ സമുദായങ്ങളെയും ഒപ്പം നിർത്തുകയാണ് പാർട്ടിയുടെ ഉദ്ദേശ്യം. അതുകൊണ്ട് ഗണേശോൽസവം ആഘോഷിക്കുന്നതിനെയും പാർട്ടി എതിർക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP