Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ജയരാജനെ വാഴ്‌ത്തുന്ന പ്രചരണം അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത് കതിരൂർ മനോജ് വധക്കേസ് അന്വേഷണ കാലത്ത്; ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നിൽ ഒരുകൂട്ടം അനുഭാവികൾ മാത്രം; ഇല്ലാത്ത കാരണങ്ങൾ നിരത്തി പാർട്ടി ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ അസൂയയും ഭയവും കൊണ്ട്; പാർട്ടികൊണ്ട് സാമ്പാദ്യം പെരുപ്പിക്കാത്ത നേതാവിനെ കൈവിടാതെ പ്രവർത്തകർ

പി ജയരാജനെ വാഴ്‌ത്തുന്ന പ്രചരണം അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത് കതിരൂർ മനോജ് വധക്കേസ് അന്വേഷണ കാലത്ത്; ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നിൽ ഒരുകൂട്ടം അനുഭാവികൾ മാത്രം; ഇല്ലാത്ത കാരണങ്ങൾ നിരത്തി പാർട്ടി ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ അസൂയയും ഭയവും കൊണ്ട്; പാർട്ടികൊണ്ട് സാമ്പാദ്യം പെരുപ്പിക്കാത്ത നേതാവിനെ കൈവിടാതെ പ്രവർത്തകർ

രഞ്ജിത് ബാബു

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പാർട്ടി എന്ത് നിലപാടെടുത്താലും കണ്ണൂരിലെ പ്രവർത്തകരുടെ മനസ്സിൽ ജയരാജൻ തന്നെയാണ് താരം. ചിട്ടയായ പ്രവർത്തനവും പാർട്ടിയുടെ താഴെ തട്ടായ ബ്രാഞ്ച് കമ്മിറ്റിവരെയുള്ള നിരീക്ഷണവും ജയരാജനെ പ്രവർത്തകരുടെ പ്രിയ മിത്രമാക്കി മാറ്റി. ഒരു കാലത്ത് എം വി രാഘവനേയും പിണറായി വിജയനേയും പ്രവർത്തകർ നെഞ്ചേറ്റിയിരുന്നത് അവരുടെ ആഹ്വാന ശക്തികൊണ്ടാണ്.

അവരുടെ വാക്കുകളും നിർദ്ദേശങ്ങളശും അതേ പടി അംഗീകരിച്ചവരായിരുന്നു കണ്ണൂരിലെ പ്രവർത്തകർ. എന്നാൽ അതെല്ലാം ഒരു പരിധി ദൂരം വച്ചുള്ള അടുപ്പം മാത്രമായിരുന്നു. എന്നാൽ ജയരാജൻ അവരിൽ നിന്നും തീർത്തും ഭിന്നമായിരുന്നു. ഏത് തലത്തിലുള്ള പ്രവർത്തകർക്കും എപ്പോൾ വേണമെങ്കിലും ഫോണിലോ നേരിട്ടോ ബന്ധപ്പെടാം. ജനക്കൂട്ടത്തിലിറങ്ങി പ്രവർത്തിക്കുന്ന ശീലവും ജയരാജന്റെ മാത്രം സവിശേഷതയാണ്. അതു കൊണ്ടു തന്നെ പിണറായി വിജയൻ കഴിഞ്ഞാൽ ഇത്രയേറെ അണികൾ അംഗീകരിക്കുന്ന നേതാവ് സിപിഐ.(എം). ൽ വേറെയുണ്ടായിട്ടില്ല.

രാജ്യത്തു തന്നെ സിപിഐ.(എം) ന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂർ. ആ പദവി നിലനിർത്തുന്നതിനോടൊപ്പം കണ്ണൂർ ലോകസഭാ മണ്ഡലം കോൺഗ്രസ്സിന്റെ ശക്തനായ നേതാവ് കെ.സുധാകരനിൽ നിന്നും പിടിച്ചെടുത്തതും കണ്ണൂർ നിയമസഭാ മണ്ഡലം എന്ന യു.ഡി.എഫിന്റെ കുത്തക സീറ്റിൽ അട്ടിമറി വിജയം നേടിയതിലും ജയരാജന്റെ പങ്ക് കണ്ണൂർ രാഷ്ട്രീയത്തിൽ വിസ്മരിക്കാനാവില്ല. ഇത്രയും ' ഗ്രാസ് റൂട്ട്' ലവലിൽ പ്രവർത്തനം വിപുലമാക്കിയ നേതാവ് എന്ന പദവിയും ജയരാജന് സ്വന്തം. ജയരാജൻ സ്വയം മഹത്വ വൽക്കരിക്കുന്നുവെന്ന വിമർശനമാണ് പാർട്ടി സംസ്ഥാന സമിതിയുടെ വിമർശനത്തിന് ആധാരം.

കതിരൂർ മനോജ് വധക്കേസിൽ സിബിഐ.അന്വേഷണത്തിനിടെ പരിയാരം മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ് ജയരാജന് വാഴ്‌ത്തുന്ന പ്രചാരണങ്ങൾ പാർട്ടി അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത്. അന്ന് പാർട്ടി ഇതിനെ തടഞ്ഞിരുന്നില്ല. ജയരാജൻ വെട്ടേറ്റ് കിടക്കുന്നതും പിന്നീട് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതും എല്ലാം പ്രചരണ ബോർഡുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഈ പ്രചാരണ ബോർഡുകൾ വെച്ച വേദിക്കരികിൽ നിന്നും സിപിഐ.(എം) സംസ്ഥാന നേതാക്കൾ ജയരാജന് വേണ്ടി പ്രസംഗിക്കുകയും ചെയ്തിരുന്നു. അന്നൊന്നും ആരും പാർട്ടിക്കകത്ത് ഇക്കാര്യങ്ങൾ വിമർശന വിധേയമാക്കിയിരുന്നില്ലേ എന്ന ചോദ്യവും പ്രവർത്തകർ ഉന്നയിക്കുന്നു.

രണ്ട് മാസം മുമ്പാണ് പുറച്ചേരി ഗ്രാമീണ കലാവേദി ജയരാജനെ പ്രകീർത്തിച്ച് വശ്യമധുരമായ സംഗീത ശില്പം പ്രചരിപ്പിച്ചത്. കണ്ണൂരിൻ കണ്ണായ ധീര സഖാവേ -കൈരളിക്കഭിമാനം ധീര സഖാവേ-എന്നാരംഭിക്കുന്ന 15 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. ഒരു കൂട്ടം അനുഭാവികളാണ് ഇതിന് പിറകിലെന്നാണ് വിവരം. ഇത് പുറത്തിറങ്ങിയപ്പോൾ തന്നെ തനിക്കോ പാർട്ടിക്കോ പാർട്ടി അംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രവർത്തന മികവുകൊണ്ട് അണികൾ ജയരാജന് വീരപരിവേഷം നൽകുകയായിരുന്നു. മറ്റ് പാർട്ടി നേതാക്കളിൽ നിന്ന് ഉപരിയായ അദ്ദേഹം സ്വജീവിതത്തിലും അത് തെളിയിച്ചതാണ്. മക്കളെ രാഷ്ടീയ പ്രവർത്തനത്തിനിറക്കി. പാർട്ടി സ്വാധീനം കൊണ്ട് ഒരു ജോലി പോലും നേടികൊടുത്തുമില്ല. പ്രവർത്തനത്തിനിടെ ഒരു മകന് ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇക്കാരണങ്ങളാണ് ജയരാജൻ പാർട്ടി അണികളിലും അനുഭാവികളിലും പ്രിയംങ്കരനായത്.

പാർട്ടി പ്രവർത്തനത്തിന് പുറമേ സ്വാന്ത്വന ചികിത്സക്കായി ഐ.ആർ.പി.സി എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകി. കേരളത്തിൽ ഒരു പാർട്ടിയും ഇത്രയും വിപുലമായി സന്നദ്ധ പ്രവർത്തനത്തിന് പ്രവർത്തകരെ ഇറക്കിയതും കണ്ണൂരിൽ മാത്രമാണ്. കളരി, കരാട്ടേ പരിശീലനം, ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളം എന്നീ കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിൽ തന്നെ പ്രാവർത്തികമാക്കിയത് കണ്ണൂരിൽ മാത്രം. പ്രവർത്തന മികവിൽ മുൻകാല നേതാക്കളെ പോലും ബഹുദൂരം പിറകിലാക്കുന്ന ജയരാജന്റെ ബുദ്ധിയും ശ്രദ്ധയും പാർട്ടി അംഗങ്ങളേക്കാൾ അനുഭാവികളാണ് ഇഷ്ടപ്പെടുന്നത്.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ കണ്ണൂരിലെ ചില നേതാക്കൾക്കും കണ്ണൂരിൽ നിന്ന് സംസ്ഥാന തലത്തിലെത്തിയവർക്കും ജയരാജനിൽ അസൂയ വളർന്നു. അതിന്റെ പലമാണ് ഇപ്പോൾ നടത്തിയ വിമർശനമെന്നാണ് അണികൾ കരുതുന്നത്. കണ്ണൂർ ജില്ലയിലെ ആദ്യ ഏറിയാ സമ്മേളനം നാളെ മുതൽ ആരംഭിക്കുകയാണ്. ഒരു പരിധിവരെ വിഭാഗീയത ഒതുക്കി ലോക്കൽ സമ്മേളനം പൂർത്തിയാക്കിയത് ജയരാജന്റെ കൂടി വിജയമാണ്. ഏതായാലും ജയരാജനു നേരെയുള്ള വിമർശനത്തിന് കണ്ണൂരിലെ പ്രവർത്തന സജ്ജമല്ലാത്ത ഒരു വിഭാഗം നേതാക്കളാണെന്ന് അണികൾ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP