Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ല്യാണത്തിനും മരണത്തിനും രാഷ്ട്രീയം നോക്കാതെ പോവണം; ഭരണം കിട്ടിയാൽ അനാവശ്യ അഭിപ്രായം പാടില്ല; എംഎൽഎമാർ അഞ്ച് ദിവസം മണ്ഡലത്തിൽ വേണം; നേതാക്കൾക്കായുള്ള സിപിഐ(എം) പെരുമാറ്റച്ചട്ടത്തിന്റെ വിശേഷങ്ങൾ

കല്ല്യാണത്തിനും മരണത്തിനും രാഷ്ട്രീയം നോക്കാതെ പോവണം; ഭരണം കിട്ടിയാൽ അനാവശ്യ അഭിപ്രായം പാടില്ല; എംഎൽഎമാർ അഞ്ച് ദിവസം മണ്ഡലത്തിൽ വേണം; നേതാക്കൾക്കായുള്ള സിപിഐ(എം) പെരുമാറ്റച്ചട്ടത്തിന്റെ വിശേഷങ്ങൾ

തിരുവനന്തപുരം: സിപിഐ( എം) എംഎൽഎമാർക്കും സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കും പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നു. നേതാക്കളും ജനപ്രതിനിധികളും ജനങ്ങളിൽനിന്ന് അകലുന്നു എന്ന പരാതി ഉണ്ടാകാതിരിക്കാനാണ് പുതിയ പരിഷ്‌കാരം. ഇതനുസരിച്ച് അസംബ്ലി ചേരാത്ത മാസങ്ങളിലും മറ്റ് പാർട്ടി പരിപാടികൾ ഇല്ലാത്ത മാസങ്ങളിലും എംഎൽഎ സ്വന്തം മണ്ഡലത്തിൽ കേന്ദ്രീകരിക്കണം.

എംഎൽഎമാർ ആഴ്ചയിൽ അഞ്ചുദിവസവും മണ്ഡലത്തിൽ കേന്ദ്രീകരിക്കണം എന്നാണ് പുതിയ തീരുമാനം. നിലവിൽ ഞായറാഴ്ചകളിൽമാത്രമാണ് സ്വന്തം മണ്ഡലത്തിൽ കേന്ദ്രീകരിക്കണമെന്ന് നിബന്ധനയുള്ളത്. അതും സംസ്ഥാന നേതാക്കളായ എംഎൽഎമാർക്ക് ഇളവ് നൽകിയിരുന്നു. എന്നാൽ ഇനിമുതൽ സംസ്ഥാന സെക്രട്ടറിയറ്റ്, കേന്ദ്രകമ്മിറ്റിയംഗങ്ങൾ എന്നിവർക്ക് മാത്രമേ ഈ ഇളവ് നൽകുകയുള്ളു. ബാക്കിയുള്ള അംഗങ്ങൾ അഞ്ചുദിവസവും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവരും. എംഎൽഎമാർക്ക് ശനി, ഞായർ ദിവസങ്ങളിൽ ഗൃഹസന്ദർശനം നിർബന്ധമാക്കും.

മണ്ഡലത്തിൽ നടക്കുന്ന കല്യാണം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് രാഷ്ട്രീയം നോക്കാതെ പങ്കെടുക്കണം. അറിഞ്ഞുപോകുന്നതും ഉചിതമായിരിക്കും. ഭരണം കിട്ടിയാൽ സർക്കാരിനെ സംബന്ധിച്ച വിഷയങ്ങളിലും പാർട്ടിയെ സംബന്ധിച്ച വിഷയങ്ങളിലും മാദ്ധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായം പറയാൻ പാടില്ല. അത്തരം അവസരങ്ങളിൽ എകെജി സെന്ററിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ മീഡിയ സ്‌കൂളുമായി ബന്ധപ്പെട്ട ശേഷം മാത്രം മറുപടി നൽകണം. സംസ്ഥാന കമ്മിറ്റിയംഗങ്ങളും സെക്രട്ടേറിയറ്റംഗങ്ങളും അടങ്ങുന്നതാണ് മീഡിയ കമ്മിറ്റി. മാദ്ധ്യമചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾ എന്തുപറയണം എന്ന് പഠിപ്പിക്കുന്നത് മീഡിയ സ്‌കൂൾ അധികൃതരാണ്.

രാജ്യംവിട്ടുപോകുന്നതിന് സംസ്ഥാന സെക്രട്ടറിയറ്റിന്റെ അനുവാദം വാങ്ങണമെന്ന നിർദ്ദേശം എംഎൽഎമാർക്കും നേതാക്കൾക്കും പണ്ടുതൊട്ടേയുള്ളതാണ്. ഇനി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും കാര്യകാരണസഹിതം വെളിപ്പെടുത്തിയിട്ടേ പോകാനാകു. പാർട്ടി അച്ചടക്കത്തിന് വിരുദ്ധ ബന്ധങ്ങളിൽ ജനപ്രതിനിധികളും നേതാക്കളും ഏർപ്പെടാൻ പാടില്ലെന്നതിനാലാണ് ഈ തീരുമാനം.
നേതാക്കൾക്കും ജനപ്രതിനിധികൾക്കും വസ്തുവിൽപ്പനയുൾപ്പെടെയുള്ള വലിയ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്ന നിബന്ധന പഴയതാണ്. എന്നാൽ ആരും ഇത് പാലിക്കുന്നില്ല. ഇനിമുതൽ എംഎൽഎമാർക്ക് ഇത് നിർബന്ധമാക്കാനാണ് പാർട്ടി തീരുമാനം. ജനവിധിതേടി വിജയിച്ച് അനധികൃതസമ്പാദ്യം നടത്തിയെന്ന ആരോപണം ഇല്ലാതാക്കുന്നതിനാണിത്.

ജില്ലാ സെക്രട്ടറിമാർ ജില്ലയിലുടനീളം ബന്ധമുള്ളവരായിരിക്കണമെന്നും പാർട്ടി നിർദ്ദേശിക്കും. കല്യാണം, മരണം തുടങ്ങിയ പരിപാടികളിൽ വിളിച്ചില്ലെങ്കിലും പങ്കെടുക്കാൻ ശ്രമിക്കണം. കഴിഞ്ഞില്ലെങ്കിൽ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആശംസാകാർഡ് എങ്കിലും അയയ്ക്കണം. സിപിഐ- എമ്മിന്റെ ഇടപെടൽ ജനങ്ങൾക്കിടയിൽ ഉറപ്പിക്കാനാണ് ഈ തീരുമാനം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് അവസാനിച്ചശേഷം നടക്കുന്ന ആദ്യ സംസ്ഥാന സെക്രട്ടറിയറ്റിൽ ഈ നിർദേശങ്ങൾ ചർച്ചയ്ക്കുവയ്ക്കും. മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തിയശേഷം കേന്ദ്രസെക്രട്ടറിയറ്റിന് സമർപ്പിക്കും. അവരുടെ നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി പൊളിറ്റ് ബ്യൂറോ ഇത് പാസാക്കും.

പുതിയ തലമുറയിലുള്ള നേതാക്കൾക്കും ജനങ്ങളുമായി നിരന്തര സമ്പർക്കം നേടിയെടുക്കാൻ നിർബന്ധിക്കുന്നതിനാണ് ഈ നിർദ്ദേശങ്ങൾ. ആഡംബര ജീവിതത്തോട് പുതിയ നേതാക്കൾ താൽപര്യം കാണിക്കാതെ, പഴയതുപോലെ ജനങ്ങൾക്കിടയിൽ നിന്നു വളരുക എന്നതാണ് സിപിഐ (എം) വിഭാവനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP