Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐയിലേക്കുള്ള കൊഴിഞ്ഞുപോക്ക് മുഖ്യചർച്ചയാക്കി സിപിഎം കാസർകോഡ് ജില്ലാ സമ്മേളനത്തിന് തുടക്കം; സിപിഐയുടെ വളർച്ച പാർട്ടിക്ക് വെല്ലുവിളിയാകുമ്പോൾ ജില്ലാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വമേറുന്നു

സിപിഐയിലേക്കുള്ള കൊഴിഞ്ഞുപോക്ക് മുഖ്യചർച്ചയാക്കി സിപിഎം കാസർകോഡ് ജില്ലാ സമ്മേളനത്തിന് തുടക്കം; സിപിഐയുടെ വളർച്ച പാർട്ടിക്ക് വെല്ലുവിളിയാകുമ്പോൾ ജില്ലാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വമേറുന്നു

രഞ്ജിത് ബാബു

കണ്ണൂർ: സിപിഐ.(എം). കാസർഗോഡ് ജില്ലാ സമ്മേളനം ഇന്നാരംഭിച്ചു. പുതിയ ജില്ലാ സെക്രട്ടറി ആരായിരിക്കുമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കാസർഗോഡ് മുൻസിപ്പൽ ടൗൺഹാളിലെ വി.വി ദക്ഷിണാ മൂർത്തി നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. നിലവിലുള്ള ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ മൂന്ന് തവണയായി 9 വർഷം തുടർച്ചയായി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചതിനാൽ അദ്ദേഹം സ്ഥാനം ഒഴിയുന്ന കാര്യം ഉറപ്പാണ്. പകരം എം. വി. ബാലകൃഷ്ണനെയാണ് സംസ്ഥാന സമിതി ഉയർത്തിക്കാട്ടുന്നത്. ഖാദി ബോർഡ് വൈസ് ചെയർമാനും പാർട്ടി സംസ്ഥാന സമിതി അംഗവുമായ എം വി ബാലകൃഷ്ണൻ സെക്രട്ടറിയാവണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരിയും സെക്രട്ടറിയേറ്റ് അംഗമായ എം. വി. ഗോവിന്ദനും ആഗ്രഹിക്കുന്നത്. ഇവരെല്ലാം സമ്മേളനത്തിന് മുമ്പ് തന്നെ കാസർഗോഡ് എത്തി അതിനുള്ള പ്രാരംഭ ചർച്ചയിലാണ്.

സിപിഐ.(എം). ലെ സാധാരണ പ്രവർത്തകരും അനുഭാവികളും മുൻ എം. എൽ.എ യായ കെ.വി. കുഞ്ഞിരാമൻ ജില്ലാ സെക്രട്ടറിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റിയിലും ഭൂരിപക്ഷവും കുഞ്ഞിരാമനെ അനുകൂലിക്കുന്നവരാണ്. എന്നാൽ ഇതൊരു മത്സരത്തിലേക്ക് നീങ്ങരുതെന്ന ആഗ്രഹമാണ് സംസ്ഥാന കമ്മിറ്റിക്കുള്ളത്. അങ്ങിനെ വന്നാൽ സമന്വയത്തിന്റെ വഴിയായിരുക്കും സ്വീകരിക്കുക. സമന്വയത്തിലൂടെ മറ്റൊരാളെ കണ്ടെത്താൻ പ്രയാസമില്ല. പി.രാഘവനും എംപി.വി. മുസ്തഫയും അങ്ങിനെ വന്നാൽ ഇടം പിടിക്കാനുള്ള സാധ്യതാ പട്ടികയിൽ പെടും.

ജില്ലാ സമ്മേളനത്തിൽ കാസർഗോഡ് സിപിഐ.(എം). ൽ പ്രധാന ചർച്ച ബേഡകം, മൂളിയാർ, പനത്തടി, ഭാഗങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും ആളുകളുടെ കൊഴിഞ്ഞു പോയത് സംബന്ധിച്ചായിരിക്കും. ഇവിടങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകളാണ് സിപിഐ. യിലേക്ക് ചേക്കേറിയത്. ജില്ലയിൽ സിപിഐ.(എം). -സിപിഐ. ബന്ധം വഷളായതും സിപിഐ.യുടെ അടുത്ത കാലത്തുള്ള വളർച്ചയും ചർച്ചയിൽ ഉയർന്നു വരും. സിപിഐ.(എം). ൽ നിന്ന് വിമത പ്രവർത്തനം നടത്തിയവരും നടപടിയെടുത്തവരും സിപിഐ.യിൽ ചേർന്നിരിക്കയാണ്.

ബേഡകത്തെ പാർട്ടി കോട്ടയിൽ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ മാത്രമുള്ള സിപിഐ. ക്ക് ഇപ്പോൾ 20 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. പാർട്ടിയെ ഏകോപിച്ചു നിർത്തുന്നതിൽ ഏരിയാ കമ്മിറ്റികളുടെ വീഴ്ചയും ചർച്ച ചെയ്യപ്പെടും. റവന്യൂ മന്ത്രിയും സിപിഐ. നേതാവുമായ ഇ.ചന്ദ്രശേഖരൻ സിപിഐ. (എം) നെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നതായി ചില ഘടകങ്ങൾക്ക് ആരോപണമുണ്ട്. ഇതും ചർച്ചയിൽ പ്രതിനിധികൾ ഉയർത്തിക്കാട്ടും.

23,301 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 290 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ എം. പി., എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം, എന്നിവരും മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ. ടി.പി. രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിന് എത്തിയിട്ടുണ്ട്.

ഇന്നും നാളേയും പത്ത് മണിക്കൂർ സമയം റിപ്പോർട്ടിൻ മേൽ ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടക്കും. തുടർന്നാണ് ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക. പത്താം തീയ്യതി വൈകുന്നേരം 5000 ചുവപ്പ് വളണ്ടിയർമാർ അണിനിരക്കുന്ന പരേഡ് നടക്കും. സ്ഥല പരിമിതി കണക്കിലെടുത്ത് വിവിധ ഏരിയകളിൽ നിന്നും എത്തിച്ചേരുന്ന പ്രവർത്തകർ ബി.സി. റോഡു മുതൽ ചെർക്കള വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നു ചെറു പ്രകടനങ്ങളായി പൊതു സമ്മേളന നഗരിയിലേക്ക് നീങ്ങും. പൊതു സമ്മേളനത്തിനും കൂറ്റൻ വേദിയാണ് ഒരുക്കിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP