Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയിച്ചുകയറിയ ജലീൽ പാർട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന് മുഖ്യ വിമർശനം; അൻവർ എംഎൽഎയുടെ ഇടപാടുകളിൽ കർശന നടപടി വേണമെന്നും ഗെയിൽ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ആവശ്യം; സെക്രട്ടറി മാറ്റത്തിന്റെ സാധ്യതയിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം

ജയിച്ചുകയറിയ ജലീൽ പാർട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന് മുഖ്യ വിമർശനം; അൻവർ എംഎൽഎയുടെ ഇടപാടുകളിൽ കർശന നടപടി വേണമെന്നും ഗെയിൽ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ആവശ്യം; സെക്രട്ടറി മാറ്റത്തിന്റെ സാധ്യതയിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം

എം പി റാഫി

മലപ്പുറം: സിപിഎം ജില്ലാസമ്മേളനത്തിന് പെരിന്തൽമണ്ണയിൽ തുടക്കമായി. 13 വർഷത്തിനുശേഷമാണ് പെരിന്തൽമണ്ണയിൽ സിപിഎം ജില്ലാസമ്മേളനം നടക്കുന്നത്. ഉദ്ഘാടകനായ കോടിയേരി ബാലകൃഷ്ണൻ 3 ദിവസത്തെ സമ്മേളന നടത്തിപ്പിൽ മുഴുവൻ സമയവും പങ്കെടുക്കും. സ്വതന്ത്രരെ ഇറക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കി താനൂരും നിലമ്പൂരം തവനൂരും വിജയിച്ചു കയറിയ നേട്ടവുമായാണ് സിപിഎം ജില്ലാ സമ്മേളനം ഇത്തവണ നടത്തുന്നത്.

എന്നാൽ സ്വതന്ത്രരായി ജയിച്ചുകയറി മന്ത്രിയായ ജലീൽ അടക്കമുള്ളവർ പാർട്ടിക്കു വിധേയപ്പെടുന്നില്ലെന്നതാണ് പല ഏരിയാ കമ്മിറ്റികളുടെയും ആക്ഷേപം. ഇത് ഇത്തവണ ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും. പിവി അൻവർ എംഎ‍ൽഎയുടെ വഴിവിട്ട ഇടപാടിൽ നിയന്ത്രണം വേണമെന്നും ഗെയിൽ അടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയുടെ ഇരട്ട നിലപാടും തുറന്നു കാട്ടാനാണ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നീക്കം. നിലവിലെ സെക്രട്ടറി മാറ്റത്തിന്റെ സാധ്യതയും മലപ്പുറം ജില്ലാ സമ്മേളന പ്രത്യേകതയാണ്.

നിലവിലെ ജില്ലാ കമ്മിറ്റിയിൽ 34 പേരാണുള്ളത്. ഇനി വരാൻ പോകുന്ന കമ്മിറ്റിയിൽ അംഗബലം 37 ആകും. ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന എം.സ്വരാജും പി.നന്ദകുമാറും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പോയതിന്റെ ഒഴിവ് വേറെയുമുണ്ട്. രോഗ ബാധിതരായ പിപി ജോർജ്, വിജയ ലക്ഷ്മി എന്നിവരെ മാറ്റിയേക്കും. അങ്ങനെ വരുമ്പോൾ ഏഴു പേരുടെ ഒഴിവ് ജില്ലാ കമ്മിറ്റിയിൽ ഇത്തവണയുണ്ടാകും. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ബി ഫൈസൽ തുടങ്ങിയവർ യുവാക്കളുടെ പ്രതിനിധികളായി കമ്മിറ്റിയിലേക്കു വരും. കൂടുതൽ വനിതാ പ്രാതിനിധ്യവും ഇത്തവണ പരിഗണനയിലുണ്ട്.

ഇന്നു രാവിലെ പത്തു മണിക്ക് മുനിസിപ്പൽ ടൗൺഹാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തതോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. 16 ഏരിയാ സമ്മേളനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 294 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. വൈകിട്ട് അഞ്ചിന് പടിപ്പുര സ്റ്റേഡിയത്തിൽ 'മാറുന്ന കേരളവും മലപ്പുറത്തിന്റെ മനസ്സും' സെമിനാർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പി.കെ സൈനബ അധ്യക്ഷത വഹിക്കും.

വിമർശനങ്ങളും ആക്ഷേപങ്ങളും ജില്ലാ സമ്മേളനത്തിൽ മുഴച്ചു നിൽക്കുമെങ്കിലും മലപ്പുറത്തെ പച്ചകോട്ട എങ്ങനെ പിടിച്ചെടുക്കുക എന്നതു തന്നെയാണ് ജില്ലാ സമ്മേളനത്തിൽ മെനയുന്ന തന്ത്രങ്ങൾ. പാർട്ടി തലത്തിൽ പൊതു സമ്മതരും യുവാക്കളുമായവരെ ഉയർത്തികൊണ്ടു വരികയുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. സ്വതന്ത്രരെ ആശ്രയിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ പൊതു വികാരം. നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പാർട്ടി സംരക്ഷിക്കുന്നതും, ഗെയിൽ വിഷയത്തിൽ ഇരകൾക്കെതിരായുള്ള പാർട്ടി നിലപാടുമെല്ലാം പൊതുചർച്ചയിൽ പ്രതിനിധികൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.

2 തവണയായി ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്ന പിപി വാസുദേവൻ അനാരോഗ്യം കാരണം ഇത്തവണ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഇ എൻ മോഹൻദാസ്, കൂട്ടായി ബഷീർ, വി ശശികുമാർ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട് പി വി അൻവറിന്റെ ഭൂമി കയ്യേറ്റമുൾപ്പടെയുള്ള വിഷയങ്ങളിൽ പാർട്ടി അൻവറിനെ സംരക്ഷിക്കുന്നുണ്ടെന്ന പരാതി പ്രാദേശിക തലത്തിൽ പുകയുകയാണ്. അൻവർ വിഷയത്തിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് സംസ്ഥാന ജില്ലാ നേതൃത്വത്തിന് മറുപടി പറയേണ്ടി വരും.

നിലമ്പൂർ, എടക്കര ഏരിയാകമ്മിറ്റികൾ അൻവർ പക്ഷം, വിരുദ്ദപക്ഷം എന്ന നിലക്കാണ് മുന്നോട്ടുപോകുന്നത്. അൻവറിനെതിരെ ശബ്ദമുയർത്തിയ എടക്കര ഏരിയാ സെക്രട്ടറിയെ പാർട്ടി തരംതാഴ്തി നടപടിയെടുത്തതും നേരത്തെ വിവാദമായിരുന്നു. പി വി അൻവറിനെ സഹായിക്കുന്ന ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെയും പ്രദേശിക സമ്മേളനങ്ങളിൽ ചോദ്യമുയർന്നിരുന്നു. എന്നാൽ അൻവറിനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാനേതൃത്വം ഇപ്പോഴും സ്വീകരിക്കുന്നത്.

ഗെയിൽ പൈപ്പിടൽ വിഷയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മനുഷ്യചങ്ങല തീർത്ത് ഇരകൾക്കൊപ്പം നിന്ന പാർട്ടി, ഇപ്പോൾ ഇരകളെ വേട്ടയാടുന്നവർക്ക് ഒപ്പമാണെന്ന് മലപ്പുറം ഏരിയാസമ്മേളനത്തിൽ ചോദ്യമുയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യവസായികളെ തിരഞ്ഞുപിടിച്ച് സീറ്റുകൾ നൽകിയ നടപടി, മന്ത്രി കെടി ജലീലും അദ്ദേഹത്തിന്റെ ഒഫീസും പാർട്ടിയുടെ വരുതിയിലല്ലെന്ന ആക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ പ്രതിനിധികളുടെ ചേദ്യങ്ങൾക്ക് നേതൃത്വത്തിന് മറുപടി പറയേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

പാർട്ടി പിന്തുണയോടെ മത്സരിച്ചു ജയിച്ച മന്ത്രി കെ.ടി ജലീൽ പാർട്ടിയോടു കാര്യമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ജലീൽ പ്രാദേശിക തലത്തിൽ പാർട്ടിയുമായി കൂടിയാലോചനകൾ നടത്തുന്നില്ലെന്ന വിമർശനം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP