Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയിച്ചാൽ മന്ത്രിയാക്കുമെന്നു പ്രതീക്ഷ; ഗുരുവായൂർ എംഎൽഎ മത്സരിക്കാതെ മാറിത്തരുമെന്ന പ്രതീക്ഷയിൽ ബേബിജോൺ; സിപിഎമ്മിൽ ഉയരുന്നത് മറ്റൊരുതരം അധികാരത്തർക്കം

ജയിച്ചാൽ മന്ത്രിയാക്കുമെന്നു പ്രതീക്ഷ; ഗുരുവായൂർ എംഎൽഎ മത്സരിക്കാതെ മാറിത്തരുമെന്ന പ്രതീക്ഷയിൽ ബേബിജോൺ; സിപിഎമ്മിൽ ഉയരുന്നത് മറ്റൊരുതരം അധികാരത്തർക്കം

തൃശൂർ: ഗ്രൂപ്പുപോരും അധികാരത്തർക്കവും കോൺഗ്രസ് പാർട്ടിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോഴും വിഭാഗീയതയ്ക്ക് ശമനമാകുന്നുവെന്ന പ്രതീക്ഷയിൽ മുന്നേറുകയാണ് സിപിഐ(എം). എന്നാൽ, തൃശൂരിൽ പാർട്ടിക്കുള്ളിൽ അധികാരത്തർക്കം മൂർച്ഛിച്ചിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തൃശൂരിൽ പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കുന്നത്. നിലവിലെ എംഎൽഎയെ മാറ്റി ഗുരുവായൂർ സീറ്റ് പിടിച്ചെടുക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.

രണ്ടു തവണ വിജയിച്ച കെ വി അബ്ദുൽ ഖാദറിനെ മാറ്റി സീറ്റ് പിടിച്ചെടുക്കാൻ നിലവിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബേബിജോൺ ശ്രമം ആരംഭിച്ചതായാണു വാർത്തകൾ. മുൻ ജില്ലാ സെക്രട്ടറി കൂടിയാണു ബേബിജോൺ.

നിയമസഭയിലേക്ക് രണ്ടു തവണ മൽസരിച്ചു വിജയിച്ച കെ വി അബ്ദുൽഖാദറിനെതിരേ പാർട്ടിക്കുള്ളിൽനിന്നു തന്നെ ശക്തമായ എതിർപ്പ് ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് ഗുരുവായൂർ സീറ്റിനായി ബേബിജോൺ ചരടുവലി നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ നിയോജക മണ്ഡലത്തിൽനിന്നു മൽസരിച്ചിരുന്നെങ്കിലും കോൺഗ്രസ്സിലെ പി എ മാധവനോട് ബേബിജോൺ തോൽവിയേറ്റുവാങ്ങിയിരുന്നു. ഇത്തവണ മൽസരിച്ച് വിജയിക്കുകയും എൽഡിഎഫ് അധികാരത്തിലേറുകയും ചെയ്താൽ മന്ത്രിയാകുമെന്ന ഉറപ്പിലാണ് ബേബിജോൺ ഗുരുവായൂർ നോട്ടമിട്ടിട്ടുള്ളത്.

അതിനിടെ, മൂന്നാമതും അബ്ദുൽ ഖാദറിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം. എന്നാൽ, കുറച്ചുകാലമായി കെ വി അബ്ദുൽ ഖാദറിനെതിരേ പാർട്ടിക്കുള്ളിൽനിന്നു തന്നെ കടുത്ത എതിർപ്പാണുയർന്നിട്ടുള്ളത്. മണ്ഡലത്തിൽ എംഎൽഎ ഒരു വികസന പ്രവർത്തനവും നടത്തുന്നില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോലും ഇതു സംബന്ധിച്ച് ചർച്ച ഉയർന്നിരുന്നു. കെ വി അബ്ദുൽഖാദറിന് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ് പാർട്ടിക്കുള്ളിൽനിന്നു തന്നെ ഉയരുന്ന ഇത്തരം ആരോപണങ്ങളെന്നാണ് ബേബിജോണുമായി ബന്ധമുള്ളവർ പറയുന്നത്.

തന്റെ തണലിൽ പാർട്ടിയിൽ വളർന്ന് പിന്നീട് എംഎൽഎയായ അബ്ദുൽ ഖാദർ ഇത്തവണ തനിക്കുവേണ്ടി സ്വയം ഒഴിഞ്ഞുമാറുമെന്നാണ് ബേബിജോണിന്റെ കണക്കു കൂട്ടൽ. പാർട്ടി ഏരിയ സെക്രട്ടറി ആയിരിക്കെ ബേബിജോൺ ഒപ്പം നിർത്തിയിരുന്ന സിപിഐ(എം) അനുഭാവികളായ ചില സാംസ്‌കാരിക പ്രവർത്തകരെ അബ്ദുൽ ഖാദറിന്റെ മനസ്സറിയാൻ നിയോഗിച്ചിരിക്കുന്നതായാണ് അറിവ്. ബേബിജോൺ ഇപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിനുള്ളിലെ ഒട്ടുമിക്ക പാർട്ടി പരിപാടികളിലും സജീവ സാന്നിധ്യമായിട്ടുള്ളത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ മുന്നോടിയാണെന്ന് പരക്കെ പ്രചാരണവുമുണ്ട്. എന്നാൽ, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കെ വി അബ്ദുൽ ഖാദർ തന്നെയായിരിക്കും ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്നത്.

മറ്റൊരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ മൽസരം കടുത്തതായിരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2006ൽ അന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സി എച്ച് റഷീദിനെ 12,309 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അബ്ദുൽഖാദർ 2011ൽ അഷറഫ് കോക്കൂരിനെ 9968 വോട്ടുകൾക്ക് തറ പറ്റിച്ചപ്പോൾ 2011ൽ 482 വോട്ടുകൾക്കാണ് ബേബിജോൺ പരാജയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP