Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേര്യമംഗലത്ത് 10 ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 131 സിപിഎം പ്രവർത്തകർ രാജിവച്ചു; രാജിവച്ചതു വി എസ് അനുകൂലികൾ; വിമതർ എ പി വർക്കി സാംസ്‌കാരിക സമിതിക്ക് രൂപം നൽകി

നേര്യമംഗലത്ത് 10 ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 131 സിപിഎം പ്രവർത്തകർ രാജിവച്ചു; രാജിവച്ചതു വി എസ് അനുകൂലികൾ; വിമതർ എ പി വർക്കി സാംസ്‌കാരിക സമിതിക്ക് രൂപം നൽകി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിഭാഗീയത രൂക്ഷമായ നേര്യമംഗലത്ത് സി പി എമ്മിന്റെ തകർച്ച പൂർണ്ണമായി. കഴിഞ്ഞ സമ്മേളനകാലത്ത് ഉടലെടുത്ത കടുത്ത വിഭാഗീയതയാണ് ഒരുകാലത്ത് സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെട്ടിരുന്ന നേര്യമംഗലത്ത് പാർട്ടിയുടെ പിളർപ്പിന് വഴിയൊരുക്കിയത്.

കഴിഞ്ഞ സമ്മേളനകാലത്ത് വിഭാഗീയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നതിന്റെ പേരിൽ മുൻ ലോക്കൽ സെക്രട്ടറി പി ടി ബെന്നി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ കെ ബേബി, കെ കെ സജീവ്, എൻ ഇ അബ്ദുൾകരീം, സി പ്രകാശ്, പി കെ അലിയാർ എന്നിവരെ പാർട്ടിയിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരെല്ലാവരും വി എസ് വിഭാഗക്കാരാണ്.

വി എസ് വിഭാഗത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാനുള്ള പിണറായി വിഭാഗത്തിന്റെ നീക്കങ്ങളായിരുന്നു സമ്മേളനകാലത്ത് കടുത്ത വിഭാഗീയതക്ക് വഴിവച്ചത്. പിണറായി വിഭാഗത്തിന് ഭൂരിപക്ഷമുള്ള കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നേര്യമംഗലം ലോക്കൽ കമ്മിറ്റി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നത്.

സമ്മേളന പ്രതിനിധികളും ബ്രാഞ്ച് സെക്രട്ടറിമാരിൽ ഭുരിഭാഗവും വി എസ് വിഭാഗത്തിന് അനുകൂലമായതോടെ കഴിഞ്ഞ സമ്മേളനം തെരുവിൽ തല്ല് വരെ എത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രണ്ടുവട്ടം സമ്മേളനം ചേരാനാകാതെ മാറ്റിവച്ചു. സമ്മേളന പ്രതിനിധികളെ രജിസ്റ്റർ ചെയ്യാൻ പോലും അനുവദിക്കാതെ കയ്യാങ്കളിയിലെത്തുകയും സമ്മേളന പ്രതിനിധിയായി എത്തിയ സംസ്ഥാനപ്രതിനിധി സി എൻ മോഹനനെ കയ്യേറ്റം ചെയ്യുകയും ചെയ്തതോടെയാണ് വി എസ് വിഭാഗത്തിനെതിരെ നടപടി വന്നത്.

എന്നാൽ പിന്നീട് നടപടിക്ക് വിധേയരായവർ ജില്ലാകമ്മിറ്റിക്ക് ജില്ലാസെക്രട്ടറി പി രാജീവിനെ നേരിൽകണ്ട് പരാതി നല്കി. ഇതിന്റെ തുടർച്ചയായി പാർട്ടി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.സി എൻ മോഹനനായിരുന്നു സമിതിയുടെ തലവൻ. ഈ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ നേരത്തെ നടപടിക്ക് വിധേയരായവർ കുറ്റക്കാരെന്നു കണ്ടെത്തുകയും മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന പി ടി ബെന്നി, ലോക്കൽ കമ്മിറ്റിയംഗം സി പ്രകാശ് എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കാനും, കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ മാത്യുസ്, ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റിയംഗവുമായ കെ കെ പൗലോസ്, ലോക്കൽ കമ്മിറ്റിയംഗം സി ആർ ദിവാകരൻ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാനകമ്മിറ്റിക്ക് ശുപാർശ നല്കുകയും ചെയ്തിരുന്നു.

നടപടി റിപ്പോർട്ട് ചെയ്യാൻ ജില്ലാകമ്മിറ്റിയുടെ നിർദ്ദേശാനുസരണം ഇന്നലെ വൈകിട്ട് മൂന്നിന് നേര്യമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി എത്തിയ പി എം ദിനേശ് മണി, സി എൻ മോഹനൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് നടപടി റിപ്പോർട്ട് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് 131 പാർട്ടി അംഗങ്ങളും ആകെയുള്ള 13 ൽ 10 ബ്രാഞ്ച് സെക്രട്ടറിമാരും 14 ൽ 11 ലോക്കൽ കമ്മിറ്റിയംഗങ്ങളും രാജിവച്ചതെന്ന് വി എസ് വിഭാഗം നേതാക്കൾ അറിയിച്ചു. അതേസമയം നടപടി റിപ്പോർട്ട്‌ചെയ്യാൻ ചേർന്ന യോഗത്തിൽ ഔദ്യോഗികസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ലോക്കൽസെക്രട്ടറിക്ക് പകരമായി ഏരിയ കമ്മിറ്റിയംഗം ഷാജി മുഹമ്മദിനെ നേര്യമംഗലം ലോക്കൽ കമ്മിറ്റിയിലുൾപ്പെടുത്തി ഔദ്യോഗികപക്ഷം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്നലെ ചേർന്ന പാർട്ടി നേര്യമംഗലം ലോക്കൽകമ്മിറ്റി ജനറൽബോഡിയിലാണ് ഈ തീരുമാനം. ജനറൽ ബോഡിയോഗത്തിൽ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 13 ബ്രാഞ്ച് സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് പങ്കെടുത്തതെന്ന് വിമതവിഭാഗം അവകാശപ്പെട്ടു.14 ലോക്കൽ കമ്മിറ്റിയംഗങ്ങളിൽ 11 പേരാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഇവർ പറയുന്നു. രാജി വച്ചവർ എ പി വർക്കി സ്മാരകസമിതി എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ച് പുത്തൻകുരിശിൽ ഓഫീസ് തുറന്നിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം എ പി വർക്കി അനുസ്മരണ ദിനമായ ഫെബ്രുവരി 7 ന് നടക്കും. അതേസമയം നടപടിക്ക് വിധേയരായവർ കടുത്ത സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് നടപടി നേരിട്ടതെന്നും നടപടി പുനപ്പരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും ഔദ്യോഗിക വിഭാഗം നേതാക്കൾ അറിയിച്ചു. വിമതവിഭാഗത്തിന്റെ വാദങ്ങൾ തെറ്റാണെന്നതിന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽനിന്ന് വ്യക്തമാകുമെന്നും പുറത്തായവരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കേണ്ടെന്നും ഔദ്യോഗിക പക്ഷത്തെ ഉന്നത നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP