Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐ(എം) സംസ്ഥാനനേതൃത്വത്തെ വെല്ലുവിളിച്ച് പന്തളം ഏരിയാ കമ്മറ്റി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയ നടപടി ഏരിയാ കമ്മറ്റി തള്ളി; സിപിഎമ്മിന്റെ ചരിത്രത്തിലെ അത്യപൂർവസംഭവം

സിപിഐ(എം) സംസ്ഥാനനേതൃത്വത്തെ വെല്ലുവിളിച്ച് പന്തളം ഏരിയാ കമ്മറ്റി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയ നടപടി ഏരിയാ കമ്മറ്റി തള്ളി; സിപിഎമ്മിന്റെ ചരിത്രത്തിലെ അത്യപൂർവസംഭവം

പത്തനംതിട്ട: കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയും സിപിഐ(എം) ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എം.എം. സുകുമാരൻ വാഹനാപകടത്തിൽ മരിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഏരിയാ സെക്രട്ടറി കൂടിയായ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. പ്രമോദ് കുമാറിനെ സിപിഎമ്മിൽനിന്ന് പുറത്താക്കിയ സംസ്ഥാന കമ്മിറ്റിയുടെ നടപടി ഏരിയാ കമ്മറ്റി തള്ളി.

പ്രമോദിനെതിരെയുള്ള പരാതി പരാതിക്കാർ തന്നെ പിൻവലിച്ച സാഹചര്യത്തിൽ വീണ്ടും നടപടിയെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നുള്ള നിലപാടാണ് ഏരിയാ കമ്മറ്റി ഐകകണ്‌ഠ്യേന സ്വീകരിച്ചത്. ഇതു പാർട്ടിയിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഏരിയാ കമ്മറ്റി നടത്തിയിരിക്കുന്നതെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറയുന്നത്. സംസ്ഥാന കമ്മറ്റിയെപ്പോലും തീരുമാനം ഞെട്ടിച്ചിരിക്കുകയാണ്. ഉപരികമ്മറ്റി എടുത്ത തീരുമാനം ഒരിക്കലും കീഴ്ഘടകത്തിനു തള്ളാൻ കഴിയില്ല. മറിച്ച്, അതിന്മേൽ പരാതിയോ അപ്പീലോ നൽകാവുന്നതാണ്. കടുത്ത അച്ചടക്കലംഘനം കാണിച്ച ഏരിയാ കമ്മറ്റി പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.

സിപിഎമ്മിന്റെ ചരിത്രത്തിൽ അത്യപൂർവമായിട്ടാണ് സംസ്ഥാന കമ്മറ്റിയുടെ നടപടി ഏരിയാകമ്മറ്റി തള്ളുന്നത്. മാത്രവുമല്ല, ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റി ഒന്നടങ്കം പ്രമോദിന് പിന്നിൽ അണിനിരന്നു. തദ്ദേശതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഓരോ ഏരിയാ കമ്മറ്റിയംഗത്തിനും പഞ്ചായത്തുകളും വാർഡുകളും വിഭജിച്ചു നൽകിയിട്ടുണ്ട്.

കിടങ്ങന്നൂർ കുറിച്ചിമുട്ടം സ്വദേശിയായ സുകുമാരൻ 2009 -ൽ ളാഹയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് രണ്ടു ദിവസം ജനറൽ ആശുപത്രിയിലും ഒരു മാസം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിൽസയിൽ കഴിഞ്ഞ ശേഷമായിരുന്നു സുകുമാരന്റെ മരണം. സുകുമാരന്റെ അപകടമരണ ഇൻഷ്വറൻസ് ക്ലെയിം സംബന്ധിച്ച കേസ് കൈകാര്യം ചെയ്യാൻ പാർട്ടി ഏൽപിച്ചത് അന്ന് സിപിഐ(എം) പന്തളം ഏരിയാ കമ്മറ്റിയംഗം കൂടിയായിരുന്ന അഡ്വ. കെ.ആർ. പ്രമോദ്കുമാറിനെയായിരുന്നു. സുകുമാരന്റെ ഭാര്യയുടെ കൈയിൽ നിന്നും കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കുകയും വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്ത പ്രമോദ്കുമാർ പക്ഷേ, കേസ് കോടതിയിൽ ഫയൽ ചെയ്തില്ല.

സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കേസ് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടാതെ വന്നപ്പോൾ സുകുമാരന്റെ ഭാര്യ രാജമ്മ പ്രമോദിനെ സമീപിച്ചു. അതൊക്കെ നടന്നോളുമെന്നു പറഞ്ഞ് ഇദ്ദേഹം ഒഴിവാക്കുകയായിരുന്നുവത്രേ. എന്നിട്ടും കേസ് വിളിക്കാതെ വന്നപ്പോൾ മറ്റു വഴിയിലൂടെ ഇതു സംബന്ധിച്ച് സുകുമാരന്റെ ബന്ധുക്കൾ അന്വേഷണം നടത്തി. അപ്പോഴാണ് കേസ് ഫയൽ ചെയ്തിട്ടില്ലെന്നു വ്യക്തമായത്. അപ്പോഴേക്കും മോട്ടോർ ആക്‌സിഡന്റ് കേസ് ക്ലെയിം ചെയ്യുന്നതിനുള്ള കാലപരിധിയും കഴിഞ്ഞിരുന്നു. നിർധന കുടുംബാംഗമായിരുന്നു സുകുമാരൻ. നഷ്ടപരിഹാരത്തുക പ്രതീക്ഷിച്ചിരുന്ന ഭാര്യയ്ക്കും മൂന്നു മക്കൾക്കും അതു കിട്ടാതെ വന്നത് ഇരുട്ടടിയായി.

രണ്ടു വർഷം മുമ്പ് സുകുമാരന്റെ ഭാര്യ രാജമ്മ ഇതു സംബന്ധിച്ച് സംസ്ഥാന കമ്മറ്റിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ ഒന്നര വർഷം മുമ്പ് രാജമ്മ മരിച്ചു. പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പായപ്പോൾ അടുത്തിടെ അഞ്ചു ലക്ഷം രൂപ സ്വന്തം കൈയിൽ നിന്നും പ്രമോദ്കുമാർ സുകുമാരന്റെ മൂന്നു മക്കൾക്കുമായി നൽകി. ഇനി തങ്ങൾക്ക് പരാതിയില്ലെന്നും പരാതി പിൻവലിക്കുന്നുവെന്നും എഴുതിവാങ്ങി സംസ്ഥാന കമ്മറ്റി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.

എന്നാൽ, സംസ്ഥാന കമ്മറ്റി ഇതു തള്ളുകയും നടപടിയുമായി മുന്നോട്ടു പോവുകയുമായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മറ്റിയോഗം ഐകകണ്‌ഠ്യേനയാണ് പ്രമോദിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഇതിന് കേന്ദ്രകമ്മറ്റി അംഗീകാരവും വാങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് പങ്കെടുത്ത ജില്ലാ കമ്മറ്റിയോഗത്തിലാണ് പ്രമോദിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം റിപ്പോർട്ട് ചെയ്തത്.

അതേസമയം, സമാനമായ മറ്റു ചില കേസുകളിലും പ്രമോദ് വീഴ്ച വരുത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. പന്തളത്ത് ഏരിയാ സെക്രട്ടറിയായിരിക്കേ നടപടി നേരിടുന്ന രണ്ടാമനാണ് പ്രമോദ് കുമാർ. മുൻപ് സെക്രട്ടറിയായിരുന്ന ഡി. രവീന്ദ്രനെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു കൊല്ലം മുൻപ് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്തിയിരുന്നു. എന്നാൽ, പ്രമോദ്കുമാർ ഏരിയാ സെക്രട്ടറിയായ തെരഞ്ഞെടുപ്പിൽ രവീന്ദ്രനെ പിന്നീട് ലോക്കൽ കമ്മറ്റിയംഗമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP