Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്രമിക്കാൻ വരുന്നവർ സന്തോഷത്തോടെ തിരിച്ചു പോവരുത്; ഇനി അങ്ങനെ തോന്നാത്ത വിധത്തിൽ ചെറുത്ത് നിൽക്കണം; കോടിയേരിക്ക് പിന്നാലെ അക്രമത്തിന് ആഹ്വാനവുമായി ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത്; കണ്ണൂരിലെ ഗുണ്ടാരാഷ്ട്രീയത്തിന് ഉണർവ്വ്

അക്രമിക്കാൻ വരുന്നവർ സന്തോഷത്തോടെ തിരിച്ചു പോവരുത്; ഇനി അങ്ങനെ തോന്നാത്ത വിധത്തിൽ ചെറുത്ത് നിൽക്കണം; കോടിയേരിക്ക് പിന്നാലെ അക്രമത്തിന് ആഹ്വാനവുമായി ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത്; കണ്ണൂരിലെ ഗുണ്ടാരാഷ്ട്രീയത്തിന് ഉണർവ്വ്

കണ്ണൂർ : ആക്രമിക്കാൻ വരുന്നവരോട് കണക്കു തീർക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്തെത്തി. ആക്രമിക്കുന്നവരെ തിരിച്ചടിക്കണം. പാർട്ടി കേന്ദ്രങ്ങളിലെത്തി ആക്രമണം നടത്തുന്നവർക്ക് പിന്നീട് അതിന് തോന്നാത്ത രീതിയിലുള്ള പ്രതിരോധം കാഴ്ചവെക്കണമെന്നും ജയരാജൻ പറഞ്ഞു. ആർ.എസ്.എസിനെതിരെ ജാഗ്രത പുലർത്താനാണ് കോടിയേരി ആവശ്യപ്പെട്ടതെന്നും അതുകൊണ്ടു തന്നെ ആക്രമിക്കുന്നവരെ തിരിച്ചടിക്കുക തന്നെ വേണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

പയ്യന്നൂർ പ്രസംഗത്തിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ കേസ്സെടുക്കണമെന്ന കോൺഗ്രസ്, ബിജെപി നേതാക്കളുടെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണെന്നും ജയരാജൻ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിനുശേഷം ആർഎസ്എസ് കേരളത്തിൽ നടത്തിയ മൂന്നാമത്തെ കൊലപാതകമാണ് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകൻ ധനരാജിന്റേത്. സമാധാനം നിലനിന്ന പ്രദേശത്ത് ആർഎസ്എസ് നേതാക്കൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. ഇങ്ങനെ നിഷ്ഠൂരമായി നടത്തിയ കൊലപാതകത്തെ തുടർന്നുണ്ടായ സംഭവങ്ങൾക്കെല്ലാം ആർഎസ്എസ് നേതൃത്വത്തിനാണ് ഉത്തരവാദിത്തം. ഇതേക്കുറിച്ചാണ് വരമ്പത്ത് കൂലി കിട്ടുമെന്ന് കോടിയേരി വ്യക്തമാക്കിയത്. വരമ്പത്ത് കൂലി കിട്ടാതിരിക്കണമെങ്കിൽ പാടത്ത് വരാതിരിക്കണമെന്നും പി. ജയരാജൻ വിശദീകരിക്കുന്നു. ഇതോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ വരികെയാണ്.

പാർട്ടി അണികളോട് ആയുധം കൈയിലെടുക്കാൻ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തം. അണികളോട് ആയുധം കൈയിലെടുക്കാനും അക്രമത്തിനും ആഹ്വാനം ചെയ്തത് പാർട്ടി ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. പൊലീസിനെയും കോടിയേരി രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടി ഭരണത്തിൽ പാർട്ടിയുടെ സമുന്നത നേതാവ് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിപദവും കൈകാര്യം ചെയ്യുമ്പോൾ പൊലീസ് നീതിപൂർവ്വം പ്രവർത്തിക്കുന്നില്ലെന്നു പറയുകവഴി പാർട്ടി ഭരണത്തിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ രണ്ടു മാസമായി പറഞ്ഞു കൊണ്ടിരിക്കുന്ന, കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതായ പൊലീസിനെതിരായ കോടിയേരിയുടെ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകത്തെ പ്രതികാരക്കൊലയെന്ന് പ്രഖ്യാപിച്ച് കൊലപാതകം നടന്ന ദിവസം തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടിയേരിയുടെ പ്രസ്താവനയെന്ന വാദവുമെത്തി. ഇതിനിടെയാണ് ജയരാജനും അക്രമരാഷ്ട്രീയത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. എന്നാൽ അക്രമ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നും അക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ പറയുന്നത് എങ്ങനെ കുറ്റമാകുമെന്നുമാണ് ഉയരുന്ന ചോദ്യം. അക്രമത്തെ പ്രതിരോധിക്കാനുള്ള അവകാശം ഏതൊരു പൗരനും ഉണ്ട്. ഇത് വിനിയോഗിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പറയുന്നു. ആർഎസ്എസ്. അക്രമത്തിനെതിരെ പ്രതികരിക്കണമെന്ന് മാത്രമാണ് കോടിയേരി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് സിപിഐ(എം). വിശദീകരിക്കുന്നു.

ഞായറാഴ്ച വൈകിട്ട് പയ്യന്നൂരിൽ സിപിഐ(എം). സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ വിവാദപ്രസംഗം. ആർഎസ്എസ്സുകാരുടെ വെട്ടേറ്റുമരിച്ച സിപിഐ(എം). പ്രവർത്തകൻ ധനരാജിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കുന്നവരോട് കണക്ക് തീർക്കണം എന്നായിരുന്നു ആഹ്വാനം. വീടുകൾക്കും കടകൾക്കുനേരെയും അക്രമം പാടില്ല. അതേസമയം അക്രമിക്കാൻ വന്നവരെ വെറുതെ വിടരുത്. കണക്ക് തീർക്കണം. വയലിൽ പണി തന്നാൽ വരമ്പത്തുതന്നെ കൂലി കൊടുക്കണം. സിപിഎമ്മിനോട് കളിക്കരുത്. കളിക്കാൻ വന്നാൽ വന്നതുപോലെ തിരിച്ചുപോകില്ല. കൊലപാതകത്തിന് മുന്നിൽ സ്തംഭിച്ചുനിന്നിട്ടു കാര്യമില്ല. പ്രതികരിക്കണം. ആവശ്യമായ കായികപരിശീലനം സഖാക്കൾ സ്വായത്തമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തുടർന്ന് കോടിയേരിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ, ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ രംഗത്ത് വന്നു. പ്രസംഗത്തിന്റെ പേരിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് വി എം.സുധീരൻ പ്രതികരിച്ചത്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഭരണത്തിന്റെ ഹുങ്കിൽ നിയമം കൈയിലെടുക്കാനുള്ള ആഹ്വാനമാണ് കോടിയേരി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും പറഞ്ഞു.

കണ്ണൂരിൽ കഴിഞ്ഞദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് ധർണയിൽ കെ.സുധാകരനാണ് ശക്തമായ ഭാഷയിൽ കോടിയേരിയെ ആക്രമിച്ചത്. അണികൾക്ക് കോടിയേരി നൽകിയത് കലാപത്തിനുള്ള ആഹ്വാനമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പൊലീസ് ആർഎസ്എസ്സുകാർക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന കോടിയേരിയുടെ പരാമർശവും വിവാദമായി. അത് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനെതിരെയുള്ള മുന്നറിയിപ്പാണെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. പ്രസംഗത്തിനെതിരെ ബിജെപി. ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വിവാദം കത്തുന്നതിനിടെയാണ് പി ജയരാജനും കോടിയേരിക്ക് സമാനമായ വാക്കുകളുമായി കണ്ണൂർ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP