Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂർ റീജ്യണൽ തിയേറ്ററിന് മുന്നിൽ രക്തപതാക ഉയർത്തി പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് വി എസ്; ഉദ്ഘാടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി; ശക്തന്റെ തട്ടകം സാക്ഷിയാകുക വിപ്‌ളവ പാർട്ടിയിലെ ചൂടുള്ള ചർച്ചകൾക്ക്; മക്കൾ വിവാദവും കൊലപാതക രാഷ്ട്രീയവും ചർച്ചാവിഷയങ്ങൾ; മാണിയുടെ മുന്നണി പ്രവേശനവും പരിഗണനാ വിഷയം

തൃശൂർ റീജ്യണൽ തിയേറ്ററിന് മുന്നിൽ രക്തപതാക ഉയർത്തി പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് വി എസ്; ഉദ്ഘാടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി; ശക്തന്റെ തട്ടകം സാക്ഷിയാകുക വിപ്‌ളവ പാർട്ടിയിലെ ചൂടുള്ള ചർച്ചകൾക്ക്; മക്കൾ വിവാദവും കൊലപാതക രാഷ്ട്രീയവും ചർച്ചാവിഷയങ്ങൾ; മാണിയുടെ മുന്നണി പ്രവേശനവും പരിഗണനാ വിഷയം

ആർ പീയൂഷ്

തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തൃശൂരിൽ തുടക്കം. റീജ്യണൽ തിയേറ്ററിന് മുന്നിൽ സംസ്ഥാനത്തെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് ആരംഭമായത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെഎം മാണിയുടെ മുന്നണി പ്രവേശനവും സിപിഐയുമായുള്ള ഭിന്നതയുമുൾപ്പെടെ പാർട്ടി നേരിടുന്ന പ്രതിസന്ധികളും എതിർപ്പുകളുമടക്കം നിരവധി വിഷയങ്ങളാണ് ഇക്കുറി സംസ്ഥാന സമ്മേളനത്തിൽ ചൂടുള്ള ചർച്ചയ്ക്ക് വഴിവയ്ക്കുക.

മുതിർന്ന നേതാവ് വി എസ് രക്തപതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ തുടങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവരുൾപ്പെടെ സംസ്ഥാന നേതാക്കളും പ്രതിനിധികളും സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ കേന്ദ്ര നേതാക്കളും സംബന്ധിച്ചു. ഗൗരവകരമായ ചർച്ചകൾ നടത്തി പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഈ സമ്മേളനം വേദിയാകട്ടെ എന്ന് പതാക ഉയർത്തിയതിന് പിന്നാലെ നടന്ന പ്രസംഗത്തിൽ വി എസ് ആഹ്വാനം ചെയ്തു. അഞ്ചുനാൾ നീളുന്ന സമ്മേളനത്തിൽ പാർട്ടിയിലെ ഭിന്നതകളും മറനീക്കി പുറത്തുവരുമെന്ന സൂചനകളാണ് വ്യക്തമാകുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവും കോടിയേരിക്കെതിരെ ഉയർന്ന മക്കൾ വിവാദവുമെല്ലാം ചർച്ചയാകുമെന്നാണ് സൂചനകൾ. 

37 വർഷത്തിനുശേഷമാണ് തൃശ്ശൂർ നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ഇന്ന് ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 25-ന് ഉച്ചവരെ പ്രതിനിധിസമ്മേളനം തുടരും. മക്കൾ വിവാദമുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരുമെന്നാണ് സൂചന. വി എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചർച്ചയും സജീവമാണ്. എന്നാൽ വിഭാഗീയത പൂർണണമായും ഇല്ലാതായെന്ന സന്ദേശം നൽകാൻ അത്തരം നടപടികളുണ്ടാകില്ലെന്നാണ് സൂചന. ആലപ്പുഴയിലെ കഴിഞ്ഞ സമ്മേളനത്തിൽ പാർട്ടിയെ വെല്ലുവിളിച്ച് വി എസ് സമ്മേളന നഗരിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. എന്നാൽ വിഎസിന്റെ ജനപ്രിയത കാരണം നടപടിയെടുക്കാൻ നേതൃത്വത്തിന് ആയതുമില്ല. പിന്നീട് വിഎസിനെ മുന്നിൽ നിർത്തി സിപിഎം അധികാരത്തിലെത്തി. പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തോടെ പ്രശ്നങ്ങൾക്ക് വിരമമാവുകയും ചെയ്തു.

നിലവിൽ പിണറായിയുടെ നേതൃത്വത്തെ പരസ്യമായി വി എസ് വിമർശിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയും ഉണ്ട്. കെ എം മാണിയെ ഇടതുപക്ഷത്ത് എടുക്കുന്നതിനെ വി എസ് എതിർക്കുന്നു. സോളാറിലും ബാർ കോഴയിലും കുടുങ്ങിയ മാണിയെ മഹത്വവൽക്കാരിക്കുന്നതിനെതിരെയാണ് വി എസ് നിലപാട് എടുക്കുന്നത്. അതുകൊണ്ട് തന്നെ ആ വിഷയം സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയാകും. മാണിയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുത്താലും അത് ഇടത് മുന്നണിയുടെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കും. സിപിഐ മുന്നണി വിടാനും സാധ്യതയുണ്ട്.

പിണറായി സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ, കണ്ണൂരിലെ അക്രമ രാഷ്ട്രീയം, മാണിയുടെ മുന്നണി പ്രവേശനം, സിപിഐയുടെ വിമത ഇടപെടലുകൾ എന്നിവയെല്ലാം സിപിഎം സമ്മേളനം ചർച്ചയാക്കും. മക്കളെ നിയന്ത്രിക്കുന്നതിൽ കോടിയേരി പരാജയമാണെന്ന വിലയിരുത്തലും ഉണ്ടാകും. ഓഖി ദുരിതാശ്വാസത്തിൽ ഉൾപ്പെടെ ഇടത് സർക്കാരിന് പഴി കേൾക്കേണ്ടി വന്നു. മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന വിലയിരുത്തലുകൾ ഉയരുന്നതും ചില അംഗങ്ങൾ ചർച്ചയാക്കും. പക്ഷേ പിണറായിയെ നേരിട്ട് എതിർക്കുന്ന നിലപാട് ഒരു സംസ്ഥാന സമ്മേളന പ്രതിനിധിയും എടുക്കാനിടയില്ല.

സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽനിന്നാരംഭിച്ച ദീപശിഖാപ്രയാണവും വയലാറിൽനിന്നുള്ള കൊടിമരജാഥയും കയ്യൂരിൽനിന്നുള്ള പതാകജാഥയും ബുധനാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെത്തി. തുടർന്ന് പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തെ കെ.കെ. മാമക്കുട്ടിനഗറിൽ സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ ചെങ്കൊടി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പിണറായി വിജയൻ പ്രസംഗിച്ചു.

കയ്യൂരിൽനിന്നുള്ള പതാകജാഥയ്ക്കും വയലാറിൽനിന്നുള്ള കൊടിമരജാഥയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദനും ആനത്തലവട്ടം ആനന്ദനും നേതൃത്വം നൽകി. പാറശ്ശാലയിൽനിന്നുള്ള തെക്കൻ ദീപശിഖാജാഥ വി. ശിവൻകുട്ടിയുടെയും കാസർകോടുനിന്നുള്ള വടക്കൻ ദീപശിഖാജാഥ ടി.വി. രാജേഷ് എംഎൽഎ.യുടെയും നേതൃത്വത്തിലാണ് തേക്കിൻകാട് മൈതാനത്തെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP