Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോൽവിയുടെ പേരിലുള്ള അടി കോൺഗ്രസിൽ മാത്രമല്ല; തന്നെ തോൽപ്പിച്ചത് സ്വന്തം പാർട്ടിയെന്ന് ആരോപിച്ച് പാലക്കാട്ടെ ശോഭാ സുരേന്ദ്രൻ; നേതൃത്വത്തെ കുറ്റം പറഞ്ഞ് ശ്രീധരൻപിള്ളയും; തമ്മിൽ തല്ലി നശിച്ച കേരള ബിജെപി നേതാക്കളെ കൊണ്ട് പൊറുതിമുട്ടി അമിത്ഷാ

തോൽവിയുടെ പേരിലുള്ള അടി കോൺഗ്രസിൽ മാത്രമല്ല; തന്നെ തോൽപ്പിച്ചത് സ്വന്തം പാർട്ടിയെന്ന് ആരോപിച്ച് പാലക്കാട്ടെ ശോഭാ സുരേന്ദ്രൻ; നേതൃത്വത്തെ കുറ്റം പറഞ്ഞ് ശ്രീധരൻപിള്ളയും; തമ്മിൽ തല്ലി നശിച്ച കേരള ബിജെപി നേതാക്കളെ കൊണ്ട് പൊറുതിമുട്ടി അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തുടർഭരണമെന്ന ലക്ഷ്യം കൈവിട്ടതോടെ കോൺഗ്രസിൽ കൂട്ടത്തല്ലാണ്. കേരളത്തിൽ അക്കൗണ്ട് തുറക്കലാണ് ബിജെപി ലക്ഷ്യമിട്ടത്. അത് നേടുകയും ചെയ്തു. എന്നിട്ടും പ്രശ്‌നങ്ങൾ തീരുന്നില്ല. വിജയപ്രതീക്ഷയുമായി മത്സരിച്ച രണ്ട് പേർ വിമർശനവുമായെത്തുന്നു. തോൽപ്പിച്ചത് പാർട്ടിയാണെന്നാണ് വിമർശനം. പാലക്കാട്ടെ തോൽവിയിൽ ശോഭാ സുരേന്ദ്രനാണ് ആരോപണം ഉന്നയിക്കുന്നത്. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി പിഎസ് ശ്രീധരൻപിള്ളയാണ് പരാതി പറയുന്ന മറ്റൊരാൾ. ചെങ്ങന്നൂരിൽ ആർഎസ്എസുകാർ മാത്രമേ സഹായിച്ചുള്ളൂവെന്നാണ് ശ്രീധരൻപിള്ളയുടെ നിലപാട്. അതായത് ബിജെപി നേതൃത്വം സഹായിച്ചെന്നാണ് പറയാതെ പറയുന്നത്.

തന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ജില്ലാസംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതിയുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ് ബിെജപിക്കുള്ളിൽ പ്രതിസന്ധി രൂപപ്പെട്ടത്. തോൽവിക്ക് പിന്നിൽ ജില്ലാസംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്ന് കാട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് പിറകെ ശ്രീധരൻ പിള്ളയും വിമർശനം ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ബിജെപി വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടേതായിരുന്നു.

ചെങ്ങന്നൂരും സമുദായ സമവാക്യങ്ങൾ അനുകുലമാക്കി ശ്രീധരൻപിള്ളയും ജയിക്കാമെന്ന് കരുതി. പല സർവ്വേകളും ഇരുവരും ജയിക്കുമെന്നും പ്രവചിച്ചു. എന്നാൽ പാലക്കാട് ശോഭ രണ്ടാമതും ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മൂന്നാമതുമാണ് എത്തിയത്. ഇതോടെയാണ് ഇരുവരും പരാതിയുമായി എത്തിയത്. വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന കർശന നിർദ്ദേശം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ദേശീയ പ്രസിഡന്റ് അമിത് ഷാ നൽകിയിരുന്നു. ഇത് ഫലം കണ്ടില്ലെന്ന തരത്തിലാണ് പരസ്യ വിവാദം. ഈ സാഹചര്യത്തിൽ കർശന നടപടികൾ കേന്ദ്ര നേതൃത്വം എടുക്കുമെന്നാണ് സൂചന.

നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാലക്കാട്ട് ബിജെപിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയാക്കാനായിരുന്നു പ്രാദേശിക നേതൃത്വത്തിന് താൽപര്യം. എന്നാൽ, ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകട്ടെയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൃഷ്ണകുമാറിനെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. എന്നാൽ, പാലക്കാട്ടെ പാർട്ടി പ്രവർത്തകരെ കൃഷ്ണകുമാർ പ്രചാരണത്തിനായി മലമ്പുഴയിലേക്ക് കൊണ്ടുപോയെന്നും തനിക്ക് ആവശ്യമായ പിന്തുണ പാർട്ടിയിൽ നിന്ന് ലഭിച്ചില്ലെന്നുമാണ് ശോഭ സുരേന്ദ്രന്റെ പരാതി.

കൃഷ്ണകുമാർ, വി എം രാധാകൃഷ്ണനുമായി ഒത്തുകളിച്ചുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വ്യവസായി വി എം രാധാകൃഷ്ണനെ കൂട്ടുപിടിച്ചാണ് മലമ്പുഴയിൽ കൃഷ്ണകുമാർ പ്രചാരണം നടത്തിയതെന്നും സി കൃഷ്ണകുമാറിനെതിരെ നടപടി വേണമെന്നും അമിത് ഷായ്ക്ക് നൽകിയ പരാതിയിൽ ആവശ്യമുന്നയിക്കുന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പോലും ഇക്കുറി ബിജെപിക്ക് ഒന്നാമതെത്താൻ കഴിഞ്ഞിട്ടില്ല. താൻ സ്ഥാനാർത്ഥിയായി പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ തന്നെ തനിക്കെതിരെ ചരടുവലികൾ നടന്നു. ജില്ലാ നേതൃത്വത്തിൽ ചിലർ ഇതിന് കൂട്ടുനിന്നതായും ശോഭ സുരേന്ദ്രന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഇതോടെ, സ്ഥാനാർത്ഥി നിർണയം മുതൽ തുടർന്നുവരുന്ന ഉൾപ്പോരാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. പാലക്കാട് മണ്ഡലത്തിൽ ഒരുഘട്ടത്തിൽ ഇവിടെ വിജയപ്രതീക്ഷയുണർത്തി മുൻപന്തിയിലെത്തിയ ശോഭ സുരേന്ദ്രൻ അവസാനഘട്ടത്തിലാണ് പിന്നോക്കം പോയത്. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എൻ.കൃഷ്ണദാസിനെ പിന്നിലാക്കി യുഡിഎഫിന്റെ ഷാഫി പറമ്പിലിന് പിന്നിൽ രണ്ടാമതെത്തുകയും ചെയ്തു. 17,483 വോട്ടുകൾക്കായിരുന്നു ഇവിടെ ഷാഫിയുടെ വിജയം. പാലക്കാട് ശോഭയെ സ്ഥാനാർത്ഥിയാക്കിയത് മുതൽ കൃഷ്ണകുമാർ നിസ്സഹകരണത്തിൽ ആയിരുന്നു. പാലക്കാട് ബിജെപിയിൽ ശക്തമായൊരു പൊട്ടിത്തെറിക്കാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളും പരാതിയും വഴിവച്ചിരിക്കുന്നത്. 27ന് പാലക്കാട് നടക്കാനിരിക്കുന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിലും ഇക്കാര്യം മുഖ്യ ചർച്ചാവിഷയമായി മാറുമെന്നുറപ്പായി.

ഇതിനൊപ്പമാണ് ശ്രീധരൻപിള്ളയുടെ പരാതി. തന്നെ ആരും സഹായിച്ചില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. കേന്ദ്ര മന്ത്രിമാരൊന്നും ചെങ്ങന്നൂരിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. കൂടുതൽ ശ്രദ്ധ നൽകിയെങ്കിൽ ചെങ്ങന്നൂരിൽ താമര വിരിയുമായിരുന്നുവെന്നാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രീധരൻപിള്ള പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP