Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലയന് എന്തു കുടുംബപാരമ്പര്യം? ദലിതനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ അധിക്ഷേപിച്ച് ലോക്കൽ കമ്മിറ്റിയംഗം: പരുമലയിൽ ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ സിപിഐ(എം) വിടാനൊരുങ്ങുന്നു

പുലയന് എന്തു കുടുംബപാരമ്പര്യം? ദലിതനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ അധിക്ഷേപിച്ച് ലോക്കൽ കമ്മിറ്റിയംഗം: പരുമലയിൽ ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ സിപിഐ(എം) വിടാനൊരുങ്ങുന്നു

പരുമല: സിപിഐ(എം) ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ദലിത് അധിക്ഷേപത്തിൽ മനം നൊന്ത് പരുമലയിലെ ദലിത് കുടുംബങ്ങൾ പാർട്ടി വിടാനൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, തിരുവല്ല ഏരിയാ സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയിൽ ലോക്കൽ കമ്മിറ്റിയംഗത്തിന്റെ രൂക്ഷമായ വംശീയ അധിക്ഷേപത്തിൽ മനംമടുത്താണ് തങ്ങൾ പാർട്ടി വിടാൻ പോകുന്നതെന്ന് പറയുന്നു.

പരുമല ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള ഉഴത്തിൽ ബ്രാഞ്ച് കമ്മറ്റിയംഗം കെ.എ. രാജേഷ്‌കുമാറും കുടുംബവുമാണ് പരാതിക്കാർ. പരുമലയിലെ മൂൻലോക്കൽ കമ്മറ്റി സെക്രട്ടറിയും ഇപ്പോഴത്തെ അംഗവുമായ മധുസൂദനൻ പിള്ളയ്ക്ക് എതിരേയാണ് തികച്ചും വൈകാരികമായ രീതിയിൽ പരാതി നൽകിയിരിക്കുന്നത്.

മാന്നാറിൽ വച്ച് തന്റെ സഹോദരപുത്രനായ ശ്യാം അടക്കമുള്ളവർ നിന്ന വേദിയിൽ വച്ച് കണിച്ചേരിയിലെ ഈ പുലയനെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ എന്താടാ യോഗ്യത, ഈ പുലയന് എന്തു കുടുംബപാരമ്പര്യമാണ് ഉള്ളതെന്ന് പരസ്യമായി ചോദിച്ചുവെന്ന് പരാതിയിലുണ്ട്. കടപ്ര പഞ്ചായത്ത് എട്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാജേഷിന്റെ പേരും പരിഗണിച്ചിരുന്നു. പാർട്ടി തീരുമാനപ്രകാരം ലോക്കൽ കമ്മറ്റിയംഗമായ അനിയൻ ജോർജ് തോമസ് ആണ് ഇവിടെ മൽസരിച്ചത്. ഇദ്ദേഹം വിജയിക്കുകയും ചെയ്തു. ഈ സ്ഥാനാർത്ഥിക്ക് വേണ്ടി താനും തന്റെ കുടുംബവും ആത്മാർഥമായി പ്രയത്‌നിച്ചുവെന്നും രാജേഷ് പറയുന്നു. രാജേഷിന്റെ പരാതി ഇങ്ങനെ തുടരുന്നു.

എന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ കാലം മുതൽ അതിന്റെ പ്രവർത്തകരാണ്. സംഘടനാ ജീവിതത്തിൽ വളരെയധികം കേസുകളിൽ പാർട്ടിക്കു വേണ്ടി പ്രതിയായിട്ടുണ്ട്. അത് എന്റെ ഭാവിയെപ്പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്റെ കുടുംബപാരമ്പര്യം ചോദ്യം ചെയ്ത മധുസൂദനൻ പിള്ള പരുമലയിലെ പലരേയും ജാതി പറഞ്ഞാക്ഷേപിക്കുകയും പട്ടികജാതിക്കാരെ പലരീതിയിലും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി സഖാക്കളായ പട്ടികജാതിക്കാരോട് സംസാരിക്കാനോ കമ്മറ്റികളിൽ അടുത്തിരിക്കാനോ പോലും ഇദ്ദേഹം തയാറല്ല. പട്ടികജാതിയിൽപ്പെട്ട ഒരാൾ ലോക്കൽ കമ്മറ്റി അംഗമായപ്പോൾ രാജിവച്ചയാളാണ് മധുസൂദനൻ പിള്ള. ആദ്യം ഇദ്ദേഹം കേരളാ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഇപ്പോൾ ബിജെപി-ആർ.എസ്.എസ് പ്രവർത്തകർക്ക് രഹസ്യങ്ങൾ ചോർത്തി നൽകുന്നത് ഇദ്ദേഹമാണ്.

മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ പാർട്ടിയിലെ ചിലരും പുറമേ നിന്നുള്ള ക്വട്ടേഷൻ സംഘവും ചേർന്നാണ് പരുമലയിൽ പാർട്ടി ഭരിക്കുന്നത്. ഇവരെ എതിർക്കാൻ പാർട്ടിക്കാർക്ക് പോലും ഭയമാണ്. ഇദ്ദേഹത്തിന്റെ മാന്നാറിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ ഗ്രൂപ്പും വിഭാഗീയതയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും വളർത്തുന്നത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച, പണം പലിശയ്ക്ക് കൊടുക്കുന്ന പമ്പ സൊസൈറ്റി എന്ന സ്ഥാപനത്തിലെ അംഗവും മുൻപ്രസിഡന്റും രക്ഷാധികാരിയുമാണ് ഇദ്ദേഹം. ഇങ്ങനെ വർഗീയവാദിയായ ഒരാളെ നേതാവായി അംഗീകരിച്ചു കൊണ്ട് തനിക്കും കുടുംബത്തിനും തന്റെ സമുദായത്തിലുള്ള സഖാക്കൾക്കും പാർട്ടിയിൽ തുടരുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പരാതി പാർട്ടിക്ക് നൽകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് അന്വേഷണം നടത്തി അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം വളരെ വേദനയോടെ പാർട്ടി വിടേണ്ടി വരും.

രാജേഷ് കുമാറിനെ കൂടാതെ 80 പേർ ഈ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. കിഴക്കിന്റെ വയലാർ എന്ന് അറിയപ്പെടുന്ന സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാണ് പരുമല. ഔദ്യോഗിക വിഭാഗവും എതിർ വിഭാഗവും തമ്മിൽ കടുത്ത ചേരിപ്പോരാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ലോക്കൽ സമ്മേളവുമായി ബന്ധപ്പെട്ട് ഉണ്ടായ കടുത്ത വിഭാഗീയത പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുകയും ഇരു പക്ഷത്തേയും ഉൾക്കൊള്ളിച്ച് പുതിയ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാൽ, സമുദായത്തിന്റെ പേര് പറഞ്ഞ് പ്രവർത്തകർ രണ്ടു തട്ടിലായതോടെ ഇവിടെ വീണ്ടും കുഴപ്പം തലപൊക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ലോക്കൽ കമ്മറ്റിയംഗമായ പഞ്ചായത്ത് മെമ്പർ പാവപ്പെട്ടവർക്കുള്ള ആനുകൂല്യം അർഹതയില്ലാത്തവർക്ക് നൽകുന്നുവെന്നാണ് ആരോപണം. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് പരുമലയുടെ ചുമതലയുള്ള ഒരു ജില്ലാ നേതാവ് ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് പരാതി.

ഒരു വിഭാഗത്തിന്റെ യോഗം നടക്കുന്നത് ഇദ്ദേഹത്തിന്റെ ബിനാമിയായി പ്രവർത്തിക്കുന്ന വ്യക്തിയുടെ പണമിടപാട് സ്ഥാപനത്തിലാണ്. ഈ വ്യക്തിയെ മുൻനിർത്തിയാണ് പരുമലയിൽ വിഭാഗീയത അരങ്ങേറുന്നതെന്നും പറയുന്നു. ഈ പരാതി പാർട്ടി ഗൗരവമായി കാണാത്ത സാഹചര്യത്തിലാണ് എഴുപതോളം പേർ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP