Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടിമുറിക്കൽ നാടകം പൊളിഞ്ഞ ക്ഷീണം തീർക്കാൻ സെൽവരാജ് തന്നെ രംഗത്ത്; സതികുമാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന ആവശ്യം ശക്തം; പൊലീസിനെ തള്ളിപ്പറഞ്ഞ് നേതാക്കൾ

മുടിമുറിക്കൽ നാടകം പൊളിഞ്ഞ ക്ഷീണം തീർക്കാൻ സെൽവരാജ് തന്നെ രംഗത്ത്; സതികുമാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന ആവശ്യം ശക്തം; പൊലീസിനെ തള്ളിപ്പറഞ്ഞ് നേതാക്കൾ

നെയ്യാറ്റിൻകര : മഹിളാ കോൺഗ്രസ് പ്രവർത്തകയും പെരുങ്കടവിള കൊല്ലയിൽ ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന അമരവിള സതികുമാരിയുടെ മുടിമുറിച്ച സംഭവത്തിൽ വാദപ്രതിവാദങ്ങൾ തുടരുന്നു. സംഭവം നിസാരവത്കരിക്കാനാണ് സിപിഎമ്മും പൊലീസും ശ്രമിക്കുന്നതെന്ന് മുടിമുറിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രൂപീകരിച്ച കർമ്മസമിതിയുടെ ഭാരവാഹികൾ ആരോപിച്ചു.

ഇടതുഭാഗത്തെ മുടി സ്വന്തം നിലയിൽ മുറിച്ചു മാറ്റിയെന്നും മുറിച്ചുമാറ്റിയ മുടിയുടെ അവശിഷ്ടം സംഭവസ്ഥലത്ത് കണ്ടില്ലെന്നും ആരോപിച്ചാണ് സംഭവത്തെ നിസാരവത്കരിക്കാൻ ശ്രമിക്കുന്നതത്രേ. അക്രമികൾ മുറിച്ച മുടി സതികുമാരി പൊലീസിന് കൈമാറിയിട്ടുണ്ട്. താൻ കോൺഗ്രസ് ചേരിയിലേക്ക് പോയതാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് ആർ. സെൽവരാജ് എംഎ‍ൽഎയും ആരോപിച്ചു. സതികുമാരിയുടെ മുടി മുറിക്കാനെത്തിയവരിലൊരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരാളിന്റെ പേര് വിളിച്ചു പറഞ്ഞത് സതികുമാരിയുടെ മൊഴിയിലുണ്ട്. എന്നാൽ അവയെല്ലാം മറച്ചുവച്ചാണ് സിപിഐ(എം) ആരോപണമുന്നയിക്കുന്നതെന്ന് എംഎ‍ൽഎ പറഞ്ഞു. സംഭവത്തിൽ സിപിഎമ്മുകാരെ സഹായിക്കാനാണ് പൊലീസും ശ്രമിക്കുന്നതെന്ന് എംഎ‍ൽഎ ആരോപിച്ചു.

അതേസമയം സതികുമാരിയെയും ആർ. സെൽവരാജ് എംഎ‍ൽഎയെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പൊലീസ് തയ്യാറാവണമെന്ന് സിപിഐ(എം) നെയ്യാറ്റിൻകര ഏരിയാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട യു.ഡി.എഫിന്റെ ഒത്താശയോടെ നെയ്യാറ്റിൻകര എംഎ‍ൽഎയടക്കമുള്ളവർ നടത്തിയ നാടകമാണ് സതികുമാരിയുടെ മുടിമുറിക്കൽ. എംഎ‍ൽഎയുടെ വീട്ടിലെ പൊലീസ് എയ്ഡ് പോസ്റ്റ് തീ വച്ച് നശിപ്പിച്ച സംഭവത്തിലും എംഎ‍ൽഎയ്ക്ക് പങ്കുള്ളതായും സിപിഐ(എം) നേതൃത്വം ആരോപിച്ചു.

പൊലീസിന്റെ ശാസ്ത്രീയപരിശോധനയിൽ സംഭവം നടന്നതായി പറയുന്ന സ്ഥലത്തുനിന്ന് തലമുടിയുടെ അംശംപോലും കിട്ടിയില്ല. മാത്രവുമല്ല ഇവർ കുറ്റം ആരോപിക്കുന്ന പ്രതികളെന്ന് പറയുന്നവർ സംഭവസമയം ആ പ്രദേശത്തുപോലുമില്ലായിരുന്നുവെന്ന് ഇവരുടെ മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ, സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്തുന്ന സെൽവരാജിനെയും സതികുമാരിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമ ബന്ധപ്പെട്ടവർക്കുണ്ട്. പാഞ്ചിക്കടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാടാകെ ഉമ്മൻ ചാണ്ടിയുടെയുംസെൽവരാജിന്റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സെൽവരാജ്തന്നെ തന്റെ കൂട്ടാളികളെക്കൊണ്ട് ഒറ്റരാത്രിയിൽ നശിപ്പിച്ചു.

പ്രതികളുടെ ചിത്രം പഴയകടയിലെ മെർക്കന്റൈൽ ബാങ്കിന്റെ സിസിടിവി ക്യാമറയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ കുറ്റം സിപിഐ എമ്മിനുമേൽ ബോധപൂർവം സെൽവരാജ് ആരോപിക്കുകയാണ്. അതുപോലെ, സെൽവരാജിന്റെ വീടിനടുത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസിന്റെ വിശ്രമപ്പുര കഴിഞ്ഞനാളിൽ തീകത്തിയിരുന്നു. ഇതിനുപിന്നിൽ സെൽവരാജിന്റെ കൂട്ടാളികൂടിയായ ഗൺമാനാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സെൽവരാജിന്റെ മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഈ ജാള്യം മറയ്ക്കാനായി മെനഞ്ഞെടുത്ത കഥയാണ് മുടിമുറിക്കലും ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കലും ഷെഡ് തീവയ്ക്കലുമെന്ന് സിപിഐ(എം) പറയുന്നു.

അതിനിടെ വനിതാ സ്ഥാനാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും ശ്രമിച്ച കെപിസിസി അധ്യക്ഷൻ മാപ്പ് പറയണമെന്ന് പി.ബി അംഗം പിണറായി വിജയൻ ആവശ്യപ്പെട്ടു. പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഐ(എം) ആക്രമിച്ചു, അവരുടെ മുടി മുറിച്ചു, പ്രതികളെ സിപിഐ(എം) അന്വേഷിച്ചു കണ്ടെത്തണം എന്നിങ്ങനെ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും സുധീരൻ ചെയ്തിരുന്നു. കോൺഗ്രസിന്റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്‌കാരിക നായകർ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത്തരം കഥകളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന പഴയ കോൺഗ്രസ് മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടക്കാൻ സുധീരന് കഴിയാത്തത് ഖേദകരമാണെന്നും പിണറായി ഫേസ്‌ബുക്കിലെ കുറിപ്പിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP