Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ

വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് സരിതയുടെ അറിവോടെ? അഭിഭാഷകനെതിരെയുള്ള പരാതിയും ഗൂഢാലോചനയുടെ ഭാഗം: സരിതയുടെ നീക്കത്തിൽ ഭയന്ന് ചങ്കിടിപ്പോടെ നേതാക്കൾ

രിതാഭയം ഒഴിയാതെ പിന്തുടരുകയാണ് കേരളത്തിലെ പ്രമുഖരായ പല നേതാക്കളെയും. ഒരു വശത്ത് വിവാദം ഒഴിയാത്തതിന്റെ തലവേദനയിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും. മറുവശത്ത് സരിതയുടെ തണലിൽ പെട്ട് പോയ നേതാക്കളുടെ ചങ്കിടിപ്പും. ഇവരെല്ലാം ഒരുപോലെ ഭയക്കുന്നത് സൂത്രശാലിയായ സരിതയുടെ അടുത്ത നീക്കം എന്തെന്നോർത്താണ്. വാട്‌സ് ആപ് ദൃശ്യം പുറത്ത് വിട്ടതടക്കമുള്ള കാര്യങ്ങൾ സരിതയുടെ അറിവോടെയാണ് എന്നാണ് ഇവരൊക്കെ വിശ്വസിക്കുന്നത്. മാദ്ധ്യമ ശ്രദ്ധയിൽ നിന്നും ഇടക്കാലത്ത് പിറകോട്ട് പോയത് മാത്രമല്ല മുൻപ് ഉറപ്പിച്ച പല ഇടപാടുകളും വേണ്ട രീതിയിൽ മുന്നേറാത്തതും പുതിയ നീക്കത്തിന് കാരണമായെന്നാണ് ഇവരുടെ വിലയിരുത്തൽ.

22 പേജുള്ള തന്റെ മൊഴി അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മുക്കിയെന്നും അതിന്റെ പേരിൽ ശേഖരിച്ച പണം തനിക്ക് ലഭിച്ചില്ലെന്നും കാണിച്ച് സരിത നൽകിയ പരാതിയിലെ ദുസൂചനയാണ് ഇവരെ ഉറക്കം കെടുത്തുന്ന പ്രധാന ആയുധം. ഇങ്ങനെ ഒരു കത്ത് ഉണ്ടായിരുന്നു എന്നും അത് സമ്മർദ്ദത്തിന് വഴങ്ങി പിൻവലിച്ചു എന്നും വരുത്തി തീർക്കാനുള്ള ശ്രമം ആണ് ഇതിന്റെ പിന്നിൽ എന്ന് സരിത വലയത്തിൽ പെട്ട് പോയ പ്രമുഖരെല്ലാം ഒരുപോലെ ഭയക്കുന്നു.

തലസ്ഥാനത്തുനിന്നും മദ്ധ്യതിരുവിതാംകൂറിൽ നിന്നുമുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, സരിത ലീക്ക്സിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യം കൂടി ഉണ്ടെന്നുള്ളതാണ്. സോളാർ തട്ടിപ്പിന്റെ സൂത്രധാരൻ ബിജു രാധാകൃഷ്ണന്റെ കൂട്ടാളിയും വിവാദനായികയുമായ സരിത എസ് നായരുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ ആറ് വീഡിയോ ക്ലിപ്പുകൾ വാട്ട്സ്ആപ്പ് വഴി കേരളമെങ്ങും പ്രചരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് തന്റെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെതിരെ പണം തട്ടിച്ചെന്ന ആരോപണവുമായി സരിത രംഗത്തെത്തിയത് എന്നതാണ് ഈ സംശയം ജനിപ്പിക്കുന്നത്.

റിമാൻഡ് തടവിൽ കഴിയവെ ജയിലിൽ വച്ച് എഴുതിത്തയ്യാറാക്കി നൽകിയ 22 പേജ് ദൈർഘ്യമുള്ള മൊഴി പുറത്തുവിടാതെ, അതുപയോഗിച്ചു ഫെനി ബാലകൃഷ്ണൻ പണം തട്ടിയെന്നാണു സരിതയുടെ പരാതി. പുറത്തിറങ്ങിയ അഭിഭാഷകൻ 22 പേജുള്ള പരാതിയെക്കുറിച്ച് ദൃശ്യമാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നെങ്കിലും ഒടുവിൽ കോടതിയിലെത്തിയ കേവലം നാലുപേജുള്ള പരാതിയായിരുന്നു. അഭിഭാഷകന്റെ പ്രവർത്തിദോഷത്തെ കുറിച്ച് ബാർ കൗൺസിലിനാണ് സരിത പരാതി സമർപ്പിച്ചത്. ഈ മൊഴിയുടെ വെളിച്ചത്തിൽ ആര് എന്തിന് പണം നൽകി എന്ന ചോദ്യം സജീവമാകാൻ സരിതയുടെ ഈ പരാതി ഇടയാക്കും. സരിത ലീക്ക്സ് ആവട്ടെ, വളരെ സെലക്റ്റീവായ ലീക്ക്സ് ആണെന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു. സരിതയ്ക്കൊപ്പം ദൃശ്യങ്ങളിലുള്ള മറ്റു വ്യക്തികളെ കാട്ടാതെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അത് ഇവർക്കുള്ള മുന്നറിയിപ്പാണെന്നും കൂടുതൽ പണം പിടുങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരുതുന്നു. അതായത്, ഒരു വശത്ത് വീഡിയോ ലീക്ക്സ് വഴി വീണ്ടും പണമുണ്ടാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. മറുവശത്താവട്ടെ, ഈ ഇടപാടിൽ നടന്നിട്ടുള്ള പണമിടപാടുകളെക്കുറിച്ച് പൊതുസമൂഹത്തിനു വീണ്ടും തുറന്ന സൂചനകൾ നൽകിക്കൊണ്ട് സോളാർ കേസ് പുനരന്വേഷണത്തിലേക്കു നയിക്കാനാവുമോ എന്ന പരീക്ഷണം നടക്കുന്നു.

സോളാർ തട്ടിപ്പുകേസിൽ സരിതയുടെ പേരിൽ ചാർജ്ജ് ചെയ്ത മിക്ക കേസുകളിലും പരാതിക്കാർ കോടതിക്കു പുറത്തുവച്ച് പരാതി ഒത്തുതീർപ്പാക്കി കേസിൽ നിന്നു പിൻവലിഞ്ഞിരുന്നു. ഇതിനുള്ള പണം ആരു നൽകി എന്നത് അജ്ഞാതമാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ മദ്ധ്യകേരളത്തിലെ ഒരു എ ഗ്രൂപ്പ് എംഎൽഎയുടെയും ഒരു മന്ത്രിയുടെയും നേതൃത്വത്തിലാണ് ഈ ഒത്തുതീർപ്പുകളുണ്ടായത് എന്നാണ് ഒരു വാദം. അതേക്കുറിച്ചുള്ള വിവാദം കെട്ടടങ്ങിയിരിക്കെ വീണ്ടും ഈ പ്രശ്നം പൊടിതട്ടിയെടുക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള നീക്കമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബാർ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഏതുവിധേനയും ഉമ്മൻ ചാണ്ടിയെ അധികാരഭ്രഷ്ടനാക്കാൻ ബാർ ഉടമകൾ ശ്രമിച്ചേക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു നീക്കത്തിന് മദ്യലോബി പണം മുടക്കിയിരിക്കാം എന്നൊരു സിദ്ധാന്തം ചില പത്രപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമാക്കി സോളാർ തട്ടിപ്പ് പൊതുജനമധ്യത്തിൽ അവതരിപ്പിച്ച ലോബി തന്നെയാണ്, ഈ വിഷയം സജീവമാക്കുന്നതെന്ന് സർക്കാരിനു വിവരം ലഭിച്ചതായി ഇന്നത്തെ മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സരിത ലീക്ക്സിന് ഒരാഴ്ച മുമ്പുതന്നെ, സോളാർ കേസുമായി ബന്ധപ്പെട്ട് സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കുന്ന തെളിവുകൾ പുറത്തുവരുമെന്ന അഭ്യൂഹം സജീവമായിരുന്നു. എറണാകുളത്ത് ചേർന്ന ബാറുടമകളുടെ ഒരു യോഗത്തിനു ശേഷമാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഒരു യുഡിഎഫ് ഉന്നതനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നതായാണ് സൂചന. കൂടുതൽ കുഴപ്പം പിടിച്ച ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ചിലരെ മെരുക്കാനുള്ള തന്ത്രമാണിതെന്ന് കരുതപ്പെടുന്നു.

അതേ സമയം സരിതയുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ പുറത്തായതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാതെയിരിക്കാൻ ഇടതുമുന്നണി ജാഗ്രത കാട്ടുന്നു. ശതകോടികളുടെ അഴിമതിക്കു കളമൊരുങ്ങിയ ഘട്ടത്തിലാണ് സോളാർ തട്ടിപ്പു പുറത്തുവരുന്നത്. സർക്കാരിന് ഈ തട്ടിപ്പിലൂടെ പണമൊന്നും നഷ്ടമായിട്ടില്ല എന്നാണ് വാദമെങ്കിലും പ്രത്യേക നിയമനിർമ്മാണത്തിലൂടെ 2000 ചതുരശ്രഅടിക്കു മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിൽ സോളാർ പാനൽ നിർബന്ധമാക്കിക്കൊണ്ട് തത്പരകക്ഷികൾക്ക് വൻലാഭം കൊയ്യാനുള്ള അവസരം ഒരുക്കാനാണ് നീക്കം നടന്നിരുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. ഇത്തരമൊരു കേസിനെ ലൈംഗിക വശീകരണ കേസ് ആക്കി ഒതുക്കാനുള്ള ശ്രമത്തിന് തങ്ങളായി ചൂട്ടുപിടിക്കേണ്ടെന്ന ഭാവമാണ് ഇടതുമുന്നണിക്കുള്ളത്. യുഡിഎഫിനുള്ളിലെ വിഴുപ്പലക്കലിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ള അശ്ലീല ചിത്രങ്ങളുടെ പേരിൽ വിവാദം മൂർച്ഛിപ്പിക്കുന്നത്, തങ്ങളുടെ പ്രചാരണത്തിനു ദോഷം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് അവരുടെ മൗനം. അതിനൊപ്പം നിയമനനിരോധനം പോലെ ഒരു രാഷ്ട്രീയ കാരണത്തിനു പുറത്ത് ഇടതുയുവജനസംഘനടകൾ സമരം തുടങ്ങിയ പശ്ചാത്തലത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ശ്രദ്ധ കൊടുക്കാത്തതുമാവാം. ഈ സമരം ഇന്നലെ വൈകി ഒത്തുതീർപ്പായിരുന്നു. എന്നാൽ സിപിഐ(എം) വലിയ തോതിൽ തന്നെ മാലിന്യ നിർമ്മാർജ്ജന യത്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണിപ്പോൾ. സരിതയുടെ ശരീരവടിവു വർണ്ണിക്കാൻ തങ്ങൾക്ക് സമയമില്ലെന്നാണ് ചില ഇടതുയുവനേതാക്കൾ അടക്കം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP