Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബേഡകത്ത് ഒഞ്ചിയം മോഡൽ സമാന്തര പ്രവർത്തനം നടത്തിയ പാർട്ടി നേതാക്കൾക്കെതിരെ സിപിഐ(എം) അച്ചടക്ക നടപടി; വിമത വിഭാഗത്തിന്റെ പരാതിയിൽ ഏരിയ സെക്രട്ടറിയേയും നീക്കി

ബേഡകത്ത് ഒഞ്ചിയം മോഡൽ സമാന്തര പ്രവർത്തനം നടത്തിയ പാർട്ടി നേതാക്കൾക്കെതിരെ സിപിഐ(എം) അച്ചടക്ക നടപടി; വിമത വിഭാഗത്തിന്റെ പരാതിയിൽ ഏരിയ സെക്രട്ടറിയേയും നീക്കി

കാസർഗോഡ്: കാസർഗോഡ് ബേഡകത്ത് സിപിഐ(എം) വിമതർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ജില്ലാ കമ്മറ്റിയംഗം പി ദിവാകരനെ ജില്ലാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി. ഏരിയ കമ്മറ്റി അംഗം പി ഗോപാലൻ മാസ്റ്ററെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ബേഡകം ഏരിയ കമ്മിറ്റി അംഗം ജി രാജേഷ് ബാബുവിന് പരസ്യശാസന നൽകാനും തീരുമാനിച്ചു. മറ്റ് എട്ടുപേർക്കെതിരെയുള്ള നടപടി കീഴ്‌ഘടകങ്ങൾ തീരുമാനിക്കും.

അതേ സമയം ബേഡകം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് സി ബാലനെ നീക്കാനും സിപിഐ(എം) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതായിരുന്നു, വിമതരുടെ പ്രധാന ആവശ്യം. ബാലനു പകരം കെ ബാലകൃഷ്ണന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകും. സമാന്തര കമ്മിറ്റികൾ രൂപീകരിച്ച 26 ബ്രാഞ്ച് കമ്മിറ്റികൾക്കെതിരേയും നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ബേഡകം ഏരിയാസമ്മേളനത്തിൽ മുൻഏരിയാ സെക്രട്ടറി പി ദിവാകരൻ ഉൾപ്പെടെയുള്ള പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വെട്ടിനിരത്തപ്പെട്ടതോടെയാണ്‌ വിഭാഗീയത പാരമ്യതയിലെത്തിയത്‌. പാർട്ടിയിലെ എതിർ ചേരിയുമായുള്ള മത്സരത്തിൽ പി ദിവാകരൻ പക്ഷം പരാജയപ്പെടുകയായിരുന്നു. തങ്ങളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം വിഭാഗീയ പ്രവർത്തനം നടത്തിയെന്നും പുതിയ കമ്മിറ്റി പിരിച്ചുവിട്ട്‌ വീണ്ടും സമ്മേളനം നടത്തണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ(എം) മുൻ ഏരിയാ സെക്രട്ടറി പി ദിവാകരൻ, കുറ്റിക്കോൽ പഞ്ചായത്ത്‌ പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ പി ഗോപാലൻ മാസ്റ്റർ, കെ പി രാമചന്ദ്രൻ, എ മാധവൻ, എം ഗോപാലൻ എന്നിവർ ജില്ലാ കമ്മിറ്റിക്ക്‌ പരാതിനൽകുകയായിരുന്നു.

പാർട്ടി ഓഫീസിന്‌ മുന്നിൽ കരിങ്കൊടി ഉയർത്തിയും കരിഓയിൽ പ്രയോഗം നടത്തിയുമാണ്‌ ദിവാകരൻ പക്ഷം തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. എന്നാൽ ദിവാകരൻ വിഭാഗം പാർട്ടി നേതൃത്വത്തിനെതിരെ ഉയർത്തിയ കലാപക്കൊടി തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി മറു വിഭാഗവും നേതൃത്വത്തിന്‌ പരാതി നൽകി. ബേഡകം ഏരിയാ കമ്മിറ്റിയുടെ പരിധിയില്പെട്ട പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ ഇളകി മറിഞ്ഞതോടെ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച്‌ എം വി ബാലകൃഷ്ണൻ നമ്പ്യാർ, എം വി കോമൻ നമ്പ്യാർ, എ കെ നാരായണൻ എന്നിവരടങ്ങിയ കമ്മിറ്റിയെ അന്വേഷണ കമ്മിഷനായി ജില്ലാ കമ്മറ്റി ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇക്കഴിഞ്ഞ 19-ാം തീയതി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമതർ ബേഡകത്ത് സമാന്തര പി കൃഷ്ണപിള്ള അനുസ്മരണം നടത്തിയിരുന്നു. അച്ചടക്ക നടപടി ഉണ്ടാകുമെന്ന ജില്ലാകമ്മിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു, അനുസ്മരണം. സിപിഐ(എം) ബേഡകം ഏരിയ കമ്മിറ്റിയിയെ ഔദ്യോഗിക വിഭാഗവും വിമതവിഭാഗവും ചേരിതിരിഞ്ഞാണ് കുറ്റിക്കോലിൽ പി കൃഷ്ണപിള്ള അനുസ്മരണവും പ്രകടനവും നടത്തിയത്. വിമത വിഭാഗത്തിന്റെ പ്രകടനത്തിന് നാനൂറോളം പേർ പങ്കെടുത്തിരുന്നു.

രാവിലെ 6.30ന് അറുത്തൂട്ടിപാറ ജംക്ഷനിൽ നിന്ന് കുറ്റിക്കോൽ ടൗണിലേക്കാണ് വിമതവിഭാഗം പ്രകടനം സംഘടിപ്പിച്ചത്. അച്ചടക്കം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ കുറ്റിക്കോൽ മുൻ പഞ്ചായത്ത് അംഗം സജു അഗസ്റ്റിൻ സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. തങ്ങൾ പാർട്ടിക്ക് എതിരല്ലെന്നും എന്നാൽ ചില നേതാക്കൾക്ക് എതിരാണെന്നുമായിരുന്നു, അവരുടെ നിലപാട്.

വിമതവിഭാഗത്തിന്റെ ശക്തികേന്ദ്രമായ കുറ്റിക്കോൽ, ബന്തടുക്ക, പടുപ്പ് പ്രദേശങ്ങളിൽ നിന്ന് പ്രകടനത്തിലും സമ്മേളനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം പി. ദിവാകരൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലൻ, ബേഡകം ഏരിയാകമ്മിറ്റി അംഗം ജി. രാജേഷ് ബാബു, പടുപ്പ് മുൻ ലോക്കൽ സെക്രട്ടറി ഇ.കെ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

തുടർന്ന് ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി. രാഘവൻ പതാക ഉയർത്തി. ബേഡകം ഏരിയാ കമ്മിറ്റി സെക്രട്ടറി സി. ബാലൻ ഉൾപ്പെടെയുള്ള നേതാക്കൾ അതിൽ പങ്കെടുക്കുകയും ചെയ്തു.

കുറ്റിക്കോലിലെ നെരുദ പഠനകേന്ദ്രം, സൺഡേ തീയേറ്റർ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ്‌ പാർട്ടിയിലെ വിമത വിഭാഗത്തിണ്റ്റെ പ്രവർത്തനം സജീവമായിരിക്കുന്നത്‌. നെരുദ പഠന കേന്ദ്രം 20-ാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്‌. ഈ പരിപാടിയിൽ മേഖലയിലെ ഔദ്യോഗികപക്ഷ നേതാക്കളെ പൂർണ്ണമായും അകറ്റി നിർത്തുന്നുണ്ട്‌. പാർട്ടി തീരുമാനം നടപ്പാക്കുന്ന കലാസമിതിയായ നെരുദ പഠനം കേന്ദ്രം ഇരുപതാം വാർഷികം നടത്തുന്നത്‌ സംബന്ധിച്ച്‌ പാർട്ടി കമ്മിറ്റിയുമായി ആലോചിച്ചില്ലെന്ന്‌ ഔദ്യോഗിക വിഭാഗം കുറ്റപ്പെടുത്തി. വിമത വിഭാഗത്തിന്റെ താല്പര്യത്തിന്‌ അനുസരിച്ചാണ്‌ സൺഡേ തിയേറ്ററിന്റെ പ്രവർത്തനവും മുന്നോട്ട്‌ പോകുന്നത്‌ എന്നും ആക്ഷേപമുണ്ട്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP